മുലപ്പാൽ പ്രതിരോധശേഷി വർധിപ്പിച്ചു; കൊവിഡിൽ നിന്ന് രോ​ഗമുക്തി നേടി മൂന്നു മാസം പ്രായമുള്ള കുഞ്ഞ്

By Web TeamFirst Published Apr 27, 2020, 5:09 PM IST
Highlights

അസുഖം ഭേദമായതിന് പിന്നാലെ ശനിയും ഞായറും അമ്മയുടെയും കുഞ്ഞിന്റെയും സാംപിള്‍ പരിശോധനക്കെടുത്തു. രണ്ട് പരിശോധനയും നെ​ഗറ്റീവായതോടെ ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. 

ലഖ്നൗ: കൊറോണ വൈറസിൽ നിന്ന് മുക്തി നേടി മൂന്നുമാസം പ്രായമുള്ള കുഞ്ഞ്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുഞ്ഞ് സുഖം പ്രാപിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിലൂടെ സ്വയം പ്രതിരോധശേഷി വര്‍ധിച്ചതിനെ തുടര്‍ന്നാണ് മറ്റു മരുന്നുകളില്ലാതെ കുഞ്ഞ് സുഖം പ്രാപിച്ചതെന്ന് ബിആര്‍ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗണേഷ് കുമാര്‍ പറഞ്ഞു. 

മുപ്പതുകാരിയായ അമ്മ ഏപ്രിൽ പന്ത്രണ്ടാം തീയതിയാണ് മൂന്നുമാസം പ്രായമായ കുഞ്ഞുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ കുഞ്ഞിന് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ അമ്മയ്ക്ക് വൈറസ് ബാധിച്ചിരുന്നില്ല. ഉടൻ തന്നെ കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് മൂന്നുമാസം മാത്രം പ്രായമുള്ളതിനാൽ ആവശ്യമായ മുന്‍കരുതലുകളോടെ അമ്മയേയും ഒപ്പം നിർത്തി.

"കുഞ്ഞിൽ നിന്ന് അമ്മയ്ക്ക് വൈറസ് ബാധ ഏൽക്കാതെ നോക്കുന്നതായിരുന്നു പ്രധാനവെല്ലുവിളി. കുഞ്ഞിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചപ്പോൾ എല്ലാ മുന്‍കരുതലുകളുമെടുത്ത് അമ്മയേയും ഒപ്പം ഇരുത്തി. പനിയല്ലാതെ കുഞ്ഞിന് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു. ആദ്യം പാരസെറ്റമോള്‍ നല്‍കിയിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ സ്വയം പ്രതിരോധശേഷി വര്‍ധിച്ചതിനെ തുടര്‍ന്ന് മറ്റ് മരുന്നുകളില്ലാതെ തന്നെ കുഞ്ഞ് സുഖം പ്രാപിച്ചു," ഡോ. ഗണേഷ് കുമാര്‍ പറഞ്ഞു. 

അസുഖം ഭേദമായതിന് പിന്നാലെ ശനിയും ഞായറും അമ്മയുടെയും കുഞ്ഞിന്റെയും സാംപിള്‍ പരിശോധനക്കെടുത്തു. രണ്ട് പരിശോധനയും നെ​ഗറ്റീവായതോടെ ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേ കുറിച്ചും മുൻകരുതലുകളെ കുറിച്ചും ആശുപത്രി അധികൃതർ അവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

click me!