കൊവിഡിന്‌ പിന്നാലെ ചൈനയിൽ ബ്യുബോണിക് പ്ലേഗ് പടർന്നു പിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Jul 6, 2020, 12:02 PM IST
Highlights

 നഗരത്തിലെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 

വടക്കന്‍ ചൈനയിലെ ബയൻനുർ നഗരത്തില്‍ മാരകമായ ബ്യുബോണിക് പ്ലേഗ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നഗരത്തിലെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ബയൻനുറില്‍ മൂന്നാം ഘട്ട മുന്നറിയിപ്പാണ്  സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് 'പീപ്പിള്‍സ് ഡെയ്ലി' റിപ്പോര്‍ട്ട് ചെയ്തു.

2020 അവസാനം വരെ മുന്നറിയിപ്പ് തുടരും. ഇപ്പോള്‍ നഗരത്തില്‍ പ്ലേഗ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ സ്വയം പ്രതിരോധം നടത്തണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. 

വടക്കന്‍ മംഗോളിയയില്‍ ജൂലൈ ഒന്നിന് രണ്ട് പേര്‍ക്ക് പ്ലേഗ് രോഗം സംശയിക്കുന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 27ഉം 17ഉം വയസുള്ള സഹോദരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 146 പേരെ ഐസൊലേറ്റ് ചെയ്തു. 

'യെര്‍സിനിയ പെസ്റ്റിസ്'  എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന മാരകമായ പകര്‍ച്ചവ്യാധിയാണിത്. അണ്ണാറക്കണ്ണന്‍ ഇനത്തില്‍പ്പെട്ട ജീവികളിലാണ് (marmots)  ഈ ബാക്ടീരിയ സാധാരണ കാണപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യരിലേക്ക് ഇതു പകരുന്നത് വളരെ അപൂര്‍വമാണ്. 

അതേസമയം മാര്‍മറ്റിന്‍റെ ഇറച്ചി കഴിച്ചതായി ഈ സഹോദരങ്ങള്‍ പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്യുബോണിക് പ്ലേഗ് ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നത്. 

Also Read: ബ്യൂബോണിക്ക് പ്ലേഗ് ആശങ്ക; വില്ലന്‍ അണ്ണാറക്കണ്ണന്‍ ...

click me!