
കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പോരാട്ടത്തിലാണ് രാജ്യങ്ങള്‍. കൊവിഡ് പ്രതിരോധത്തിന് പ്രധാനമായി വേണ്ടത് സാമൂഹിക അകലമാണ്. എന്നാല്‍ അതിനോട് സഹകരിക്കാൻ ഈ ലോക്ഡൗൺ കാലത്തും പലരും തയാറാകുന്നില്ല എന്നാണ് നാം മനസ്സിലാക്കുന്നത്. ഇത്തരക്കാർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിവരം പങ്കുവയ്ക്കുകയാണ് ഗൈനക്കോളജിസ്റ്റും വന്ധ്യതാ ചികിത്സാ വിദഗ്ധനുമായ ഡോ. ഷൈജസ്.
ഒരു വ്യക്തിയിൽ നിന്ന് 5016 പേര്‍ക്ക് കൊവിഡ് പകര്‍ന്നതിനെ കുറിച്ചാണ് ഡോക്ടര്‍ പറയുന്നത്. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ദക്ഷിണ കൊറിയയിലെ കൊവിഡ് രോഗികളിൽ 60 ശതമാനം പേർക്കും രോഗം പകരാനിടയാക്കിയ ഒരൊറ്റ വ്യക്തിയുടെ അശ്രദ്ധയെപ്പറ്റി അദ്ദേഹം പറയുന്നത്.
‘ഫെബ്രുവരി ആറാം തീയതിയാണ് ഈ സംഭവത്തിന്റെ തുടക്കം. ഗുരുതരമല്ലാത്ത ഒരു റോഡപകടത്തെത്തുടർന്ന് ഒരു സ്ത്രീയെ ആശുപത്രിയിലെത്തിക്കുന്നു. ചികിത്സയ്ക്കും ഒരു ദിവസത്തെ ആശുപത്രിവാസത്തിനും ശേഷം അവരെ ഡിസ്ചാർജ് ചെയ്യുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ ചെറിയ പനി ശ്രദ്ധയിൽ പെടുകയും ഡോക്ടർമാർ ഒരു ടെസ്റ്റിന് നിർദേശിക്കുകയും ചെയ്യുന്നു. എന്നാൽ ഗുരുതരമല്ലാത്ത പ്രശ്നമായതിനാൽ അവർ ആ ടെസ്റ്റ് ചെയ്യാതെ പോകുന്നു.
അടുത്ത രണ്ടാഴ്ച അവരുടെ ജീവിതത്തിൽ എന്തു നടന്നു എന്നതാണ് ഈ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പള്ളികളില്‍ നടന്ന രണ്ട് കൂട്ടായ്മകൾ, ഒരു ടാക്സി യാത്ര, സുഹൃത്തിന്റെ കൂടെ ഒരു ബുഫെ ലഞ്ച്, സാധനങ്ങൾ വാങ്ങാനായി മാര്‍ക്കറ്റുകള്‍..അങ്ങനെ പോകുന്നു അവരുടെ യാത്രകള്‍. ശേഷം അവരിൽ ലക്ഷണങ്ങൾ മൂർച്ഛിക്കുകയും ടെസ്റ്റിൽ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ച അവർ സമ്പർക്കം പുലർത്തിയവരുടെ പട്ടിക ഞെട്ടിക്കുന്നതായിരുന്നു. 9300 പേരുമായി സമ്പർക്കം പുലർത്തിയതായാണ് കണ്ടെത്തിയത്. ഇതിൽ 5016 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. സൗത്ത് കൊറിയ എന്ന രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് 19 പോസിറ്റീവ് കേസുകളിൽ 60 ശതമാനവും ഉണ്ടായത് ഈ ഒരു വ്യക്തിയില്‍ നിന്നാണ്. ദക്ഷിണ കൊറിയയുടെ മൊത്തം ജനസംഖ്യ 6 കോടി മാത്രമാണ്. അത്ര ചെറിയൊരു രാജ്യത്ത് ഇത്രയും വലിയൊരു വിപത്ത് ഒരു വ്യക്തിക്കുണ്ടാക്കാൻ സാധിക്കുമെങ്കിൽ 150 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഒരു വ്യക്തിക്കാകും. അതുകൊണ്ടാണ് വീട്ടിലിരുന്നു രാജ്യത്തെ സംരക്ഷിക്കാൻ സർക്കാർ പറയുന്നത്’- ഡോക്ടര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam