
ഫ്രോസണ്‍ മത്സ്യപ്പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ചൈന. ഒരാഴ്ചത്തേക്കാണ് നിലവില്‍ ഇറക്കുമതി 'സസ്‌പെന്‍ഡ്' ചെയ്തിരിക്കുന്നത്.
ചൈനയിലെ കസ്റ്റംസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള ഫ്രോസണ്‍ മത്സ്യപ്പാക്കറ്റുകളില്‍ മൂന്നെണ്ണത്തില്‍ ജീവനുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഇവര്‍ അറിയിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യയില്‍ നിന്നുള്ള ഫ്രോസണ്‍ മത്സ്യത്തിന്റെ ഇറക്കുമതിയും ചൈന സമാനമായ രീതിയില്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു. അതിനും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് മത്സ്യപ്പാക്കറ്റുകള്‍ക്ക് പുറത്ത് കൊറോണ സാന്നിധ്യം കണ്ടെത്തി എന്നത് തന്നെയായിരുന്നു. ഏഴ് ദിവസത്തെ 'സസ്‌പെന്‍ഷന്‍' കഴിഞ്ഞ് വീണ്ടും കമ്പനിയില്‍ നിന്ന് ഇറക്കുമതി തുടരുകയും ചെയ്തു.
ബ്രസീല്‍, ഇക്വഡോര്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചില കമ്പനികള്‍ക്കും ചൈനയില്‍ ഒരാഴ്ചത്തെ ഇറക്കുമതി സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാം ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകളിലെ സൂചന. ചൈനയില്‍ വ്യാപകമായ തരത്തിലാണ് ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലും കണ്ടെയ്‌നറുകളിലും കൊറോണ വൈറസ് സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടക്കുന്നതത്രേ. സെപ്തംബര്‍ വരെ മാത്രം 20 ലക്ഷത്തിലധികം സാമ്പിളുകളാണ് ചൈന ഇത്തരത്തില്‍ പരിശോധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
Also Read:- റഷ്യയുടെ കോവിഡ്-19 വാക്സീൻ 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam