മുതിർന്നവരിലെ കൊവിഡ് ബാധ ഡിമെൻഷ്യയിലേക്ക് നയിക്കാൻ സാധ്യത എന്ന് പുതിയ പഠനം

By Web TeamFirst Published Jun 24, 2021, 11:25 AM IST
Highlights

ഓക്സ്ഫഡ് സർവകലാശാല നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, കൊറോണ വൈറസ് തലച്ചോറിലെ ഗ്രേ മാറ്റർ എന്നറിയപ്പെടുന്ന സ്‌മൃതി കോശങ്ങളെ നശിപ്പിക്കുന്നുണ്ട് എന്നാണ്.

കൊവിഡ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ രുചിയും മണവും നഷ്ടപ്പെടൽ ആണെന്ന് നമുക്കെല്ലാം അറിയാം. ഇങ്ങനെ ഒരനുഭവം രോഗിക്കുണ്ടാവുന്നതിന്റെ കൃത്യമായ തെളിവുകൾ തലച്ചോറിൽ കാണുന്നുണ്ടെന്ന് പുതിയ പഠനം പറയുന്നു.

കൊവിഡ് രോഗികളുടെ തലച്ചോറിന്റെ ഇമേജുകളെ ആധാരമാക്കി നടത്തപ്പെട്ട ഏറ്റവും പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ ഉണ്ടായിട്ടുള്ളത്. ശ്വാസകോശത്തെ ബാധിക്കുന്ന കൊറോണാ കുടുംബത്തിൽ പെട്ട മറ്റു വൈറസുകളും, മനുഷ്യന്റെ രുചി, മണം, ബഹുകർമ്മശേഷി എന്നിവയെ ബാധിക്കുന്നുണ്ടെന്ന് മുൻകാല പഠനങ്ങളിലൂടെ വെളിപ്പെട്ടിട്ടുള്ളതാണ്.

Latest Videos

കൊവിഡ് ബാധയ്ക്ക് ശേഷമുണ്ടാകുന്ന സംവേദന ശേഷിക്കുറവ് ഇതുകൊണ്ടാണ് എന്നതും ഈ പഠനങ്ങൾ തെളിയിച്ചിരുന്നു.  ഇതുവരെ പിയർ റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല എങ്കിലും, ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, കൊറോണ വൈറസ് തലച്ചോറിലെ ഗ്രേ മാറ്റർ എന്നറിയപ്പെടുന്ന സ്‌മൃതി കോശങ്ങളെ നശിപ്പിക്കുന്നുണ്ട് എന്നാണ്.

കൊറോണ വൈറസ് നേരിട്ട് ഈ കോശങ്ങളെ നശിപ്പിക്കുകയാണോ അല്ലെങ്കിൽ നാശത്തിനു കാരണമായ ഏതെങ്കിലും പരോക്ഷ പ്രക്രിയക്ക് തുടക്കമിടുകയാണോ ചെയ്യുന്നത് എന്നതും വ്യക്തമല്ല.  നമ്മുടെ ശരീരത്തിലെ സംവേദനങ്ങളെ നിയന്ത്രിക്കുന്ന, ചലന ശേഷിയെ നിർണയിക്കുന്ന കേന്ദ്ര നാഡീവ്യവസ്ഥയിലെ മർമ്മ പ്രധാനമായ കോശങ്ങളാണ് ഗ്രേ മാറ്റർ എന്ന പേരിൽ അറിയപ്പെടുന്നത്.

"ഇങ്ങനെ ഗ്രേ മാറ്റർ നശിക്കാൻ കാരണം ഒന്നുകിൽ കൊറോണ വൈറസിന്റെ നേരിട്ടുള്ള ആഘാതമാകാം. അല്ലെങ്കിൽ, ഈ രോഗികളിൽ പലരും മുതിർന്ന പൗരന്മാരാണ്, അവർക്ക് രക്താതിമർദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ മറ്റു പല രോഗങ്ങളും ഉള്ളതുകൊണ്ടും ആകാം. ഈ രണ്ടു കാരണങ്ങൾ ചേർന്നുള്ള പ്രവർത്തനവുമാകാം. ഏതിനും, ഓർമ്മയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഗ്രേ മാറ്റർ നശിച്ചാൽ, അത് ഈ രോഗികളിൽ ഭാവിയിൽ ഡിമെൻഷ്യ പോലുള്ള ഗുരുതര രോഗങ്ങൾ ഉണ്ടാകാനുള്ള ഒരു സാധ്യത നിലനിൽക്കുന്നുണ്ട്." ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ച ഓക്സ്ഫോർഡിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ പറഞ്ഞു.

യുകെയിൽ ബയോ ബാങ്ക് ഇനിഷ്യയേറ്റിവിന്റെ ഭാഗമായി സംഘടിപ്പിച്ച, 45 വയസ്സിനുമേൽ പ്രായമുള്ള 40,000 -ൽ പരം കൊവിഡ് രോഗികളുടെ തലച്ചോറിന്റെ സ്കാൻ ഇമേജുകളെ ആധാരമാക്കികൊണ്ടാണ് പ്രസ്തുത പഠനം നടന്നിട്ടുള്ളത്.  ഇതേ രോഗികളിൽ നടത്താനിരിക്കുന്ന തുടർ പഠനങ്ങൾ ഈ കോശങ്ങൾ കൊവിഡ് കാരണമുണ്ടായ നാശത്തിൽ നിന്ന് കരകയറുന്നുണ്ടോ, അതോ കൂടുതൽ വഷളാകുന്നുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും എന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. 

കൊവിഡ് 19; 'ഡെല്‍റ്റ' വകഭേദത്തിനെതിരെ ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സിനുകള്‍ ഫലപ്രദമെന്ന് പഠനം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!