
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് 'റെംഡിസിവിർ'(Remdesivir) എന്ന മരുന്നിന്റെ പേരാണ് ഇപ്പോൾ മാധ്യമങ്ങളിൽ ആകെ നിറഞ്ഞുനിൽക്കുന്നത്. കൊവിഡ് 19 ബാധിതരായി ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരിൽ നടത്തിയ പഠനങ്ങളിൽ നിന്ന് റെംഡിസിവിറിന് രോഗികളിൽ വളരെ ശുഭപ്രതീക്ഷ നൽകുന്ന രീതിയിലുള്ള ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. വെള്ളിയാഴ്ച, രാജ്യത്തെ കോവിഡ് രോഗികൾക്കിടയിൽ ഈ മരുന്ന് ലഭ്യമാക്കാൻ വേണ്ടത് ചെയ്തിട്ടുണ്ട് എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു.
ട്രംപ് ഗവൺമെന്റിന്റെ പകർച്ചവ്യാധി വിദഗ്ധനായ അന്റോണിയോ ഫോച്ചിയും 'റെംഡിസിവിറി'നെ പിന്തുണച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. "റെംഡിസിവിറിന് കൃത്യമായ ഫലങ്ങളുണ്ട് എന്നാണ് ലഭ്യമായ പഠനങ്ങൾ തെളിയിക്കുന്നത്. ഡാറ്റ തെളിയിക്കുന്നത് മരുന്നിന് വൈറസിനെ ബ്ലോക്ക് ചെയ്യാനാകും എന്നുതന്നെയാണ്"അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിയന്തര ഘട്ടങ്ങളിലെ പ്രയോഗത്തിന് FDI'യുടെ അംഗീകാരവും കിട്ടിയിട്ടുണ്ട്. റെംഡിസിവിറിന് രോഗം മാറാനുള്ള സമയം 31 % കുറയ്ക്കാൻ സാധിക്കുന്നുണ്ട് എന്ന് ഫോച്ചി പറഞ്ഞു. 1063 രോഗികളിൽ നടത്തപ്പെട്ട ഈ പഠനമാണ് ഇന്നുവരെ നടന്ന റെംഡിസിവിർ ഉൾപ്പെട്ട പഠനങ്ങളിൽ ഏറ്റവും വലുത്. ഇതിൽ ഒരു കൂട്ടം രോഗികൾക്ക് റെംഡിസിവിർ നൽകിയും, ബാക്കിയുള്ളവർക്ക് പ്ലസീബോ കൊടുത്തും ചികിത്സിച്ചാണ് ഫലങ്ങൾ തമ്മിൽ താരതമ്യം ചെയ്തത്. രോഗം മാറാനെടുക്കുന്ന സമയത്തിൽ നാലുദിവസത്തോളം കുറവുണ്ടാക്കാൻ ഈ മരുന്നിനു കഴിഞ്ഞു എന്നാണ് നിരീക്ഷണം. അമേരിക്കയിൽ റെംഡിസിവിർ നൽകുന്ന രോഗികളിൽ കോവിഡ് 19 മാറാനെടുക്കുന്ന സമയം 15 ദിവസത്തിൽ നിന്ന് 11 ദിവസമായി കുറയുന്നുണ്ടത്രേ. ഐവി ആയിട്ടാണ് ഈ മരുന്ന് രോഗിയുടെ ദേഹത്തേക്ക് കയറ്റുന്നത്.
ഈ വാർത്ത പുറത്തുവന്നതോടെ, വ്യാഴാഴ്ച നടന്ന ഇന്ത്യൻ ആരോഗ്യ വകുപ്പിന്റെ പ്രസ് മീറ്റിനിടെയും ഈ ആന്റിവൈറൽ മരുന്നിന്റെ പേര് പരാമർശിക്കപ്പെട്ടു. എന്നാൽ, ഭാരത സർക്കാരിന്റെ ഹെൽത്ത് സെക്രട്ടറി ലവ് അഗർവാൾ പറയുന്നത് ഈ മരുന്നിന്റെ പ്രയോഗത്തിന്റെ കാര്യത്തിൽ നമുക്ക് ഒരല്പം കൂടി കാത്തിരിക്കേണ്ടതുണ്ട് എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, "റെംഡിസിവിർ എന്നത് കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി ലോകമെമ്പാടുമുള്ള ഡോക്ടർമാർവിലയിരുത്തിക്കൊണ്ടിരിക്കുന്ന പല പ്രോട്ടോക്കോളുകളിൽ ഒന്നുമാത്രമാണ്. ഇന്നുവരെ കൃത്യമായ ഒരു ചികിത്സ പ്രോട്ടോക്കോൾ നിർണ്ണയിക്കാൻ WHO 'ക്കു പോലും സാധിച്ചിട്ടില്ല. ഈ മരുന്നിനെപ്പറ്റി ആകെ പുറത്തുവന്നിട്ടുള്ളത് ഒരേയൊരു പഠനം മാത്രമാണ്. അതിൽ തന്നെ, ഈ മരുന്ന് കൊവിഡ് രോഗികൾക്ക് ഗുണം ചെയ്യും എന്നത് 100% ഉറപ്പിച്ച് പറയാൻ പോന്ന ഒരു തെളിവും കിട്ടിയിട്ടുമില്ല."
ഇന്ത്യയിൽ ഈ മരുന്നിന്റെ ലഭ്യത എങ്ങനെ?
റെംഡിസിവിർ മരുന്നിന് കൊവിഡ് രോഗികളിൽ കൃത്യമായ ഫലമുണ്ടാക്കാനാകും എന്ന് തെളിയിക്കാൻ സാധിച്ചാൽ ഇന്ത്യയിൽ ഇതെങ്ങനെ ലഭ്യമാക്കാനാകും എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അമേരിക്കൻ പഠനങ്ങൾ ശുഭകരമായാൽ തന്നെ, അതിന് ഇന്ത്യൻ ജനതയിൽ എന്ത് ഫലമാണുണ്ടാവാൻ പോകുന്നത് എന്നത് സംബന്ധിച്ച വിശദമായ പഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു എന്നാണ് ഐസിഎംആർ പ്രതിനിധികൾ ബിബിസിയോട് പറഞ്ഞത്. രാജ്യത്ത് ഏതെങ്കിലും രോഗത്തിന് ഏതെങ്കിലും മരുന്ന് പുതുതായി പ്രയോഗിക്കുന്നത് സംബന്ധിച്ച അനുമതികൾ നൽകുന്നത് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ആണ്. അതിന് അദ്ദേഹം ആശ്രയിക്കുന്ന ഏജൻസി ഐസിഎമ്മാറും. ലോകമെമ്പാടുമായി കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ടുകൊണ്ട് മുന്നൂറിലധികം പഠനങ്ങൾ നടന്നതായി ICMR സ്ഥിരീകരിക്കുന്നുണ്ട്. ഭാരതത്തിലും നിരവധി ക്ലിനിക്കൽ ട്രയലുകൾ പുരോഗമിക്കുന്നുണ്ട്.
എബോളയ്ക്കുള്ള മരുന്ന് എന്ന ലേബലിൽ കണ്ടുപിടിക്കപ്പെട്ടതാണ് റെംഡിസിവിർ. എന്നാൽ അന്നത്തെ പരീക്ഷണങ്ങളിൽ എബോളയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഈ മരുന്ന് ഒട്ടും ഫലപ്രദമായിരുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ജിലിയഡ് സയൻസസ് എന്ന ഫാർമാ കമ്പനിയാണ് ഈ മരുന്നിന് പേറ്റന്റ് എടുത്തിട്ടുള്ളത്. മനുഷ്യശരീരത്തിൽ ബാധിക്കുന്ന വൈറസ് ശക്തിയാർജ്ജിക്കാൻ വേണ്ടി അതിന്റെ തന്നെ വേറെയും പ്രതികൾ(Replicas) സൃഷ്ടിക്കാറുണ്ട്. ഇതിന് വൈറസിന് ഒരു എൻസൈമിന്റെ സഹായം ആവശ്യമുണ്ട്. റെംഡിസിവിർ ഈ എൻസൈമിനെ ആക്രമിച്ച് നശിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ആ അർത്ഥത്തിൽ മനുഷ്യ ശരീരത്തിലൂടെയുള്ള വൈറസിന്റെ തേരോട്ടത്തിന് ഒരു ഗതിരോധകമായി പ്രവർത്തിക്കും.
ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡിനുള്ള മരുന്നാണ് എന്ന തരത്തിലുള്ള പ്രചാരണം ശക്തമായ ആദ്യഘട്ടത്തിൽ ഇന്ത്യയോട് വളരെ കടുത്ത ഭാഷയിലാണ് ട്രംപ്, 'മരുന്ന് കയറ്റുമതി ചെയ്തേ പറ്റൂ' എന്ന് പറഞ്ഞത്. ഉത്പാദനത്തിൽ അമേരിക്കയ്ക്ക് മേധാവിത്വമുള്ള മരുന്നാണ് റെംഡിസിവിർ. ആ സാഹചര്യത്തിൽ നാളെ ഇത് കൊവിഡിന് നല്ലതാണ് എന്ന് തെളിഞ്ഞാൽ തിരിച്ച് ട്രംപിനോട് മോദിക്ക് അതുപോലെ താക്കീതിന്റെ സ്വരം ഉയർത്താനാകുമോ എന്നതാണ് കാത്തിരുന്നു കാണാനുള്ളത്.