Condom Use| 'കോണ്ടം' അലര്‍ജിയുണ്ടാക്കുമോ? അറിയേണ്ട ചിലത്...

By Web TeamFirst Published Nov 20, 2021, 11:13 PM IST
Highlights

കോണ്ടം ഉപയോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നൊരു സംശയമാണ് ഇത് അലര്‍ജിക്ക് കാരണമാകുമോയെന്നത്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?
 

ഇന്ന് ലഭ്യമായിട്ടുള്ളതില്‍ വച്ചേറ്റവും സാധാരണമായിട്ടുള്ള ഗര്‍ഭനിരോധന മാര്‍ഗമാണ് ( Birth Control ) കോണ്ടം. ചെലവിന്റെ കാര്യവും, ഉപയോഗിക്കുന്ന രീതിയും, ലഭ്യതയുമെല്ലാം സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഗര്‍ഭനിരോധന മാര്‍ഗമായി കോണ്ടത്തെ മാറ്റുന്നു (Using Condom ). 

എന്നാല്‍ കോണ്ടത്തെ ചുറ്റിപ്പറ്റിയും സംശയങ്ങളും ആശങ്കകളും വച്ചുപുലര്‍ത്തുന്നവരുണ്ട്. പലപ്പോഴും ഇത്തരം സംശയങ്ങള്‍ ആരോഗ്യവിദഗ്ധരോട് പോലും തുറന്നുപറയാനും പരിഹാരം തേടാനും അധികപേരും ശ്രമിക്കാറില്ലെന്നതും വസ്തുതയുമാണ്. 

അത്തരത്തില്‍ കോണ്ടം ഉപയോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നൊരു സംശയമാണ് ഇത് അലര്‍ജിക്ക് കാരണമാകുമോയെന്നത്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? ഇത്രയധികം പേര്‍ ഉപയോഗിക്കുന്ന വളരെ അടിസ്ഥാനപരമായ ഒരുത്പന്നമായിട്ടും ഇങ്ങനെയൊരു 'സൈഡ് എഫക്ട്' ഇതിനുണ്ടാകാന്‍ തരമുണ്ടോ? 

എങ്കില്‍ കേട്ടോളൂ, ചിലരിലെങ്കിലും കോണ്ടം അലര്‍ജിക്ക് കാരണമാകാറുണ്ട്. ഇത് പുരുഷന്മാരില്‍ തന്നെയാകാം. അല്ലെങ്കില്‍ പങ്കാളിയായ സ്ത്രീയിലും ആകാം. കോണ്ടം നിര്‍മ്മിക്കാനുപയോഗിക്കുന്ന റബര്‍, 'ലാറ്റെക്‌സ്' എന്നാണിതിനെ വിളിക്കുന്നത്, ചിലരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. 

ചര്‍മ്മത്തില്‍ ചൊറിഞ്ഞ് തടിച്ചുപോകുന്നത് പോലെയുള്ള പ്രശ്‌നം, ചുവന്ന തടിപ്പ് തുടങ്ങി ജലദോഷം വരെ ഈ അലര്‍ജിയുടെ ഭാഗമായി ഉണ്ടാകാം. ഗൗരവമേറിയ അലര്‍ജിയാണെങ്കില്‍ അത് ബിപിയില്‍ (രക്തസമ്മര്‍ദ്ദം) വ്യത്യാസം വരുത്തുക വരെ ചെയ്യാം. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തപ്പെട്ടാല്‍ മറ്റ് പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കോണ്ടം ഉപയോഗിക്കാം. 'പോളിയുറീത്തീന്‍' ( Polyurethene), 'ലാമ്പ്‌സ്‌കിന്‍ കോണ്ടം' ( Lambskin Condom) എന്നിങ്ങനെയുള്ളവ ആശ്രയിക്കാവുന്നതാണ്. 

നേരത്തേ സൂചിപ്പിച്ചത് പോലെ ഇത്തരം പ്രശ്‌നങ്ങള്‍ ( അലര്‍ജി മൂലമുണ്ടാകുന്നത് ) പുരുഷന്മാരിലും അതുപോലെ തന്നെ സ്ത്രീകളിലും കാണാവുന്നതാണ്. എന്നാല്‍ ഈ രീതിയില്‍ കോണ്ടം ഉപയോഗത്തെ തുടര്‍ന്ന് അലര്‍ജിയുണ്ടാവുന്നു എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അല്ലാത്തപക്ഷം മനശാസ്ത്രപരമായ പ്രശ്‌നങ്ങളാകാം കോണ്ടം ഉപയോഗം മൂലമുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നത്. 

കോണ്ടം സുരക്ഷിതമല്ലെന്ന ആശങ്ക പലപ്പോഴും മനശാസ്ത്രപരമായി ലൈംഗികതയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഗര്‍ഭധാരണം ഉണ്ടാകുമോയെന്നതാണ് സാധാരണഗതിയില്‍ ഉയരുന്ന ആശങ്ക. ഇത് മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ മറികടക്കാവുന്നതേയുള്ളൂ. അതുപോലെ കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികതയുടെ ആസ്വാദ്യത കെടുത്തുന്നതായി ഉറച്ചുവിശ്വസിക്കുന്നവരുമുണ്ട്. ഇതും വലിയൊരു പരിധി വരെ മനശാസ്ത്രപരമായ പ്രശ്‌നമായാണ് കണക്കാക്കപ്പെടുന്നത്. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ പില്‍സ് കഴിക്കാവുന്നതാണ്. എന്നാലിതിന് മുമ്പ് തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കണം. ലൈംഗികതയുമായി ബന്ധപ്പെട്ട മനശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ സെക്‌സോളജിസ്റ്റിനെയും സമീപിക്കാവുന്നതാണ്. തീര്‍ത്തും ആരോഗ്യപരമായ ഒരു വിഷയം മാത്രമായേ ഇതിനെ കാണേണ്ടതുള്ളൂ. അതിലധികമുള്ള ധാരണകള്‍ വച്ചുപുലര്‍ത്തുന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാനേ ഉപകരിക്കൂ. 

Also Read:- കോണ്ടം ധരിച്ചിട്ടുണ്ടെന്നു പറഞ്ഞുപറ്റിച്ച് ബന്ധപ്പെട്ട യുവാവിനെതിരെ ബലാത്സംഗ കേസ്; നടക്കുന്നത് അപൂർവ വിചാരണ

click me!