
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ( Covid 19 India ) സാഹചര്യത്തില്‍ ആശങ്കയും കനക്കുകയാണ്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഇന്ത്യയില്‍ അടുത്ത കൊവിഡ് തരംഗം തുടങ്ങുന്നതിലേക്കുള്ള സൂചനകളാണ് നല്‍കുന്നതെന്ന ആശങ്കയാണ് ശക്തിയിലാകുന്നത്. പ്രധാനമായും നഗരങ്ങളിലാണ് കൊവിഡ് കേസുകള്‍ വ്യാപകമായി വര്‍ധിക്കുന്നത്. നഗരങ്ങളില്‍ കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയാല്‍ ആകെ കേസുകള്‍ പെട്ടെന്ന് തന്നെ ഉയരുമെന്ന് നമുക്കറിയാം.
കൊവിഡ് ആദ്യതരംഗത്തിലും രണ്ടാതരംഗത്തിലും മൂന്നാം തരംഗത്തിലുമെല്ലാം ഇതേ കാഴ്ച നാം കണ്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യം മറ്റൊരു തരംഗത്തിലേക്കുള്ള മുന്നറിയിപ്പാണോ ( Fourth Wave ) എന്ന് ഉറപ്പിക്കാന്‍ ഇപ്പോഴും കാരണങ്ങളായിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത ചൂടാണിപ്പോള്‍. തണുപ്പുകാലമാണ് കൊവിഡ് വൈറസിന് അനുയോജ്യമായ അന്തരീക്ഷമെന്ന വാദം ഇതോടെ തന്നെ തകിടം മറിഞ്ഞിരിക്കുന്നു. ഏത് കാലാവസ്ഥയിലും കൊവിഡ് വ്യാപനം നിര്‍ബാധം തുടരാമെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
ഇന്നലത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനുള്ളില്‍ 5,233 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ( Covid 19 India ) ഔദ്യോഗികമായി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നിലവില്‍ രാജ്യത്ത് ആകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 28,857 ആയി. ഈ 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ 41 ശതമാനമാണ് കൊവിഡ് കേസുകളിലുണ്ടായിരിക്കുന്ന വര്‍ധനവ്.
മുംബൈയില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ വന്നിട്ടുള്ളത്. മുംബൈയ്ക്ക് പുറമെ താനെ, നവി മുംബൈ ഭാഗങ്ങളിലും കേസുകള്‍ വര്‍ധിച്ചുവരികയാണ്. മാഹാരാഷ്ട്രയ്ക്കൊപ്പം തന്നെ കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന മറ്റൊരു സംസ്ഥാനം കേരളമാണ്. ചൊവ്വാഴ്ച മാത്രം 2,271 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദില്ലിയില്‍ നിന്ന് ചൊവ്വാഴ്ച 450 കേസുകളും വന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമായി പിന്‍വലിക്കപ്പെടുമ്പോള്‍ അത് വലിയ ഭീഷണിയായി വരാമെന്ന് നേരത്തേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴാണെങ്കില്‍ രാജ്യത്ത് വേണ്ടവിധം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുമില്ല. ഈ സാഹചര്യം പുതിയ വെല്ലുവിളി സൃഷ്ടിക്കുമോയെന്നത് കണ്ടറിയണം. കേസുകള്‍ കുറഞ്ഞാല്‍ ഉടനെ തന്നെ ജാഗ്രത പിന്‍വലിക്കുന്ന പ്രവണത രാജ്യത്ത് പൊതുവേ പ്രതികൂലമായി വരാനുള്ള സാധ്യത ( Fourth Wave ) കൂട്ടുന്നു.
രണ്ട് മുതല്‍ മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കുന്ന ചുമ, പനി, തളര്‍ച്ച, തലവേദന, ശരീരവേദന, ഓക്കാനം, ജലദോഷം എന്നിവയുണ്ടെങ്കില്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തുക. ടെസ്റ്റ് ഫലം പൊസിറ്റീവ് ആണെങ്കില്‍ തങ്ങളുമായി ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിക്കുകയും രോഗം മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും വേണം. ഈ വിധം രോഗവ്യാപനത്തെ തടഞ്ഞുനിര്‍ത്താനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകണം.
Also Read:- കൊവിഡ് ടെസ്റ്റ് നിരക്ക് കുത്തനെ കൂട്ടി; വിയറ്റ്നാമില്‍ ആരോഗ്യമന്ത്രി അറസ്റ്റില്‍