പല്ല് തേക്കുന്നത് പോലെ പതിവായി നാവും വൃത്തിയാക്കേണ്ടതുണ്ടോ?

By Web TeamFirst Published Mar 1, 2019, 1:22 PM IST
Highlights

പല്ല് വൃത്തിയാക്കിയത് കൊണ്ടോ മൗത്ത് വാഷ് ഉപയോഗിച്ചതുകൊണ്ടോ വായ്‌നാറ്റം മാറാതിരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം നാവ് വൃത്തിയാക്കാത്തതാണ്. അതേസമയം നാവ് വൃത്തിയാക്കുന്ന കാര്യത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ട്...

പല്ലിന്റെ ആരോഗ്യത്തിനും വൃത്തിക്കും വേണ്ടിയാണ് നമ്മള്‍ പതിവായി പല്ലുതേക്കുന്നത്, അല്ലേ? ഇതുപോലെ നാവും പതിവായി വൃത്തിയാക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പം ഉള്ളതായി കണ്ടുവരാറുണ്ട്. യഥാര്‍ത്ഥത്തില്‍ പതിവായി നാവ് വൃത്തിയാക്കേണ്ടതുണ്ടോ?

പല്ല് വൃത്തിയാക്കുന്നതിനോടൊപ്പം തന്നെ നാവും പതിവായി വൃത്തിയാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണം, ചായ, പുവലിക്കുന്നവരോ മദ്യപിക്കുന്നവരോ ആണെങ്കില്‍ അതിന്റെ അംശങ്ങള്‍ എന്നിവയെല്ലാം നാവില്‍ അവശേഷിക്കും. ഇത് കൂടുതല്‍ സമയം നാക്കില്‍ നില്‍ക്കുന്നതോടെ വിവിധ തരത്തിലുള്ള ബാക്ടീരിയകള്‍ ഉണ്ടാകുന്നു. 

രോഗാണുക്കള്‍ വായ്ക്കകത്ത് അണുബാധയുണ്ടാക്കുകയും ഇതോടൊപ്പം തന്നെ കടുത്ത വായ്‌നാറ്റമുണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും വായ്‌നാറ്റമുള്ളവര്‍ ഈ പ്രശ്‌നത്തെക്കുറിച്ച് അത്രമാത്രം ബോധവാന്മാരാകുന്നില്ലയെന്നതാണ് പ്രശ്‌നം. പല്ല് വൃത്തിയാക്കിയത് കൊണ്ടോ മൗത്ത് വാഷ് ഉപയോഗിച്ചതുകൊണ്ടോ വായ്‌നാറ്റം മാറാതിരിക്കുന്നതിനുള്ള ഒരു കാരണവും ഇതുതന്നെയാണ്. 

നാക്ക് എങ്ങനെ വൃത്തിയാക്കണം?

ചിലര്‍ പല്ല് തേച്ചതിന് ശേഷം വായില്‍ നല്ലരീതിയില്‍ വെള്ളം കൊണ്ട് കുലുക്കിത്തുപ്പാറുണ്ട്. ഇത് നാവിനെയും വൃത്തിയാക്കുമെന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നാവ് വൃത്തിയാകാന്‍ ഇത് മതിയാകില്ല. ബ്രഷോ ടംഗ് സ്‌ക്രാപ്പറോ കൊണ്ട് തന്നെ നാവ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. 

പല്ല് തേച്ചതിന് ശേഷം നാവിന്റെ മുകള്‍ഭാഗം പിറകിലോട്ടും മുന്നിലോട്ടും ഉരച്ചുവൃത്തിയാക്കണം. നാവിന്റെ രണ്ട് വശങ്ങളും മറക്കാതെ വൃത്തിയാക്കണം. ഇതിനെല്ലാം ശേഷം മാത്രം വെള്ളമുപയോഗിച്ച് വായ് നന്നായി കഴുകുക. ചിലയിനം ടംഗ് ക്ലീനറും നാവ് വൃത്തിയാക്കാന്‍ വേണ്ടത്ര ഉപകരിക്കില്ല. നമ്മള്‍ ഉപയോഗിക്കുന്ന ടംഗ് ക്ലീനര്‍ ഉപയോഗപ്രദമാകുന്നുണ്ടോയെന്ന് ഉറപ്പിക്കുകയും വേണം. ഇല്ലെങ്കില്‍ നാവ് വൃത്തിയാക്കുന്നത് വെറുമൊരു പതിവായി മാത്രം മാറും. അതിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാതെ പോയേക്കും. 

ഇങ്ങനെയെല്ലാമാണെങ്കിലും നാവ് വൃത്തിയാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നാവിന് മുകളിലെ രസമുകുളങ്ങള്‍ വളരെ നേര്‍ത്തതാണ്. ഇത് നശിപ്പിക്കുന്ന രീതിയില്‍ അത്രയും ബലം കൊടുത്ത് വൃത്തിയാക്കരുത്. ബലം കൊടുക്കുന്നത് കുറച്ച്, നാവിന്റെ എല്ലാ ഭാഗത്തുനിന്നും ഭക്ഷണത്തിന്റെയും മറ്റ് പാനീയങ്ങളുടെയും കറ നീങ്ങിയെന്ന് മാത്രം ഉറപ്പിച്ചാല്‍ മതിയാകും. 

click me!