Latest Videos

Covid Cases : 'കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Web TeamFirst Published Mar 17, 2022, 7:55 PM IST
Highlights

ആഗോളതലത്തില്‍ എട്ട് ശതമാനത്തോളമാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഒരു കോടിയിലധികം കേസുകളും 43,000 പുതിയ മരണങ്ങളുമാണ് മാര്‍ച്ച് 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ ( Covid Cases ) വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന ( World Health Organization ) . ചില രാജ്യങ്ങളിലെങ്കിലും വരും ആഴ്ചകളിലും മാസങ്ങളിലും ഇത് സാരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. 

പലയിടങ്ങളിലും കൊവിഡ് 19 രോഗത്തെ നിസാരമായി കണ്ടുതുടങ്ങിയെന്നും ഇതിന്റെ ഭാഗമായി കൊവിഡ് പരിശോധനയും, കൊവിഡ് വാക്‌സിന്‍ വിതരണവുമെല്ലം ഭാഗികമായി നിര്‍ത്തലാക്കപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. രോഗവ്യാപനം അതിവേഗത്തില്‍ നടത്താന്‍ സാധിക്കുന്ന ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണ് നിലവില്‍ പ്രതിസന്ധിയാകുന്നതത്രേ. 

ഒമിക്രോണ്‍ ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ പല ഉപവകഭേദങ്ങളും സ്ഥിരീകരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. രോഗതീവ്രത അത്രമാത്രം ഉയര്‍ത്തുന്നില്ലെങ്കിലും രോഗവ്യാപനം കൂട്ടാന്‍ ഇവ കാരണമാകുന്നുണ്ട്. 

'പല രാജ്യങ്ങളിലും കൊവിഡ് പരിശോധന മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന കണക്ക് ഒരു മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്രമാണെന്ന രീതിയില്‍ വിലയിരുത്തേണ്ടിവരും. വാക്‌സിനെ ചൊല്ലിയുള്ള പല അബദ്ധധാരണകളും വാക്‌സിന്‍ വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതും രോഗത്തിന്റെ തോത് കുത്തനെ ഉയരാന്‍ കാരണമായി...'- ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറയുന്നു. 

ആഗോളതലത്തില്‍ എട്ട് ശതമാനത്തോളമാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഒരു കോടിയിലധികം കേസുകളും 
43,000 പുതിയ മരണങ്ങളുമാണ് മാര്‍ച്ച് 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജനുവരി അവസാനം മുതല്‍ എടുക്കുകയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന കേസ് നിരക്കും മരണനിരക്കും രേഖപ്പെടുത്തപ്പെട്ടത് ഈ സമയത്താണ്. 

ദക്ഷിണ കൊറിയ ( 25 % ), ചൈന (27 % )  എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വര്‍ധനവുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ ആഫ്രിക്കയും മുന്നിട്ട് നില്‍ക്കുന്നു. യൂറോപ്പിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും മരണനിരക്കില്‍ ആശങ്കപ്പെടത്തക്ക വര്‍ധനവുണ്ടായിട്ടില്ല. 

യൂറോപ്പിലാണെങ്കില്‍ വളരെ വൈകാതെ തന്നെ അടുത്ത കൊവിഡ് തരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് തുടക്കം മുതല്‍ തന്നെ ഇതിനുള്ള സൂചനകള്‍ ലഭ്യമായിരുന്നതായും ഇവര്‍ പറയുന്നു. ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, യുകെ എന്നിവിടങ്ങളിലെല്ലാം കേസ് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

അതേസമയം പുതിയ കൊവിഡ് വൈറസ് വകഭേദങ്ങള്‍ എത്രമാത്രം അപകടകാരികളാണെന്നതും സ്ഥിതിഗതികള്‍ എത്രയെല്ലാം മോശമാക്കുമെന്നതും നിലവില്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ മുന്നോട്ട് നീങ്ങണമെന്നാണ് ഇവര്‍ നല്‍കുന്ന നിര്‍ദേശം.

Also Read:-  മാസ്ക് ഉപേക്ഷിക്കാനുള്ള സമയമായോ? ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു...

ഡെല്‍റ്റാക്രോണിനെ പേടിക്കണമോ? വിദ?ഗ്ധര്‍ പറയുന്നത്;യൂറോപ്പിലെ പല രാജ്യങ്ങളിലും ഒമിക്രോണ്‍, ഡെല്‍റ്റ കൊറോണ വൈറസ് വേരിയന്റുകളുടെ ഒരു പുതിയ വകഭേദം ഉയര്‍ന്നുവരുന്നതായി ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍റ്റാക്രോണ്‍ എന്ന് ചിലര്‍ വിശേഷിപ്പിച്ച് തുടങ്ങിയ ഈ വകഭേദം ഫ്രാന്‍സ്, ഹോളണ്ട്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ പടരുന്നു എന്നാണ് ലോകാരോ?ഗ്യ സംഘടന വ്യക്തമാക്കുന്നത്... Read More...

click me!