കൊവിഡ് 19; വരാന്‍ പോകുന്ന രണ്ടാഴ്ച്ച വളരെ പ്രധാനപ്പെട്ടത്, ഡോക്ടർ പറയുന്നു

By Web TeamFirst Published Mar 21, 2020, 3:29 PM IST
Highlights

വരാന്‍ പോകുന്ന രണ്ടാഴ്ച്ച വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു സാധാരണ മുന്നറിയിപ്പായാണ് പലരും ഇതിനെ കാണുന്നത്. 

വരാന്‍ പോകുന്ന രണ്ടാഴ്ച്ച വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു സാധാരണ മുന്നറിയിപ്പായാണ് പലരും ഇതിനെ കാണുന്നത്. കൊറോണ വൈറസ് പടരുന്ന നാല് സ്റ്റേജുകളെ കുറിച്ച് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു. 

ഒന്നാമത്തെ സ്റ്റേജ് എന്ന് പറയുന്നത്, അന്യരാജ്യത്ത് നിന്നും കൊറോണ ബാധിച്ച ഒരു രോഗി ഇന്ത്യയിലേക്ക് വരികയാണ്. ഇവരെയാണ് സ്‌റ്റേജ് വണ്‍ രോഗികള്‍ എന്ന് പറയുന്നത്. രണ്ടാമത്തെ സ്റ്റേജ് എന്ന് പറയുന്നത് ഇന്ത്യയിലേക്കെത്തുന്ന ഒരു രോഗി അസുഖം ബാധിച്ച ഒരാളില്‍ നിന്നും സമ്പര്‍ക്കുമുള്ള ആളുകളിലേക്ക് അത് പകരുന്നു. ഇതിന് വേണ്ടിയിട്ടാണ് റൂട്ട് മാപ്പ് പുറത്തിറക്കുന്നത്. രോഗി എവിടെയൊക്കെ പോയി , ആരെയൊക്കെ കണ്ടു, എന്നെല്ലാം നോക്കി അവരെ നിരീക്ഷണത്തിലേക്ക് അയക്കുന്നു. 

മൂന്നാമത്തെ സ്‌റ്റേജ് എന്ന് പറയുന്നത് കൊറോണ ബാധിച്ച ലക്ഷണങ്ങളോട് കൂടി ഒരാളെ കണ്ടെത്തി. പരിശോധിച്ച സമയത്ത് കൊറോണ വൈറസ് പോസിറ്റീവാണ്. അയാള്‍ വിദേശത്ത് പോയിട്ടില്ല, അയാള്‍ രോഗമുള്ള ഒരാളുമായും ബന്ധപ്പെട്ടിട്ടില്ല, അയാളുടെ വീട്ടിലോ അല്ലെങ്കില്‍ ചുറ്റുമുള്ള ആളുകള്‍ക്കോ ആര്‍ക്കും കൊറോണയുമായും ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളൊന്നുമില്ല. ഇത്തരത്തില്‍ ഒരാളെ തിരിച്ചറിയുകയാണെങ്കില്‍ അത് നിര്‍ബന്ധമായും സൂക്ഷിക്കണം. 

കാരണം, മൂന്നാമത്തെ സ്റ്റേജാണ് ഇത്. വളരെയധികം സൂക്ഷിക്കേണ്ട സ്റ്റേജ് കൂടിയാണ് ഇത്. കാരണം, ഈ രോഗിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയാനാകില്ല. ഈ സ്‌റ്റേജില്‍ നമ്മള്‍ മനസിലാക്കേണ്ടത് കൊറോണ രോഗം ബാധിച്ച ഒരാള്‍ എവിടെയോ സ്വതന്ത്രനായി നടക്കുന്നുണ്ടെന്നാണ് മനസിലാക്കേണ്ടത്. ഇതിനെയാണ് community spread അതായത്, സാമൂഹിക വ്യാപനം നടക്കുന്ന മൂന്നാമത്തെ സ്‌റ്റേജ്. 

ഈ സ്‌റ്റേജിനെ തടയാനും വരാതിരിക്കാനും വേണ്ടിയിട്ടാണ് ആരോഗ്യ വകുപ്പ് വരാന്‍ പോകുന്ന രണ്ടാഴ്ച്ച വളരെ പ്രധാനപ്പെട്ടതാണെന്ന് പറയുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഇന്‍ക്യുബേഷന്‍ പിരീഡാണ്. അത് കൊണ്ട് തന്നെ മൂന്നാമത്തെ സ്റ്റേജ് നടപ്പാക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് കേന്ദ്ര ഗവണ്‍മെന്റും തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് എപ്പോഴും കൈകള്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണമെന്നും മാസ്‌ക് ധരിക്കണമെന്നും പറയുന്നത്. 

മൂന്നാമത്തെ സ്റ്റേജില്‍ എത്താതിരിക്കുന്നതിന് വേണ്ടിയാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പറയുന്നത്. മൂന്നാമത്തെ സ്റ്റേജ് നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് നാലാമത്തെ സ്റ്റേജായ സാംക്രമിക രോഗത്തിലേക്ക് കടക്കാം. നാലാമത്തെ സ്റ്റേജിലാണ് ചൈനയിലും ഇറ്റലിയിലും നിരവധി പേര്‍ മരിച്ചത്. ഈ അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയിട്ടാണ് ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അത് നിർബന്ധമായും പാലിക്കുക.  

click me!