Covid Symptom : 'ഏറ്റവുമധികം കൊവിഡ് രോഗികളില്‍ കണ്ട ഒരേയൊരു ലക്ഷണം'

Published : Jul 03, 2022, 08:51 PM IST
Covid Symptom : 'ഏറ്റവുമധികം കൊവിഡ് രോഗികളില്‍ കണ്ട ഒരേയൊരു ലക്ഷണം'

Synopsis

ഓരോ ദിവസവും കൊവിഡ് സംബന്ധമായ പഠനങ്ങള്‍ ലോകത്ത് പലയിടങ്ങളിലായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ യുകെയിലെ 'സൂ കൊവിഡ് ആപ്പ്' പുറത്തുവിട്ടൊരു വിവരമാണിനി പങ്കുവയ്ക്കുന്നത്. 

കൊവിഡ് 19 രോഗവുമായുള്ള ( Covid 19 ) നമ്മുടെ പോരാട്ടം തുടങ്ങി മൂന്ന് വര്‍ഷമായിരിക്കുന്നു. ഇതിനോടകം തന്നെ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം നാം മനസിലാക്കിക്കഴിഞ്ഞു. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ( Covid Symptoms ) , രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ. 

എങ്കില്‍ കൂടിയും കൊവിഡ് രോഗം ( Covid 19 ) വലിയ വെല്ലുവിളികളാണ് ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വാക്സിന്‍ ഒരു പരിധി വരെ രോഗത്തോട് മല്ലിടാന്‍ നമ്മെ പ്രാപ്തരാക്കിയെങ്കിലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഓരോ ദിവസവും കൊവിഡ് സംബന്ധമായ പഠനങ്ങള്‍ ലോകത്ത് പലയിടങ്ങളിലായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ യുകെയിലെ 'സൂ കൊവിഡ് ആപ്പ്' പുറത്തുവിട്ടൊരു വിവരമാണിനി പങ്കുവയ്ക്കുന്നത്. 

കൊവിഡ് ആദ്യമായി കണ്ടെത്തപ്പെട്ടത് മുതല്‍ തന്നെ ലോകത്ത് പലയിടങ്ങളില്‍ നിന്നായി കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് കൃത്യമായി പുറത്തുവിട്ടുകൊണ്ടിരുന്ന ഒരു സംഘമായിരുന്നു 'സൂ കൊവിഡ് ആപ്പ്'. 

ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തങ്ങളുടെ വിവരങ്ങള്‍ അനുസരിച്ച് ഏറ്റവുമധികം കൊവിഡ് രോഗികളില്‍ കണ്ട ഒരേയൊരു ലക്ഷണത്തെ ( Covid Symptoms ) കുറിച്ചാണിവര്‍ പങ്കുവച്ചിരിക്കുന്നത്. തലവേദനയാണ് ഇത്തരത്തില്‍ ഏറ്റവുമധികം രോഗികളില്‍ കണ്ടെത്തപ്പെട്ട കൊവിഡ് ലക്ഷണമത്രേ. 'സൂ കൊവിഡ് ആപ്പു'മായി ബന്ധപ്പെട്ട കൊവിഡ് രോഗികളില്‍ 69 ശതമാനം പേരും റിപ്പോര്‍ട്ട് ചെയ്ത ലക്ഷണം ഇതായിരുന്നുവെന്നാണ് ഇവര്‍ അറിയിക്കുന്നത്. 

കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടൊരു പ്രശ്നം തന്നെയായിരുന്നു തലവേദന. എന്നാലിതാണ് ഏറ്റവുമധികം രോഗികളില്‍ കണ്ട ലക്ഷണമെന്നത് ആദ്യമായാണ് വിദഗ്ധരുടെ ഒരു സംഘം സ്ഥിരീകരിക്കുന്നത്. 

രോഗം ബാധിക്കപ്പെട്ട ആദ്യഘട്ടത്തിലാണത്രേ തലവേദന കാണപ്പെടുന്നത്. ഇത് രോഗം ഭേദമായ ശേഷവും നീണ്ടുനില്‍ക്കാമെന്നും വിദഗ്ധര്‍ പറയുന്നു. അതായത്, 'ലോംഗ് കൊവിഡ്' അഥവാ കൊവിഡ് അനുബന്ധമായി ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളിലും ഉള്‍പ്പെടുന്നതായും ഇവര്‍ പറയുന്നു.

കൊവിഡ് തലവേദന എങ്ങനെ തിരിച്ചറിയാം? 

ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദനയുടേതിന് സമാനമായാണത്രേ കൊവിഡ് തലവേദനയും കണ്ടുവരുന്നത്. നേരിയ രീതിയില്‍ തുടങ്ങി തീവ്രത കൂടുന്ന തരം തലവേദനയായിരിക്കും ഇത്. നെറ്റിയില്‍ സമ്മര്‍ദ്ദം തോന്നിക്കുന്ന, 'ടൈറ്റ്' ആയി തോന്നിക്കുന്ന വേദന. തലയ്ക്ക് പിന്നിലും കഴുത്തിന് പിന്നിലുമെല്ലാം വേദന അനുഭവപ്പെടാം. തലയുടെ രണ്ട് വശത്തും വേദന തോന്നാം. മൂന്ന് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്നതും കൊവിഡ് തലവേദനയുടെ പ്രത്യേകതയാണ്. പതിവായി കഴിക്കുന്ന പെയിന്‍ കില്ലേഴ്സിന് ഒരുപക്ഷേ ഭേദപ്പെടുത്താൻ സാധിക്കാത്തതും ആയിരിക്കാമിത്. 

കാര്യങ്ങളിങ്ങനെയാണെങ്കിലും തലവേദന അനുഭവപ്പെടുമ്പോഴെല്ലാം അത് കൊവിഡ് ബന്ധപ്പെട്ടതാണെന്ന് ചിന്തിക്കരുത്. തലവേദനയ്ക്കൊപ്പം പനി, തളര്‍ച്ച, തൊണ്ടവേദന, ചുമ, ജലദോഷം, ദഹനപ്രശ്നങ്ങള്‍, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെയുള്ള മറ്റ് ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ തീര്‍ച്ചയായും കൊവിഡ് പരിശോധന നടത്തുക.

Also Read:-  'ഒന്നില്‍ കൂടുതല്‍ തവണ കൊവിഡ് ബാധിതരായാല്‍...'; പഠനം പറയുന്നത് കേള്‍ക്കൂ

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍