
ക്യാൻസര്‍ രോഗം നമുക്കറിയാം, സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയെടുക്കാൻ ഇന്ന് സൗകര്യങ്ങളുണ്ട്. സാമ്പത്തികം ഒരു പ്രശ്നം തന്നെയാണെങ്കിലും ചികിത്സയ്ക്കുള്ള സാധ്യത ഉണ്ടാകലാണ് ഏറ്റവുമാദ്യം വേണ്ടത്.
പക്ഷേ പല കേസുകളിലും വൈകി മാത്രം രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതോടെ ചികിത്സയ്ക്കുള്ള സാധ്യത ചുരുങ്ങിവരുന്നു. ചികിത്സയുടെ ഫലവും കുറയുന്നു.
ക്യാൻസര്‍ രോഗത്തിന്‍റെ കാര്യത്തിലും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ആകെ വന്നിട്ടുള്ള മാറ്റങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. ക്യാൻസര്‍ ബാധിതരുടെ എണ്ണം, മരണനിരക്ക്, യുവാക്കളെ ബാധിക്കുന്നതിന്‍റെ തോത് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ പോസിറ്റീവായതും നെഗറ്റീവായതുമായ മാറ്റങ്ങളുണ്ട്.
പക്ഷേ നെഗറ്റീവായ ഒരു മാറ്റത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'ആനല്‍സ് ഓഫ് ഓങ്കോളജി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നിലവില്‍ ചെറുപ്പക്കാരില്‍ മലാശയ ക്യാൻസര്‍ വ്യാപകമാകുന്നു എന്നാണ് ഈ പഠനം പറയുന്നത്. മലാശയം, മലദ്വാരം എന്നിവിടങ്ങളെയെല്ലാം ബാധിക്കുന്ന ക്യാൻസറാണിത്. ഏറെ ശ്രദ്ധയും ജാഗ്രതയും എത്തേണ്ടൊരു വിഷയം. 25-49 വയസിലുള്ളവര്‍ക്കിടയില്‍ മലാശയ അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പേടിപ്പെടുത്തുംവിധം കൂടിവരികയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് തന്നെ ഏറ്റവുമധികം ക്യാൻസര്‍ മരണങ്ങള്‍ സംഭവിക്കുന്നതില്‍ രണ്ടാമതായി വരുന്ന കാരണം മലാശയ അര്‍ബുദം ആണ്. അത്രമാത്രം പ്രധാനമാണിത്. ഇതില്‍ തന്നെ ചെറുപ്പക്കാരില്‍ കേസുകള്‍ കൂടുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
യുകെയിലാണത്രേ ചയുവാക്കള്‍ക്കിടയില്‍ ഏറ്റവുമധികമായി മലാശയ ക്യാൻസര്‍ കണ്ടുവരുന്നത്. അമിതവണ്ണം, മദ്യപാനം എന്നീ രണ്ട് കാരണങ്ങളാണ് യുവാക്കള്‍ക്കിടയില്‍ മലാശയ ക്യാൻസര്‍ കൂടുന്നതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ പ്രമേഹം, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള കാര്യങ്ങളും സ്വാധീനഘടകങ്ങളാകുന്നുണ്ടത്രേ.
യുവാക്കള്‍ ജീവിതരീതികള്‍ മെച്ചപ്പെടുത്തേണ്ടതിന്‍റെയും ആരോഗ്യകരമാക്കി ക്രമീകരിക്കേണ്ടതിന്‍റെയും ആവശ്യകതയാണ് പഠനം ഓര്‍മ്മപ്പെടുത്തുന്നത്. മോശം ജീവിതരീതികള്‍ മലാശയ അര്‍ബുദം എന്ന് മാത്രമല്ല പല രോഗങ്ങളെയും ക്ഷണിച്ചുവരുത്താം.
Also Read:- ശരീരത്തില്‍ അപകടകരമായ രീതിയില്‍ പൊട്ടാസ്യം താഴ്ന്നാല്‍ എന്ത് സംഭവിക്കും!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam