കൊവിഡ് 19: ഉമിനീര്‍ കണങ്ങള്‍ 13 അടി വരെ സഞ്ചരിക്കും; പുതിയ പഠനം

By Web TeamFirst Published Jul 4, 2020, 8:53 AM IST
Highlights

സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

അതേസമയം, രോഗ വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ പ്രാധാന്യം തെളിയിക്കുന്ന പുതിയൊരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേയ്ക്ക് തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ നശിക്കുന്നതിന് മുന്‍പ് എട്ട് മുതല്‍ 13 അടി വരെ സഞ്ചരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

കൊവിഡ്  വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സയന്‍സിലെ ഗവേഷകരും പഠനത്തില്‍ പങ്കുവഹിച്ചു. ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന് ഉമിനീര്‍ കണങ്ങള്‍ കാരണമാകുന്നുവെന്ന് തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.

കൊവിഡ് ബാധിതനായ ഒരാളുടെ ഉമിനീരും ആരോഗ്യവാനായ ഒരാളുടെ ഉമിനീരും തമ്മില്‍ പരിശോധിച്ചാണ് ഇപ്പോള്‍ ഈ പഠനം നടത്തിയത്. ഉമിനീര്‍ കണത്തിന്റെ വലുപ്പം, അത് സഞ്ചരിക്കുന്ന ദൂരം, സമയം തുടങ്ങിയവ പഠനത്തിന് വിധേയമാക്കി. 

കാറ്റടക്കം അന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ രോഗവ്യാപനവും കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു. കാറ്റില്ലാതെ അനുയോജ്യമായ അന്തരീക്ഷത്തിലാണെങ്കില്‍ ഉമിനീര്‍ കണങ്ങള്‍ 13 അടിവരെ സഞ്ചരിക്കുമെന്ന് ഗവേഷകനായ അഭിഷേക് സാഹ പറയുന്നു. അതിനാല്‍ സാമൂഹിക അകലം വളരെ പ്രധാനമാണെന്നും പഠനം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. മാസ്കിന്‍റെ ഉപയോഗവും രോഗവ്യാപനത്തിന്റെ തീവ്രത ഒരു പരിധി വരെ കുറയ്ക്കുമെന്നും ഈ പഠനം സൂചിപ്പിക്കുന്നു. 

Also Read:  രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു, പ്രതിദിന വർധന 21,000 കടന്നേക്കും, മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം...

click me!