അമേരിക്കയില്‍ 'പൊവസാൻ' വൈറസ് ബാധയില്‍ ഒരു മരണം; ജാഗ്രത പാലിക്കാൻ നിര്‍ദേശം

By Web TeamFirst Published May 26, 2023, 12:26 PM IST
Highlights

പൊതുവെ 'പൊവസാൻ വൈറസ് ബാധ അല്‍പം ഗുരുതരം തന്നെയാണ്. കാരണം ഇത് തലച്ചോറിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മസ്തിഷ്കജ്വരമാണ് ഇതുണ്ടാക്കുന്ന വലിയ പ്രയാസം. ഇതില്‍ നിന്ന് രോഗി രക്ഷപ്പെട്ട് കിട്ടണം.

പല തരത്തിലുള്ള വൈറല്‍ അണുബാധകളും അവയുടെ വ്യാപനവും നാം കണ്ടിട്ടുണ്ട്. ഇതില്‍ അപകടകാരികളായ വൈറസുകളും അല്ലാത്തവയും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അമേരിക്കയില്‍ ആശങ്ക സൃഷ്ടിക്കുകയാണ് 'പൊവസാൻ വൈറസ് ബാധ. മുമ്പും ഈ വൈറസ് ബാധ യുഎസിലുണ്ടായിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഒരു മരണം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ആശങ്ക ഏറിയിരിക്കുന്നത്. 

ചെള്ള് ആണ് ഈ രോഗകാരിയായ വൈറസിനെ പരത്തുന്നതത്രേ. രോഗം ബാധിച്ചാല്‍ ഇതിന് പ്രത്യേകമായി ചികിത്സ ലഭ്യമല്ല. പല ഇനത്തില്‍ പെടുന്ന ചെള്ളുകളില്‍ നിന്ന് സീസണലായാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. 

നേരത്തെ തന്നെ 'പൊവസാൻ വൈറസ് ബാധ അമേരിക്കയിലുണ്ടായിട്ടുണ്ടെങ്കിലും ഇത് അപൂര്‍വമായിരുന്നു. എന്നാലിപ്പോള്‍ കേസുകള്‍ കൂടിവരികയാണ്. കൂട്ടത്തില്‍ ഒരു മരൻവും സംഭവിച്ചിരിക്കുന്നു. ഇതാണ് പരിഭ്രാന്തി സൃഷ്ടിക്കുന്നത്. 

രോഗബാധയേറ്റാലും കാര്യമായ ലക്ഷണങ്ങള്‍ കാണില്ല എന്നതിനാലാണ് രോഗനിര്‍ണയം സാധ്യമാകാതെ പോകുന്നത്. അല്ലെങ്കില്‍ വൈകി മാത്രം രോഗം കണ്ടെത്തപ്പെടാൻ കാരണമാകുന്നത്. 

എങ്കില്‍പോലും പനി, തലവേദന, ഛര്‍ദി, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ചിലരില്‍ പ്രകടമാകാം. അതുപോലെ കാര്യങ്ങളില്‍ അവ്യക്തത തോന്നുന്ന അവസ്ഥ, ചിന്താശേഷിയില്‍ പ്രശ്നം, സംസാരിക്കാൻ പ്രയാസം, വിറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും പ്രകടമാകാം. 

പൊതുവെ 'പൊവസാൻ വൈറസ് ബാധ അല്‍പം ഗുരുതരം തന്നെയാണ്. കാരണം ഇത് തലച്ചോറിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മസ്തിഷ്കജ്വരമാണ് ഇതുണ്ടാക്കുന്ന വലിയ പ്രയാസം. ഇതില്‍ നിന്ന് രോഗി രക്ഷപ്പെട്ട് കിട്ടണം.

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കേസുകള്‍ വന്നാല്‍ മരണവും കൂടുമെന്നാണ് ഏവരും ഭയപ്പെടുന്നത്.  'പൊവസാൻ വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സയില്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. രോഗത്തിന്‍റെ ഭാഗമായി രോഗി എത്തരത്തിലാണോ ബാധിക്കപ്പെടുന്നത് അതിന് അനുസരിച്ച് ഡോക്ടര്‍മാര്‍ ചികിത്സ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. 

Also Read:- രാത്രിയില്‍ ഇടവിട്ട് പനി, വിശപ്പില്ലായ്മയും വണ്ണം കുറയലും; ഏറെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

 

click me!