
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ, പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പുവരുത്തണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജലക്ഷാമമുള്ള ഏരിയകളിൽ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാധ്യതയുള്ളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം.
ഡെങ്കിപ്പനി ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവൻവരെ നഷ്ടമാകുകയും ചെയ്യാം.
ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ നിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ പ്രകടമാകുന്നു.
വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുക. വേനൽമഴ തുടങ്ങിയതിനാൽ വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായിക്കിടക്കുന്ന കുപ്പി, പാട്ട, ചിരട്ട, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം കൂടുതലാണ്. അത് കൊണ്ട് തന്നെ അവ ഇല്ലാതാക്കുക. കൃത്യമായ ശ്രദ്ധയുണ്ടെങ്കിൽ ഡെങ്കിപ്പനി രോഗവ്യാപനം തടയാൻ സാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.
മഞ്ഞപ്പിത്തം പടരുന്നു ; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam