'ഡെല്‍റ്റ' വകഭേദം കുട്ടികള്‍ക്ക് കൂടുതല്‍ അപകടകരമാണെന്ന് പ്രചരണം; അറിയാം ചിലത്...

By Web TeamFirst Published Aug 17, 2021, 12:38 PM IST
Highlights

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗസമയത്ത് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളിലെ കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും 'ഡെല്‍റ്റ'യെ ആണ്

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. വാക്‌സിനുകള്‍ ലഭ്യമായ സാഹചര്യത്തിലും രോഗവ്യാപനം നിര്‍ബാധം തുടരുന്നത് വലിയൊരു പരിധി വരെ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളുടെ വരവോടുകൂടിയാണ്. 

വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും എളുപ്പത്തില്‍ കടന്നുകയറാനുള്ള കഴിവ് 'ഡെല്‍റ്റ' വകഭേദത്തിനുണ്ട്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരിലെത്തുമ്പോള്‍ രോഗത്തിന്റെ തീവ്രത കുറയുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ 'ഡെല്‍റ്റ' മൂലമുള്ള മരണനിരക്കും കുറവാണെന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

ഇതിനിടെ കുട്ടികള്‍ക്ക് 'ഡെല്‍റ്റ' വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന പ്രചാരണവും ശക്തമാകുന്നുണ്ട്. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ഇപ്പോഴും കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ അതിവേഗം രോഗവ്യാപനം നടത്തുന്ന 'ഡെല്‍റ്റ' കുട്ടികള്‍ക്ക് ഭീഷണിയാകുമെന്ന് തന്നെയാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 

കുട്ടികളിൽ 'ഡെൽറ്റ'...

ആഗോളതലത്തില്‍ തന്നെ 'ഡെല്‍റ്റ'യുടെ വരവോടുകൂടി കുട്ടികളിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മാത്രം 94,000 കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചതായി 'അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്' പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇതിനര്‍ത്ഥം കുട്ടികള്‍ക്കെതിരെ 'ഡെല്‍റ്റ' സാരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്ന് തന്നെയാണ്. 

 

 

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗസമയത്ത് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളിലെ കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും 'ഡെല്‍റ്റ'യെ ആണ്. 

സാധാരണഗതിയില്‍ കൊവിഡ് പ്രതിരോധത്തിനായി അവലംബിക്കുന്ന മാര്‍ഗങ്ങള്‍ തന്നെയാണ് 'ഡെല്‍റ്റ'യില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനും അവലംബിക്കാനാകൂ. മാസ്്ക് ധരിക്കുക, അനാവശ്യമായി പുറത്തുപോകാതിരിക്കുക, സാമൂഹികാകലം പാലിക്കുക, ഇടവിട്ട് കൈകള്‍ ശുചിയാക്കുക എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക. 

കുട്ടികള്‍ ഇക്കാര്യങ്ങളെ ഗൗരവത്തില്‍ കാണാതിരിക്കുകയും, ഈ പ്രതിരോധമാര്‍ഗങ്ങളെ കൃത്യമായി അവലംബിക്കാതിരിക്കുകയും ചെയ്യുന്നതും കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കും. അതിനാല്‍ തന്നെ മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ ഇരട്ടി ശ്രദ്ധ പുലര്‍ത്തിയേ മതിയാകൂ. 

'ഡെല്‍റ്റ' ലക്ഷണങ്ങള്‍...

സാധാരണനിലയില്‍ നിന്ന് 'ഡെല്‍റ്റ' മൂലമുള്ള കൊവിഡ് ബാധയുടെ ലക്ഷണങ്ങളില്‍ നേരിയ വ്യത്യാസം കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചുമയും ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുമൊന്നും 'ഡെല്‍റ്റ'യില്‍ പ്രാഥമിക ലക്ഷണങ്ങളായി വരാറില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

 

 

മറിച്ച് തലവേദന, തൊണ്ടവേദന, ജലദോഷം, പനി എന്നിവയാണത്രേ 'ഡെല്‍റ്റ'യുടെ ലക്ഷണങ്ങളായി വരുന്നത്. ഇതിന് പുറമെ കുട്ടികളില്‍ 'മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം' എന്ന അവസ്ഥയും കണ്ടേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:- കുട്ടികള്‍ അധികസമയം ഫോണില്‍ ചെലവിടുന്നുവോ? മാതാപിതാക്കള്‍ അറിയേണ്ടത്...

click me!