
നാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ കഴിക്കാനുള്ള ഭക്ഷണങ്ങള്‍ ബുദ്ധിപൂര്‍വം തന്നെ തെരഞ്ഞെടുക്കണം. എല്ലാ പോഷകങ്ങളും ബാലൻസ് ചെയ്ത് ലഭിക്കുന്നതിനാണ് ഏറെയും ശ്രദ്ധയെടുക്കേണ്ടത്.
പലരും വണ്ണം കുറയ്ക്കുന്നതിനും, ശരീരസൗന്ദര്യം കൂട്ടുന്നതിനുമെല്ലാം വേണ്ടി ഡയറ്റ് പാലിക്കുമ്പോള്‍ പല ഭക്ഷണങ്ങളും ഒഴിവാക്കുകയും പലതും ഡയറ്റിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ സ്വതന്ത്രമായി ഭക്ഷണകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഡയറ്റിലേക്ക് പോകും മുമ്പ് ഡയറ്റീഷ്യനുമായോ ഫിസീഷ്യനുമായോ സംസാരിക്കുന്നതാണ് ഉചിതം.
ഇത്തരത്തില്‍ ചിലര്‍ ഡയറ്റിലേക്ക് പോകുമ്പോള്‍ ചോറൊഴിവാക്കി ചപ്പാത്തി കഴിക്കാറുണ്ട്. ഇത്തരത്താര്‍ അറിയുന്നതിന് വേണ്ടി ഏതാനും വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് റഷി ചൗധരി.
ചില അസുഖങ്ങളുള്ളവര്‍ ചോറൊഴിവാക്കി ചപ്പാത്തിയിലേക്ക് മാറുന്നത് നല്ലതല്ല എന്നാണിവര്‍ പറയുന്നത്. മാത്രമല്ല- പഴയതുപോലെയല്ല ഇന്ന് ലഭിക്കുന്ന ഗോതമ്പ്. അതിന് ഗുണമേന്മയും പോഷകവും കുറവാണെന്നും ഇവര്‍ പറയുന്നു. പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം), എൻഡോമെട്രിയോസിസ്, ഐബിഎസ് (ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം), എസ്ഐബിഓ (സ്മോള്‍ ഇൻഡസ്റ്റൈനല്‍ ബാക്ടീരിയല്‍ ഓവര്‍ ഗ്രോത്ത് ), ഇൻസുലിൻ സെൻസിറ്റിവിറ്റി (ഷുഗര്‍ നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോര്‍മോണിനോട് ശരീരത്തിന് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥ. ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു) എന്നിങ്ങനെയുള്ള അസുഖങ്ങളോ ആരോഗ്യാവസ്ഥകളോ ഉള്ളവരാണ് ചോറിന് പകരം ചപ്പാത്തിയാക്കേണ്ടതില്ലെന്ന് റഷി ചൗധരി വ്യക്തമാക്കുന്നത്.
ഇനി ചോറ് തന്നെ വൈറ്റ് റൈസാണ് ഈ വിഭാഗക്കാര്‍ കഴിക്കാൻ തെരഞ്ഞെടുക്കേണ്ടതെന്നും ഇവര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ ചോറിന്‍റെ അളവും കൂടെ കഴിക്കുന്ന മറ്റ് കറികളും എത്രമാത്രം പ്രാധാന്യമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
മിതമായ അളവിലായിരിക്കണം ചോറെടുക്കേണ്ടത്. ഇതിന്‍റെ കൂടെ പ്രോട്ടീൻ ലഭ്യമാകാനുള്ള വിഭവങ്ങള്‍, പച്ചക്കറികള്‍ എന്നിവ നിര്‍ബന്ധമായും കഴിക്കണം. പൊതുവെ വൈറ്റ് റൈസ് അനാരോഗ്യകരമാണെന്നാണ് ആളുകള്‍ ചിന്തിക്കുന്നതെന്നും ഇങ്ങനെയൊരു ഭയം ഇത് കഴിക്കുമ്പോള്‍ വേണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Also Read:- 'സ്വയം പീഡിപ്പിക്കണമെങ്കില്‍ ഈ ഭക്ഷണം കഴിച്ചാല്‍ മതി'; ചൈനയിലെ പുതിയ ട്രെൻഡ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam