
കൊവിഡ് 19മായുള്ള ( Covid 19 Disease ) നമ്മുടെ പോരാട്ടത്തിന് രണ്ട് വയസ് പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഇതിനോടകം തന്നെ പലവിധത്തിലാണ് കൊവിഡ് നമ്മെ ബാധിച്ചത്. ആരോഗ്യപരമായി കൊവിഡ് ഉയര്‍ത്തിയ, ഇപ്പോവഴും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ ( Covid impacts ) കുറിച്ച് നമുക്കെല്ലാം അറിയാം.
ഇതിന് പുറമെ സാമ്പത്തികമായും സാമൂഹികമായുമെല്ലാം കൊവിഡ് നമ്മെ കാര്യമായി ബാധിച്ചു. തൊഴില്‍ നഷ്ടം, കടക്കെണി, സാമൂഹികമായ ഇടപെടലുകള്‍ ഇല്ലാതായതിന്റെ പ്രത്യാഘാതങ്ങള്‍ ഇങ്ങനെ പോകുന്നു കൊവിഡ് സൃഷ്ടിച്ച അനുബന്ധ പ്രശ്‌നങ്ങള്‍.
ഇക്കൂട്ടത്തിലേക്ക് രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ കൂടി അടിവരയിട്ട് ചേര്‍ക്കുകയാണ് വിദഗ്ധര്‍. വിഷാദരോഗവും ഉത്കണ്ഠയുമാണ് ഈ രണ്ട് പ്രശ്‌നങ്ങള്‍. ആഗോളതലത്തില്‍ തന്നെ മാനസികപ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമായിരുന്നു കൊവിഡിന് മുമ്പ് തന്നെയുണ്ടായിരുന്നത്. കൊവിഡിന്റെ വരവോടുകൂടി നാടകീയമായി ഈ സാഹചര്യം മോശമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം 204 രാജ്യങ്ങളിലും അതിന്റെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലും 2020ഓടെ വിഷാദരോഗവും ഉത്കണ്ഠയും നേരിടുന്നവരുടെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണ്. അഞ്ച് കോടിയിലധികം പേരില്‍ അധികമായി വിഷാദരോഗവും, ഏഴ് കോടിയിലധികം പേരില്‍ അധികമായി ഉത്കണ്ഠയും സ്ഥിരീകരിച്ചുവെന്നാണ് 'ദ ലാന്‍സെറ്റ്' റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സാധാരണനിലയില്‍ നിന്ന് അധികമായി വരുന്ന കേസുകളുടെ എണ്ണമാണിത്.
'കൊവിഡ് സ്ഥിരീകരിച്ചത് മുതലിങ്ങോട്ട് ആളുകള്‍ക്ക് പ്രധാനമായും നഷ്ടമായത് സാമൂഹികമായ ജീവിതമാണ്. ഇതുതന്നെയാണ് വിഷാദവും ഉത്കണ്ഠയും വര്‍ധിക്കാന്‍ കാരണമായത്. ഐസൊലേറ്റഡായ ജീവിതം പലരെയും പ്രതികൂലമായി ബാധിച്ചു. ഇതിനിടെ മദ്യം, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയില്‍ ആളുകള്‍ അമിതമായി ആശ്രയം കണ്ടെത്താന്‍ തുടങ്ങി. പല വീടുകളിലും ബന്ധങ്ങളില്‍ വിള്ളല്‍ വീഴാനും ഈ കാലഘട്ടം കാരണമായി. എങ്കിലും ഏകാന്തത തന്നെയാണ് മനുഷ്യരെ കാര്യമായും ഇക്കാലയളവില്‍ മാനസികമായി ബാധിച്ചത്..'- ന്യൂയോര്‍ക്കില്‍ നിന്നുള്ള മാനസികാരോഗ്യ വിദഗ്ധന്‍ വാലന്റൈന്‍ റൈട്ടെറി പറയുന്നു.
ഇതേ പ്രശ്‌നങ്ങള്‍ തന്നെയാണ് വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിപ്പിക്കാന്‍ ഇടയാക്കിയതെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കവേ യുകെയില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളിസ്റ്റ് നതാലി ബൊഡാര്‍ട്ട് പറയുന്നു. ഓരോ ദിവസവും ഓരോ തരത്തിലുള്ള പോരാട്ടത്തില്‍ ആളുകള്‍ക്ക് ഏര്‍പ്പെടേണ്ടിവന്നുവെന്നും ഈ സമ്മര്‍ദ്ദം അവരെ മാനസികമായി തകര്‍ത്തുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മാനസികാരോഗ്യ വിദഗ്ധരെല്ലാം ഇത്രമാത്രം തിരക്കായിപ്പോയി മറ്റൊരു കാലമുണ്ടായിട്ടില്ലെന്നും അത്രമാത്രം കൊവിഡ് ആളുകളെ മാനസികമായി ബാധിച്ചുവെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് തിരിച്ചറിയുന്ന പക്ഷം, സ്വയമോ അല്ലാതെയോ ചികിത്സ തേടാനുള്ള ശ്രമമാണ് ഏവരും നടത്തേണ്ടത്. ഇതിന് മടിയോ, നാണക്കേടോ വിചാരിക്കേണ്ടതില്ല. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിരാരോഗ്യമെന്നും ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കി മുന്നോട്ടുപോവുക.
Also Read:- 'അടുത്ത കൊവിഡ് വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam