കൊവിഡ് 19; ഓരോ 15 മിനിറ്റിലും ഒരു പുതിയ രോഗി

By Web TeamFirst Published Mar 21, 2020, 6:36 PM IST
Highlights

 ഓരോ 15 മിനിറ്റിലും ഒരു പുതിയ രോഗിയുണ്ടാകുന്നു എന്നാണ് ഡോ. മനോജ് വെള്ളനാട് തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഇന്ത്യയിൽ മൊത്തത്തിലായാലും ഇങ്ങ് കേരളത്തിലായാലും ഒരുപാട് രോഗികളുണ്ടായാൽ എല്ലാവരെയും ചികിത്സിച്ച് ഭേദമാക്കാമെന്ന ധാരണ ആർക്കും വേണ്ട

കൊവിഡ് ഭീതിയിലാണ് ലോകം. ഓരോ 15 മിനിറ്റിലും ഒരു പുതിയ രോഗിയുണ്ടാകുന്നു എന്നാണ് ഡോ. മനോജ് വെള്ളനാട് തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്. 'ഇന്ത്യയിൽ മൊത്തത്തിലായാലും ഇങ്ങ് കേരളത്തിലായാലും ഒരുപാട് രോഗികളുണ്ടായാൽ എല്ലാവരെയും ചികിത്സിച്ച് ഭേദമാക്കാമെന്ന ധാരണ ആർക്കും വേണ്ട.  നമ്മുടെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾ തന്നെ മറ്റുള്ള രോഗങ്ങളാൽ നിറഞ്ഞിരിക്കുവാണെന്ന് നമുക്കറിയാം. ചൈനയിലെ പോലെ പെട്ടെന്നൊരു മികച്ച ആശുപത്രി ഉണ്ടാക്കുന്ന കാര്യം നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല' -  അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. 

കുറിപ്പ് വായിക്കാം... 

ഓരോ 15 മിനിട്ടിലും ഒരു പുതിയ രോഗി !

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 294 ആയി (മാർച്ച് 21 ന് ഉച്ചയ്ക്ക് 2.15 വരെയുള്ള കണക്കുകൾ).  ഇന്ത്യയിൽ ഇതുവരെയുള്ള ആ ട്രെൻഡൊന്ന് നോക്കൂ...

മാർച്ച് 2- 5 (ആകെ രോഗികൾ)
മാർച്ച് 5- 30
മാർച്ച് 8 - 39
മാർച്ച് 11- 71
മാർച്ച് 14 - 95
മാർച്ച് 17 - 141
മാർച്ച് 20- 251
മാർച്ച് 21 (Today till now) - 294

ഓരോ 3 ദിവസത്തെയും കണക്കാണ്. ആ ട്രെൻഡ് നോക്കൂ, എത്ര വേഗത്തിലാണ് കൊവിഡ് പുതിയ ഇരകളെ തേടിയെത്തുന്നതെന്ന്.

ഓരോ 3 ദിവസങ്ങളിലെയും പുതിയ രോഗികളുടെ എണ്ണം ഇങ്ങനെയാണ് - 25, 9, 22, 24, 46, 110, …!

ഇന്ന് മാത്രം 43 പുതിയ രോഗികൾ ഈ സമയം വരെ ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ 15 മിനിട്ടിലും ഒരു പുതിയ രോഗി! 22 സംസ്ഥാനങ്ങളെ ഇന്ത്യയിൽ ഇതിനകം കൊവിഡ് ബാധിച്ചു കഴിഞ്ഞു.

ഇന്ത്യയിൽ മൊത്തത്തിലായാലും ഇങ്ങ് കേരളത്തിലായാലും ഒരുപാട് രോഗികളുണ്ടായാൽ എല്ലാവരെയുംചികിത്സിച്ച് ഭേദമാക്കാമെന്ന ധാരണ ആർക്കും വേണ്ട. നമ്മുടെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾ തന്നെ മറ്റുള്ള രോഗങ്ങളാൽ നിറഞ്ഞിരിക്കുവാണെന്ന് നമുക്കറിയാം. ചൈനയിലെ പോലെ പെട്ടെന്നൊരു മികച്ച ആശുപത്രി ഉണ്ടാക്കുന്ന കാര്യം നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല.

അതുകൊണ്ട് നമ്മുടെ മുന്നിൽ ആകെ ഒരു വഴിയേ ഉള്ളൂ. പ്രതിരോധം. എങ്ങനെ പ്രതിരോധിക്കണമെന്ന് ഇനിയും ജനങ്ങളെ ഉപദേശിക്കുന്നതിൽ കാര്യമൊന്നുമില്ല. ജനങ്ങളോട് പറയാവുന്നതെല്ലാം പറഞ്ഞു കഴിഞ്ഞു. ബഹുഭൂരിപക്ഷവും സഹകരിക്കുന്നുമുണ്ട്. ബാക്കിയുള്ള പ്രതിരോധ നടപടികൾ സർക്കാരുകൾ നേരിട്ട് ഏറ്റെടുക്കട്ടെ.

നിയമപരമായും അവ കർശനമാക്കിയും പുതിയ നിയമങ്ങൾ നിർമ്മിച്ചും കൊണ്ടേ നമുക്കിനി മുന്നോട്ട് പോകാനൊക്കൂ.. അത്തരം നടപടികളിലേക്ക് നമ്മൾ കൊറോണയേക്കാൾ വേഗത്തിൽ കടന്നുചെല്ലണം. ചെന്നേ പറ്റൂ, നമ്മുടെ മുന്നിൽ വേറെ വഴിയില്ലല്ലോ..

click me!