
കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ ( Covid 19 Disease ) തന്നെയാണ് നാമിപ്പോഴും. കൊവിഡിനെതിരായ വാക്‌സിന്‍ ( Covid Vaccine ) വന്നുവെങ്കിലും ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകള്‍ വ്യാപകമായതോടെ വലിയ വെല്ലുവിളികളാണ് ഉയര്‍ന്നുവന്നിരുന്നത്.
'ആല്‍ഫ', 'ബീറ്റ', എന്നീ വൈറസുകള്‍ക്ക് ശേഷം വന്ന 'ഡെല്‍റ്റ' വൈറസ് വകഭേദം ഇന്ത്യയടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗമാണ് സൃഷ്ടിച്ചത്. എളുപ്പത്തില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത.
ഡെല്‍റ്റയുണ്ടാക്കിയ ഭീതിയോളമെത്തിയില്ല ഇതിന് ശേഷം വന്ന ഒമിക്രോണ്‍ തരംഗം. ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നായിട്ടും ഡെല്‍റ്റ സൃഷ്ടിച്ച പ്രതിസന്ധികളൊന്നും ഒമിക്രോണ്‍ പിന്തുടര്‍ന്നില്ല.
എങ്കിലും ഒമിക്രോണിനെയും ആശങ്കപ്പെടേണ്ട രോഗകാരികളുടെ പട്ടികയില്‍ തന്നെയാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത് ഒമിക്രോണ്‍ തന്നെയാണ്. ഒമിക്രോണ്‍ തന്നെ ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ വിവിധ ഉപവകഭേദങ്ങളായും രൂപാന്തരപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഇതിലെ രണ്ട് ഉപവകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ ഒമിക്രോണ്‍ വൈറസ് രൂപപ്പെട്ടിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇസ്രയേലിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ബിഎ.1, ബിഎ.2 എന്നീ ഉപവകഭേദങ്ങള്‍ കൂടിച്ചേര്‍ന്നാണ് പുതിയ വകഭേദമുണ്ടായിരിക്കുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ട് യാത്രക്കാരിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ രണ്ട് രോഗികളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നും ചികിത്സാപരമായി ഇവര്‍ക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഇസ്രയേലി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം പുതിയ വകഭേദം അപകടകാരിയാണോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഇക്കാര്യത്തില്‍ പഠനം കൂടിയേ മതിയാകൂ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
ഇതുവരെ പത്തര ലക്ഷത്തോളം കൊവിഡ് കേസുകളാണേ്രത ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 8,244 പേര്‍ രോഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ആകെ ജനസംഖ്യയില്‍ പകുതിയിലധികം പേരും മൂന്ന് ഡോസ് വാക്‌സിനും സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
പുതുതായി കണ്ടെത്തപ്പെട്ടിരിക്കുന്ന വകഭേദത്തില്‍ രോഗലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഇസ്രയേലി ആരോഗ്യവകുപ്പ് അറിയിക്കുന്നുണ്ട്. തൊണ്ടവേദനയും ചുമയുമാണ് പ്രധാനമായും ഒമിക്രോണില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഇതുതന്നെ പുതിയ വകഭേദത്തിലും കാണുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതുപോലെ തന്നെ ഇത് എത്രമാത്രം അപകടകാരിയാണെന്നതിനെ കുറിച്ചും നിലവില്‍ വിവരങ്ങള്‍ ലഭ്യമല്ല. എത്തരത്തിലാണ് ഇതിന്റെ രോഗവ്യാപന ശേഷിയെന്നോ മറ്റോ ഇതുവരെ അറിവായിട്ടില്ല.
മുമ്പും രണ്ട് വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ വകഭേദമുണ്ടാകുന്ന പ്രതിഭാസം കൊവിഡ് വൈറസിന്റെ കാര്യത്തില്‍ നാം കണ്ടിട്ടുണ്ട്. ഡെല്‍റ്റയും ഒമിക്രോണും കൂടിച്ചേര്‍ന്നുണ്ടായ ഡെല്‍റ്റക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി കേസുകള്‍ സൃഷ്ടിച്ചിരുന്നു. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്‍റെ ജനറ്റിക് സിഗ്‌നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഇതിന് ഡെല്‍റ്റക്രോണ്‍ എന്ന പേരു നൽകിയത്. ഇതിന്റെ സവിശേഷതകളെ കുറിച്ചും ഗവേഷകര്‍ പഠിച്ചുവരുന്നതേയുള്ളൂ.എങ്കിലും പുതിയ വകഭേദങ്ങളെ എല്ലാം കരുതിയിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവര്‍ത്തിക്കുന്നത്.
Also Read:- ഡെൽറ്റാക്രോണിനെ പേടിക്കണമോ? വിദഗ്ധർ പറയുന്നത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam