Deepika Padukone : 'ആ ദിവസങ്ങളിലെല്ലാം ആത്മഹത്യയെ കുറിച്ചായിരുന്നു ചിന്ത മുഴുവൻ'

Published : Aug 05, 2022, 08:47 PM ISTUpdated : Aug 05, 2022, 08:53 PM IST
Deepika Padukone : 'ആ ദിവസങ്ങളിലെല്ലാം ആത്മഹത്യയെ കുറിച്ചായിരുന്നു ചിന്ത മുഴുവൻ'

Synopsis

വിഷാദരോഗം പോലുള്ള മാനസിക വിഷമതകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ചുറ്റുമുള്ളവരുടെ പിന്തുണ ഏറെ ആവശ്യമാണ്. ഒപ്പം ചികിത്സയും. ഈ രണ്ട് കാര്യങ്ങളും ഉറപ്പുവരുത്താനായില്ലെങ്കില്‍ ഒരുപക്ഷേ നമ്മുടെ കണ്‍മുന്നില്‍ വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇല്ലാതായിപ്പോകുന്ന അവസ്ഥയുണ്ടാകാം

വിഷാദരോഗം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ ( Depression Symptoms ) എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആഗോളതലത്തില്‍ തന്നെ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ മുൻപന്തിയിലാണ് ഇന്ത്യയെന്നതും അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിനിടെ മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗം അടക്കമുള്ള മാനസികപ്രശ്നങ്ങളെ കുറിച്ചും വലിയ രീതിയിലുള്ള ചര്‍ച്ചകളും സജീവമായിത്തുടങ്ങി.

ഇക്കൂട്ടത്തില്‍ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണങ്ങളില്‍ വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നൊരു താരമാണ് ദീപിക പദുകോണ്‍ ( Deepika Padukone ) . ഇത്തരം വിഷയങ്ങളില്‍ സെലിബ്രിറ്റികള്‍ പങ്കാളികളാകുമ്പോള്‍ അതിനുണ്ടാകുന്ന ഫലം ചെറുതല്ല. 

പ്രത്യേകിച്ച് ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ ആത്മഹത്യയോടെയാണ് വിഷാദരോഗത്തെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ ബോളിവുഡിലും അതിന് പിന്നാലെ യുവാക്കള്‍ക്കിടയിലും സജീവമായത്. ഈ സാഹചര്യങ്ങളിലെല്ലാം താൻ വിഷാദരോഗത്തെ എങ്ങനെയാണ് ചെറുത്ത് തോല്‍പിച്ചതെന്ന് ദീപിക പലതവണ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും അതെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ദീപിക. മുംബൈയില്‍ അടുത്തിടെ നടന്നൊരു പരിപാടിക്കിടെയാണ് ദീപിക തന്‍റെ അനുഭവങ്ങള്‍ വീണ്ടും പങ്കുവച്ചത്. വിഷാദം അലട്ടിയിരുന്ന നാളുകളില്‍ ആത്മഹത്യയെ കുറിച്ചായിരുന്നു ഏറെയും ചിന്തിച്ചിരുന്നതെന്നും കൃത്യസമയത്ത് അമ്മയുടെ ഇടപെടലോടെ ചികിത്സ ലഭ്യമായതോടെയാണ് ജീവിതം മാറിമറിഞ്ഞതെന്നും ദീപിക പറയുന്നു.

'കരിയറില്‍ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇങ്ങനെയെല്ലാം സംഭവിക്കാൻ യാതൊരു കാരണങ്ങളും നിലനിന്നിരുന്നില്ല. എന്നിട്ടും അത് സംഭവിച്ചു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്ക് വല്ലാത്ത ശൂന്യത തോന്നി. വയറ്റിനുള്ളില്‍ നിന്നൊക്കെ എന്തോ അസ്വസ്ഥത. എന്ത് ചെയ്യണമെന്നറിയില്ല. എങ്ങോട്ടെങ്കിലും പോകാൻ തോന്നും, പക്ഷേ എങ്ങോട്ടെന്ന് അറിയില്ല. ഒരു ദിശാബോധവുമില്ല. കുത്തിയിരുന്ന് കരഞ്ഞുകൊണ്ടേയിരുന്നു...

വിശദീകരിക്കാൻ ഒരു കാരണവുമില്ലാതെ ഞാൻ തകര്‍ന്നുകൊണ്ടിരുന്നു. ചില ദിവസങ്ങളില്‍ ഞാൻ കിടപ്പുമുറി വിട്ട് പുറത്തിറങ്ങുകയേ ചെയ്യില്ലായിരുന്നു. എപ്പോഴും ഉറങ്ങും. ഉറക്കം തീരാത്തത് കൊണ്ടല്ല, അതെനിക്കൊരു രക്ഷപ്പെടലായിരുന്നു. ആത്മഹത്യയെ കുറിച്ചായിരുന്നു എപ്പോഴും ചിന്ത...

...എന്‍റെ അമ്മയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. എന്‍റെ പ്രശ്നം ആദ്യം തിരിച്ചറിഞ്ഞത് ( Depression Symptoms )  അമ്മയാണ്. കാരണം അത് തിരിച്ചറിയാനുള്ള മാനസികാവസ്ഥ പോലും എനിക്കില്ലായിരുന്നു. ബംഗലൂരുവില്‍ നിന്ന് അമ്മയും അച്ഛനും മുംബൈയില്‍ എന്നെ കാണാൻ വരുമ്പോഴെല്ലാം ഞാൻ എല്ലാ കാര്യങ്ങളും നോര്‍മലാണെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിക്കുമായിരുന്നു. എന്നിട്ടും അവരത് മനസിലാക്കി. പ്രണയമാണോ പ്രശ്നം, ജോലിയാണോ പ്രശ്നം, മറ്റെന്തെങ്കിലും സംഭവിച്ചോ എന്നെല്ലാം അമ്മ ചോദിച്ചുകൊണ്ടിരുന്നു. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല...'- ദീപിക പറയുന്നു. 

തുടര്‍ന്ന് വിഷാദരോഗം സ്ഥിരീകരിച്ചതോടെ സൈക്യാട്രിസ്റ്റിന് കീഴില്‍ ചികിത്സ തുടങ്ങിയെന്നും മരുന്ന് എടുത്ത് തുടങ്ങിയതോടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയെന്നും ദീപിക പറയുന്നു. നിലവില്‍ മാനസികാരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് തണലൊരുക്കുന്ന 'ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ' പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ദീപിക. 2015ല്‍ ദീപികയാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. 

വിഷാദരോഗം പോലുള്ള മാനസിക വിഷമതകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ചുറ്റുമുള്ളവരുടെ പിന്തുണ ഏറെ ആവശ്യമാണ്. ഒപ്പം ചികിത്സയും. ഈ രണ്ട് കാര്യങ്ങളും ഉറപ്പുവരുത്താനായില്ലെങ്കില്‍ ഒരുപക്ഷേ നമ്മുടെ കണ്‍മുന്നില്‍ വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇല്ലാതായിപ്പോകുന്ന അവസ്ഥയുണ്ടാകാം. അതുകൊണ്ട് തന്നെ മാനസികാരോഗ്യത്തെ നിസാരമായി കാണാതെ, അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിക്കൊണ്ട്, പോരാടിക്കൊണ്ട്, പരസ്പരം ആശ്രയമായിക്കൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഇതുതന്നെയാണ് ദീപികയെ ( Deepika Padukone ) പോലുള്ളവരും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. 

Also Read:- ഉറങ്ങാൻ കിടക്കുമ്പോള്‍ ആവശ്യമില്ലാത്ത ആലോചനകള്‍, നെഞ്ചിടിപ്പ്? ഇതൊന്ന് ചെയ്തുനോക്കൂ...

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക