ബ്രസീലില്‍ കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു; അവസ്ഥ മോശമെന്ന് റിപ്പോര്‍ട്ടുകള്‍...

By Web TeamFirst Published Mar 25, 2021, 11:36 AM IST
Highlights

ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപകമായതാണ് ബ്രസീലിലെ സാഹചര്യങ്ങള്‍ ഇത്രത്തോളം മോശമാക്കിത്തീര്‍ത്തത്. എളുപ്പത്തില്‍ രോഗം പടര്‍ത്താന്‍ കഴിവുള്ള വൈറസ് കൂടുതല്‍ രോഗികളെ സൃഷ്ടിക്കുകയും ആശുപത്രികള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇപ്പോഴും പല ആശുപത്രികളിലെയും പ്രതിദിന പ്രവര്‍ത്തനങ്ങള്‍ കൈവിട്ടുപോയ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന

കൊവിഡ് 19 മഹാമാരി വ്യാപകമായ സാഹചര്യത്തില്‍ ആദ്യഘട്ടങ്ങളില്‍ വാര്‍ത്തകളിലെത്താതിരുന്ന രാജ്യമായിരുന്നു ബ്രസീല്‍. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ബ്രസീലില്‍ കൊവിഡ് കേസുകള്‍ കുറവുമായിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു ബ്രസീലിലെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. ചുരുക്കം സമയം കൊണ്ടുതന്നെ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും തുടരെത്തുടരെ മരണം സ്ഥിരീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. 

ഇപ്പോഴിതാ ബ്രസീലിലെ കൊവിഡ് മരണനിരക്ക് മൂന്ന് ലക്ഷം കടന്നിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നിലവില്‍ മരണനിരക്ക് 300,685ല്‍ എത്തിനില്‍ക്കുന്നതായാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും അവസ്ഥ മോശമായാണ് തുടരുന്നതെന്നും ഇതിനൊപ്പം തന്നെ ആരോഗ്യവകുപ്പ് അറിയിക്കുന്നു. 

യുഎസിലാണ് ഇതുവരെ ഏറ്റവുമധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചര ലക്ഷത്തിനടുത്താണ് യുഎസിലെ കൊവിഡ് മരണനിരക്ക് എത്തിനില്‍ക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവുമധികം മരണം ഇപ്പോഴത്തെ കണക്ക് പ്രകാരം ബ്രസീലില്‍ തന്നെയാണ്. 

ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപകമായതാണ് ബ്രസീലിലെ സാഹചര്യങ്ങള്‍ ഇത്രത്തോളം മോശമാക്കിത്തീര്‍ത്തത്. എളുപ്പത്തില്‍ രോഗം പടര്‍ത്താന്‍ കഴിവുള്ള വൈറസ് കൂടുതല്‍ രോഗികളെ സൃഷ്ടിക്കുകയും ആശുപത്രികള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇപ്പോഴും പല ആശുപത്രികളിലെയും പ്രതിദിന പ്രവര്‍ത്തനങ്ങള്‍ കൈവിട്ടുപോയ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ഇതിനിടെ കൊവിഡിനെ ഗൗരവമായി എടുക്കാതിരുന്ന പ്രസിഡന്റിന്റെ മനോഭാവവും ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. മാസ്‌ക് ധരിക്കുന്നതിനെതിരെയും വാക്‌സിനേഷനെതിരെയും പ്രസിഡന്റ് ജൈര്‍ ബൊള്‍സൊനാരോ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രധാനമാണെന്ന തരത്തില്‍ പ്രസിഡന്റ് സംസാരിച്ചിട്ടുമുണ്ട്. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഗവര്‍ണര്‍മാരെ നേതൃനിരയില്‍ നിര്‍ത്തിക്കൊണ്ട് പ്രത്യേക സമിതിയെ രൂപീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

Also Read:- കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു...

click me!