വസൂരിയെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കിയ ഡോക്ടർ കൊറോണയെപ്പറ്റി പറയുന്നത് ഇങ്ങനെ

By Web TeamFirst Published Mar 21, 2020, 2:36 PM IST
Highlights

16-17 കോടി ആളുകൾ വരെ മരിക്കാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആ സദസ്സ് അതുവിശ്വസിക്കാൻ കൂട്ടാക്കിയില്ല. 
 


വിശ്വപ്രസിദ്ധനായ ഒരു എപ്പിഡമോളജിസ്റ്റാണ് ലാറി ബ്രില്യന്റ്. പതിനെട്ടാം നൂറ്റാണ്ടിൽ നാലുലക്ഷത്തോളം പേരുടെ ജീവൻ അപഹരിച്ച ഒരു പാൻഡെമിക് ആണ് വസൂരി. ലോകാരോഗ്യസംഘടനയോട് ചേർന്നു പ്രവർത്തിച്ചുകൊണ്ട് അതിനെ ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്നതിന് മുൻകൈയെടുത്ത ഗവേഷകരിൽ ഒരാളായ ബ്രില്യന്റ്, പതിനാലു വർഷം മുമ്പ് ഒരു TED പ്രഭാഷണത്തിന് വന്നെത്തിയ കാണികളോട് ഒരു 'പാൻഡെമിക്' എന്നാൽ എന്താണ് എന്നതിനെപ്പറ്റി വിവരിച്ചുകൊടുത്തിരുന്നു. 
 



അന്ന്, വിശേഷിച്ചൊരു പകർച്ചവ്യാധിയുടെയും കാർമേഘങ്ങൾ ഭൂമിയെ ചൂഴ്ന്നു നില്പില്ലായിരുന്നു. അതുകൊണ്ടുതന്നെ "നൂറുകോടി പേർക്കുവരെ അസുഖം വരാം" എന്ന് ബ്രില്യന്റ് പറഞ്ഞപ്പോൾ ആ സദസ്സ് അതിശയോക്തിപരം എന്ന മട്ടിലാണ് അതിനോട് പ്രതികരിച്ചത്. "16-17 കോടി ആളുകൾ വരെ മരിക്കാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ ഒരു സാമ്പത്തികമാന്ദ്യത്തിന് ഈ വ്യാധി കാരണമാകും. 1 -3 ട്രില്യൺ ഡോളർ ആവും അതുണ്ടാക്കിവെക്കുന്ന സാമ്പത്തിക നഷ്ടം. അത് അത്രയും പേർ മരിക്കുന്നതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ വേറെയുമുണ്ടാക്കും. പലർക്കും തൊഴിൽ നഷ്ടമാകും, ആശുപത്രിച്ചെലവുകൾക്ക് പണമില്ലാതെ ജനം വലയും. അതുണ്ടാക്കുന്ന കോളിളക്കങ്ങൾ ചിന്തിക്കാൻ പോലുമാവില്ല..." 

പതിനാലുവർഷം മുമ്പ് ചിന്തിക്കാൻ പോലും ആവില്ലായിരുന്ന പലതും യാഥാർഥ്യമാകുന്ന സാഹചര്യത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ..." എന്ന ക്ലിഷേ ഡയലോഗ് പറയാതിരിക്കാനാണ് ബ്രില്യന്റ് ശ്രമിക്കുന്നത്. ഇന്ന് അദ്ദേഹം ബോർഡ് ഓഫ് പ്രിവെന്റിങ് പാൻഡമിക്സ് എന്ന സ്ഥാപനത്തിന്റെ തലവനാണ്. കൊവിഡ് 19 എന്ന മഹാമാരി 16-17  കോടി ആളുകളുടെ ജീവൻ അപഹരിക്കുന്ന സാഹചര്യമൊക്കെ എത്രയോ ദൂരെയാണ് എന്ന് ഇപ്പോൾ പറയാം. എന്നാലും, ആ അസുഖം ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങളുടെ സ്വൈരജീവിതങ്ങളെ തലകീഴ്മേൽ മറിച്ചിരിക്കുന്നു എന്നത് ആർക്കും നിഷേധിക്കാൻ സാധ്യമല്ല. 

2011 -ൽ പുറത്തിറങ്ങിയ ഹോളിവുഡ് പാൻഡെമിക് ഹൊറർ ചിത്രമാണ് 'കണ്‍‌ടേജിയന്‍'  (Contagion). ഈ  ചിത്രത്തിന്റെ സീനിയർ ടെക്നിക്കൽ അഡ്വൈസർ ആയിരുന്നു ബ്രില്യന്റ്. അനിയന്ത്രിതമായി പടർന്നു പിടിക്കുന്ന ഒരു മഹാമാരിയുടെയും അത് വിതയ്ക്കുന്ന ദുരിതത്തിന്റെയും കഥയാണ് 'കണ്‍‌ടേജിയന്‍' പറയുന്നത്. ഇന്ന് ലോകത്തെമ്പാടും ഹോം ക്വാറന്റൈനിൽ ഇരിക്കുന്ന പലരും കാണാൻ ശ്രമിക്കുന്നതും ഈ ചിത്രം തന്നെയാണ്. 
 


ഇന്ന് ബ്രില്യന്റിന് 75 വയസ്സുണ്ട്. തന്റെ ആയുഷ്കാലത്തിനിടക്ക് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കടുത്ത മഹാമാരിയാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. നമ്മൾ ജീവിതത്തിൽ ഒരിക്കലും ശീലിച്ചിട്ടില്ലാത്തതു പലതും ചെയ്യാൻ നമ്മളോട് ഇപ്പോൾ അധികൃതർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വീട്ടിനുള്ളിൽ, സ്വന്തം മുറിക്കുള്ളിൽ, ഒരാളോടും മിണ്ടാതെ ആഴ്ചകളോളം വാതിലടച്ച് ഇരിക്കുക. മറ്റുള്ളവരിൽ നിന്ന് ചുരുങ്ങിയത് രണ്ടു മീറ്റർ എങ്കിലും അകലം പാലിക്കുക. ആളുകൂടുന്നിടങ്ങളിൽ, കല്യാണങ്ങൾക്ക്, പാലുകാച്ചലുകൾക്ക്, ബർത്ത് ഡേ പാർട്ടികൾക്ക്,  കുർബാനയ്ക്ക്, ജുമാ നമസ്‌കാരങ്ങൾക്ക് ഒക്കെ പങ്കെടുക്കാതിരിക്കണം എന്ന് നമ്മൾ നിർബന്ധിക്കപ്പെടുകയാണ്. 

തുടക്കം മുതൽ അമേരിക്കൻ പ്രസിഡന്റ് കൊവിഡ് 19 -നേപ്പറ്റി അമേരിക്കൻ ജനതയോട് പറഞ്ഞതൊക്കെ പച്ചക്കള്ളങ്ങൾ മാത്രമായിരുന്നു എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സ്വന്തം കെടുകാര്യസ്ഥത മറച്ചു പിടിക്കാൻ വേണ്ടി അമേരിക്കൻ പൗരന്മാരെ ട്രംപ് തെറ്റിദ്ധാരണപ്പുറത്ത് നിർത്തി. "ഒരു കുഴപ്പവുമില്ല, നമ്മൾ വളരെ നന്നായി പ്രതിരോധിക്കുന്നു, വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് " എന്നൊക്കെയുള്ള നുണകൾ പറഞ്ഞുകൊണ്ടിരുന്നു.  

ഈ അസുഖത്തിന്റെ എക്സ്പൊനെൻഷ്യൽ കർവ് ഫ്ലാറ്റൻ ചെയ്യപ്പെടണം എന്നുണ്ടെങ്കിൽ, അതായത് അസുഖം കാരണമുള്ള മരണങ്ങൾ കുറയണം എന്നുണ്ടെങ്കിൽ, രണ്ടു കാരണങ്ങൾ ആകും അതിനുണ്ടാവുക. ഒന്ന്, സമൂഹത്തിൽ ഒരുവിധം എല്ലാവർക്കും അസുഖം വന്നു ഭേദമായി അവരൊക്കെ അസുഖത്തോട് പ്രതിരോധശേഷി ഉള്ളവരായി മാറുക. രണ്ട്, എല്ലാവർക്കും വാക്സിന്റെ സഹായം കിട്ടുക. ഉത്തരകൊറിയൻ മോഡൽ ഇതിൽ വളരെ അഭിനന്ദനാർഹമാണ്. പക്ഷേ, ആ നേട്ടം കൈവരിക്കണം എന്നുണ്ടെങ്കിൽ അവർ ചെയ്ത അത്ര തന്നെ ടെസ്റ്റുകൾ മറ്റുള്ള രാജ്യങ്ങളും ചെയ്യണം. അത് വളരെ ദുഷ്കരമായ ദൗത്യമാണ്. കാരണം, ദക്ഷിണ കൊറിയ ചെയ്തത് രണ്ടു ലക്ഷത്തിലധികം ടെസ്റ്റുകളാണ്. 

എത്രയും പെട്ടെന്ന് പരമാവധി പേരെ ടെസ്റ്റ് ചെയ്ത്, അസുഖമുള്ളവർ മാറ്റി നിർത്തുക എന്നതാണ് ചെയ്യേണ്ടുന്നത്. അത് എത്രയും പെട്ടെന്ന് ചെയ്യുന്നോ അത്രയും കുറച്ച് മരണങ്ങളിൽ കാര്യം നിൽക്കും. പല രാജ്യങ്ങളും, ഉദാ. സിംബാബ്‌വെ, ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.  അത് അവിടെ രോഗികൾ ഇല്ലാത്തതുകൊണ്ടല്ല, അവർക്ക് ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. 

കൊവിഡ് 19 -നെപ്പോലൊരു മാരകപകർച്ചവ്യാധിയെ നേരിടേണ്ടി വരുമ്പോൾ ഒരു രാജ്യത്തിന് അത്യാവശ്യമായിട്ടുള്ളത് എബോളയ്ക്കെതിരായ പോരാട്ടത്തിൽ ബരാക്ക് ഒബാമയുടെ സർവ്വസൈന്യാധിപനായിരുന്ന റോൺ ക്ലെയിനിനെപ്പോലെ ഒരു ശക്തനായ നേതാവിനെയാണ് എന്ന് ബ്രില്യന്റ് പറഞ്ഞു. സിംഗിൾ പോയന്റ് ഓഫ് കോണ്ടാക്ടിനെ ആണ്. തികഞ്ഞ ഏകോപനമാണ് ഇങ്ങനെ ഒരു രോഗത്തെ നേരിടാൻ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊറോണാവൈറസിനെതിരായ പോരാട്ടം ഏറെ പ്രയാസകരമാണ് എങ്കിലും, ഇതും കടന്നുപോകും നമ്മൾ എന്നുതന്നെയാണ് ലാറി ബ്രില്യന്റ് പറയുന്നത്. 

click me!