കൊറോണ വൈറസിന് മനുഷ്യചര്‍മ്മത്തില്‍ 9 മണിക്കൂറോളം നിലനില്‍ക്കാനുള്ള കഴിവുണ്ടെന്ന് പഠനം

By Web TeamFirst Published Oct 6, 2020, 1:35 PM IST
Highlights

അമേരിക്കയിലെ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഏകദേശം 9 മണിക്കൂറോളം മനുഷ്യചര്‍മ്മത്തില്‍ കൊറോണ വൈറസ് നിലനില്‍ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് കൊറോണ വൈറസിന് മണിക്കൂറുകളോളം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ടെന്നാണ്. 

അമേരിക്കയിലെ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഏകദേശം 9 മണിക്കൂറോളം മനുഷ്യചര്‍മ്മത്തില്‍ കൊറോണ വൈറസ് നിലനില്‍ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മൃതദേഹങ്ങളുടെ ചര്‍മ്മത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയത്. നിരവധി വൈറസുകളെ പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. അതില്‍ കൊറോണ വൈറസ് മാത്രമാണ് ഏകദേശം 9 മണിക്കൂറോളം ത്വക്കില്‍ നിലനിന്നതെന്ന് പഠനത്തില്‍ പറയുന്നു.

‘ഇന്‍ഫ്‌ളുവന്‍സ എ വൈറസിന് 2 മണിക്കൂര്‍ വരെ മനുഷ്യചര്‍മ്മത്തില്‍ ജീവിക്കാന്‍ കഴിയും. എന്നാല്‍ കൊറോണ വൈറസിന് 9 മണിക്കൂറാണ് അതിജീവനസാധ്യത. എന്നാല്‍ 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് 15 സെക്കന്റ് കൈകള്‍ കഴുകുന്നതിലൂടെ ഇവ രണ്ടും അപ്രത്യക്ഷമായി’- പഠനം പറയുന്നു. വാക്സിന്‍ പോലും ലഭ്യമല്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍, വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗം വ്യക്തിശുചിത്വം പാലിക്കുകയെന്നതാണെന്നും പഠനം പറയുന്നു.

അതേസമയം, കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന വാദങ്ങള്‍ സ്ഥിരീകരിച്ച് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ (സിഡിസി) രംഗത്തെത്തുകയും ചെയ്തു. 

Also Read: കൊവിഡ് 19; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന...

click me!