ദന്തരോഗങ്ങളും ആന്റിബയോട്ടിക്കുകളും; ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക

By Web TeamFirst Published Nov 9, 2019, 8:12 PM IST
Highlights

മോണരോഗത്തിന്റെ പ്രധാന വില്ലൻ ജീവവായുവിന്റെ അസാന്നിദ്ധ്യത്തിൽ കഴിയുന്ന anaerobic ഗണത്തിൽ പെട്ട പോർ ഫൈറോമോണസ്  ജിബിവാലിസ് ആണ്. അവയെ തുരത്താൻ നൈട്രോ ഇമിഡസോൾ ഗണത്തിലുള്ള മെട്രോനിഡസോൾ പോലെയുള്ളവ ഉപയോഗിക്കുന്നു. 

ആവശ്യത്തിനും അനാവശ്യത്തിനും ആന്റിബയോട്ടിക് കഴിക്കുന്നവരാണ് മലയാളികൾ.എന്നാൽ കഴിക്കുന്ന തരമോ രീതിയോ ശരിയായിരിക്കണമെന്നുമില്ല. സ്വയം ചികിത്സ അപകടമാണെന്ന് അനേകം ആവർത്തിച്ച് പറഞ്ഞാലും പിന്നെയും ചെയ്യുന്നവർ അനവധി. ദന്താരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആന്റിബയോട്ടിക്കുകളെ കുറിച്ച് അറിയേണ്ട പത്തു കാര്യങ്ങൾ പറയാം...             

      1. അനാവശ്യമായ ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധം അഥവാ resistance ന് കാരണമാവും. ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുകയോ ഇടയ്ക്ക് വച്ച് നിർത്തുകയോ ചെയ്യരുത്.                          

     2. അമിതമായ ആന്റിബയോട്ടിക് ഉപയോഗം നമുക്ക് സഹായകരമായ അണുക്കളെ കൂടി നശിപ്പിച്ച്  നാവിൽ പൂപ്പൽ ബാധയുണ്ടാകാൻ കാരണമാവുന്നു ( acute atrophic candidiasis or antibiotic sore mouth) .
      
     3. ഒരിക്കലും മുൻപ് ഉപയോഗിച്ച സ്ട്രിപ്പിൽ ബാക്കിയുള്ള ആന്റിബയോട്ടിക് ഉപയോഗിക്കരുത്                                           

     4. ഡോക്ടർ പറയുന്ന നിർദ്ദിഷ്ട കാലയളവിൽ യഥാസമയം ആന്റിട്ടിക്കുകൾ കഴിച്ചു തീർക്കുക.                                           

     5. എല്ലാ അണുക്കളും ഒരേ രീതിയിലുള്ളവയല്ല. ചിലത് ജീവവായുവിന്റെ സാന്നിധ്യത്തിൽ വളരുന്നവയും ചില
ത് അല്ലാത്തതുമാണ്. അതിനാൽ മരുന്നുകളും വിഭിന്നമാണ്                                                     

    6. ദന്തക്ഷയം മൂർച്ഛിച്ച് വേരിന്റെ അറ്റത്ത് നീർവീക്കം ഉണ്ടായി പഴുപ്പായി മാറുമ്പോൾ അതിനെ periapical abscess എന്ന് പറയുന്നു. ഈ അവസ്ഥയിൽ പ്രധാന കാരകനായ സ്ട്രെപ്റ്റോകോക്കസ് ഗണത്തിലുള്ള അണുക്കളെ തുരത്താൻ അമോക്സിലിൻ പോലെയുള്ളവയാണ് ഉപയോഗിക്കുക.

    7. മോണരോഗത്തിന്റെ പ്രധാന വില്ലൻ ജീവവായുവിന്റെ അസാന്നിദ്ധ്യത്തിൽ കഴിയുന്ന anaerobic ഗണത്തിൽ പെട്ട പോർ ഫൈറോമോണസ്  ജിബിവാലിസ് ആണ്. അവയെ തുരത്താൻ നൈട്രോ ഇമിഡസോൾ ഗണത്തിലുള്ള മെട്രോനിഡസോൾ പോലെയുള്ളവ ഉപയോഗിക്കുന്നു.                  

   8. മൂത്രാശയ അണുബാധയ്ക്ക് നൈട്രോഫുരന്റോയിൻ കൊടുക്കാറുള്ളത് പോലെയാണ് മോണരോഗങ്ങൾക്ക് ടെട്രാസൈക്ലിൻ ഗണത്തിലെ ആന്റിബയോട്ടിക് കൊടുക്കുന്നത്. ഒരുദാഹരണം പറയാം നമ്മുടെ വീടിനോട് ചേർന്നൊരു പോലീസ് സ്റ്റേഷനുണ്ട്. എന്തെങ്കിലും സഹായം വേണമെങ്കിൽ നാം അവിടെയാകുമോ 10 കിലോമീറ്റർ മാറി അടുത്ത സ്റ്റേഷനിൽ പോകുമോ.. അടുത്ത് തന്നെ പോകും കാരണം അവർക്കാണ് ഓടിയെത്താൻ എളുപ്പം.

ഇതു പോലെ തന്നെയാണ് നൈട്രോഫുരന്റോയിൻ മൂത്രസഞ്ചിയിലാണ് വന്നടിയുന്നത്. ടെട്രാസൈക്ലിൻ ആവട്ടെ മോണയ്ക്കുള്ളിലെ ദ്രാവകമായ GCF അഥവാ Gingival crevicular fluidൽ രക്തത്തേക്കാൾ 4-10 മടങ്ങ് തോതിൽ വന്നടിയുന്നു. അതാണ് അവ മോണരോഗത്തിൽ ഉപയോഗിക്കാൻ ഒരു  കാരണം. മറ്റൊന്ന് അവയ്ക്ക് അസ്ഥിഭ്രംശമുണ്ടാക്കാൻ കാരണമായ സ്രവങ്ങളെ നിർജീവമാക്കാനും കഴിയും.        

   9. അസ്ഥിക്കുള്ളിലേയ്ക്ക് നന്നായി കടക്കാൻ കഴിവുള്ളൊരു ആന്റിബയോട്ടിക്കാണ് ക്ളിന്റാമൈസിൻ. അതിനാൽ മോണയിൽ നിന്നും രൂപപ്പെട്ട പഴുപ്പിന് ( Periodontal abscess) ഇവ ഫലപ്രദമാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. വയറിന് അസ്വസ്ഥതയുണ്ടാക്കുന്നത് ക്ലിൻറാമൈസിന്റെ ഒരു പ്രധാന പാർശ്വഫലമാണ്.   


  10. ക്ലിന്റാമൈസിനും ടെട്രാസൈക്ലിനും അണുക്കളുടെ വളർച്ച തടയുന്നവയാണ് ( bacteriostatic) എന്നാൽ അമോക്സിലിനും മെട്രോനിഡസോളും അണുക്കളെ കൊല്ലുന്നവയാണ് (bactericidal). ഇവ ഒരുമിച്ച് കൊടുത്താൽ പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല എന്ന അവസ്ഥയിലാവും. അതിനാൽ സൂക്ഷിച്ച് വേണം ഇവ ഉപയോഗിക്കേണ്ടത്.  

കടപ്പാട്; ഡോ. ജി. ആർ മണികണ്ഠൻ 

click me!