കൊറോണ സാമ്പിളെടുക്കാൻ മൂക്കിലിട്ട സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് രോഗി ദുരിതമനുഭവിച്ചത് ആറുമണിക്കൂറോളം

By Web TeamFirst Published Jun 6, 2020, 2:33 PM IST
Highlights

തങ്ങളുടെ ടെക്നിഷ്യൻറെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും വന്നിട്ടില്ല എന്നും രോഗിയുടെ മൂക്കിന് വളവുണ്ടായിരുന്നതുകൊണ്ടാണ് സ്വാബ് സ്റ്റിക്ക് ഒടിഞ്ഞത് എന്നുമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അധികാരികൾ പറയുന്നത്.

ജയ്പൂര്‍: കൊറോണ രാജ്യമെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കെ പലതരത്തിലുള്ള വാർത്തകളും രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നായി വന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ കൊവിഡ് പരിശോധനയ്ക്ക് സാമ്പിൾ എടുക്കുന്നവരിൽ നിന്നുണ്ടായ ഒരു അശ്രദ്ധയുടെ വാർത്തയും വന്നിരിക്കയാണ്. സംഭവം നടന്നിരിക്കുന്നത് രാജസ്ഥാനിലെ ജലോർ ജില്ലയിലാണ്. ഇവിടെ കൊവിഡ് സാമ്പിൾ എടുക്കാൻ വേണ്ടി ഒരാളുടെ മൂക്കിലിട്ട സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് ഒരു കഷ്ണം മൂക്കിനുള്ളിൽ തന്നെ പെട്ടുപോയ രോഗി ഏറെ നേരം ദുരിതം അനുഭവിച്ചു. ഒടുവിൽ ഡോക്ടർമാർ ആറുമണിക്കൂറോളം നേരം പണിപ്പെട്ടിട്ടാണ് ഈ കഷ്ണം ഇയാളുടെ മൂക്കിനുള്ളിൽ നിന്ന് പുറത്തേക്കെടുത്തത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ജൂൺ നാലിനാണ് സംഭവം. ജലോറിലെ തൽവാഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു യുവാവിന്റെ സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് സ്വാബ് സ്റ്റിക്ക് ഒടിഞ്ഞുപോയത്. ഉടനടി അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊണ്ടുപോയി എങ്കിലും, അവിടത്തെ ഡോക്ടർക്ക് ഈ ഒടിഞ്ഞു കേറിയ കഷ്ണം പുറത്തെടുക്കാൻ സാധിച്ചില്ല. അതിനു ശേഷം ജാലോറിലെ ജില്ലാ ആശുപത്രിയിലേക്ക് ഇയാൾ റെഫർ ചെയ്യപ്പെട്ടു. അവിടെ എത്തിയ ശേഷം, ഡോക്ടർമാർ രണ്ടു മണിക്കൂറോളം നേരം പിന്നെയും പരിശ്രമിച്ചിട്ടാണ് ഈ സ്റ്റിക്കിന്റെ കഷ്ണം പുറത്തെത്തിയത്. 

എന്താണ് സ്വാബ് സ്റ്റിക്ക് ?

തൊണ്ടയിലെയും മൂക്കിലേയും ഒക്കെ നീരിന്റെ സാമ്പിൾ എടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു നീണ്ട ഈക്കിൽ വലിപ്പത്തിലും വണ്ണത്തിലുമുള്ള പ്ലാസ്റ്റിക് ഉപകരണമാണ് സ്വാബ് സ്റ്റിക്ക് എന്നത്. ഈ സ്റ്റിക്കിന്റെ അറ്റത്തുള്ള പഞ്ഞിയിൽ ആണ് സാമ്പിൾ എടുക്കുക. എന്നിട്ട് ഈ സ്റ്റിക്കിനെ അതുപോലെ സുരക്ഷിതമായി അടച്ചുപൂട്ടിയാണ് ലാബിലേക്ക് പരിശോധനയ്ക്കായി ഇവിടാറുള്ളത്. 

തുടർ നടപടികൾ?

രാജസ്ഥാൻ പത്രികയിൽ വന്ന വാർത്ത പ്രകാരം, ഈ സാമ്പിൾ ശേഖരിച്ച ലാബ് ടെക്നിഷ്യൻ, പ്രമോദ് വർമ്മയ്‌ക്കെതിരെ ഡിപ്പാർട്ട്മെന്റുതല നടപടിക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഗുരുതരമായ അനാസ്ഥയാണ് എന്നും ആരോഗ്യ വകുപ്പ് അറിയിക്കുകയുണ്ടായി.എന്നാൽ, സാമ്പിൾ കളക്ഷൻ നടന്ന തൽവാഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അധികാരികൾ പറയുന്നത് തങ്ങളുടെ ടെക്നിഷ്യൻറെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും വന്നിട്ടില്ല എന്നും രോഗിയുടെ മൂക്കിന് വളവുണ്ടായിരുന്നതുകൊണ്ടാണ് സ്വാബ് സ്റ്റിക്ക് ഒടിഞ്ഞത് എന്നുമാണ്. എന്തായാലും, മൂന്ന് ഡോക്ടർമാർ അടങ്ങിയ ഒരു സമിതിയെ ഈ സംഭവം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

click me!