കുട്ടികള്‍ അധികസമയം ഫോണില്‍ ചെലവിടുന്നുവോ? മാതാപിതാക്കള്‍ അറിയേണ്ടത്...

By Web TeamFirst Published Aug 16, 2021, 11:46 AM IST
Highlights

പഠനസൗകര്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍, ഇതിന് ശേഷം അധികസമയം വിനോദങ്ങള്‍ക്കായി ഫോണിനെ ആശ്രയിക്കുന്നത് തടയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമിതമായി ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് കുട്ടികളില്‍ മാനസികമായി ഏറെ സ്വാധീനം ചെലുത്തുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്

ഇത് ഡിജിറ്റല്‍ യുഗമാണ്. ഇന്റര്‍നെറ്റും അതിന്റെ വ്യാപകമായ ഉപഭോഗവും സാരമായ മാറ്റങ്ങളാണ് നമ്മുടെയെല്ലാം ജീവിതത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കൊവിഡ് കാലത്താണ് സാങ്കേതികവിദ്യയുടെ ഇവ്വിധമുള്ള വളര്‍ച്ചയുടെ വ്യാപ്തി പലരും തിരിച്ചറിഞ്ഞത് തന്നെ. 

ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യാവുന്ന, സ്‌കൂള്‍ പഠനം വീട്ടില്‍ തന്നെ നടത്താവുന്ന തരത്തിലേക്ക് നൂതന സംവിധാനങ്ങള്‍ നമുക്ക് അവസരങ്ങളൊരുക്കി തന്നിരിക്കുന്നു. ധാരാളം പ്രയോജനങ്ങള്‍ വിപ്ലവകരമായ ഈ മാറ്റങ്ങളിലൂടെ നമുക്കുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ ചില വെല്ലുവിളികളും ഇത് നമുക്ക് നേരെ ഉയര്‍ത്തുന്നുണ്ട്. 

അതില്‍ പ്രധാനമാണ് കുട്ടികള്‍ അധികസമയം ഇന്റര്‍നെറ്റ് ലോകത്ത് ചെലവിടുന്നത്. മാനസികമായി മാത്രമല്ല, ശാരീരികമായും ഇത് അവരെ പ്രതികൂലമായ തരത്തില്‍ ബാധിക്കുന്നു. ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ മിക്ക സമയവും ഫോണ്‍ കയ്യിലേന്തിക്കൊണ്ട് കഴിച്ചുകൂട്ടുകയാണ് കുട്ടികള്‍. 

'ദ ജേണല്‍ ഓഫ് ഫിസിക്കല്‍ ആക്ടിവിറ്റി ആന്റ് ഹെല്‍ത്ത്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ അടുത്തിടെ വന്നൊരു പഠനറിപ്പോര്‍ട്ട് ശ്രദ്ധിക്കുക. ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 

പത്ത് വയസിന് ശേഷമുള്ള കുട്ടികള്‍ ആഴ്ചയില്‍ ആറ് മണിക്കൂറെങ്കിലും കായികമായ വിനോദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും അധികസമയം ഫോണില്‍ ചെലവിടുകയും ചെയ്യുന്നുവെങ്കില്‍ 14 വയസോടെയോ അതിന് ശേഷമോ അമിതവണ്ണമുണ്ടാകാമെന്നാണ് പഠനം പറയുന്നത്. 

ഏതാണ്ട് അയ്യായിരത്തോളം കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. കുട്ടികളിലെ ഭക്ഷണം, ഉറക്കം, ഫോണ്‍ ഉപയോഗം എന്നിവയ്ക്ക് അമിതവണ്ണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. ഇതില്‍ ആഴ്ചയില്‍ ആറ് മണിക്കൂറെങ്കിലും കായികാധ്വാനമുണ്ടാകാത്ത കുട്ടികളില്‍ അമിതവണ്ണമുണ്ടാകുന്നതായി ഇവര്‍ കണ്ടെത്തുകയായിരുന്നു. 

പഠനസൗകര്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍, ഇതിന് ശേഷം അധികസമയം വിനോദങ്ങള്‍ക്കായി ഫോണിനെ ആശ്രയിക്കുന്നത് തടയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമിതമായി ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് കുട്ടികളില്‍ മാനസികമായി ഏറെ സ്വാധീനം ചെലുത്തുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 

Also Read:- എല്ലാ കാര്യങ്ങളും സ്മാര്‍ട് ഫോണ്‍ ചെയ്യുമെങ്കില്‍ ബുദ്ധിക്ക് അത് ദോഷമോ?

click me!