വിഷാദവും ഉത്കണ്ഠയും; ഈ കൊവിഡ് കാലത്ത് നിങ്ങള്‍ അറിയേണ്ടത്...

By Web TeamFirst Published Oct 10, 2021, 8:35 PM IST
Highlights

ഇന്ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്ന സാഹചര്യത്തില്‍ ഈ പഠനറിപ്പോര്‍ട്ടിന് വലിയ പ്രാധാന്യവുമുണ്ട്. കൊവിഡിന് പുറമെ തന്നെ ആഗോളതലത്തില്‍ വിഷാദരോഗവും ഉത്കണ്ഠയും പോലുള്ള മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇക്കൂട്ടത്തിലേക്കാണ് മഹാമാരിയുടെ വരവ്

കൊവിഡ് മഹാമാരിക്കാലത്ത് ആരോഗ്യപരമായ പ്രതിസന്ധികള്‍ (Health crisis)  തന്നെ പലവിധത്തിലാണ് നാം നേരിടുന്നത്. ഇതിനൊപ്പം സാമൂഹികവും സാമ്പത്തികവുമായ (Social and Economical) പ്രശ്‌നങ്ങളും നമ്മെ ഏറെ വലയ്ക്കുന്നുണ്ട്. രോഗഭീഷണിയില്‍ നിന്ന് സുരക്ഷിതരായിരിക്കാനും, രോഗം പകര്‍ന്നാല്‍ തന്നെ അതിനെ നിയന്ത്രണത്തിലാക്കാനും ജീവന്‍ രക്ഷിക്കാനുമെല്ലാം വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് ഓരോരുത്തരും കരുതുന്നത്. 

ഇതിനിടെ ഈ സമ്മര്‍ദ്ദങ്ങളെല്ലാം മനസിനെയും കാര്യമായ രീതിയില്‍ തന്നെ ബാധിക്കാം. അതുതന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത്. 'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

കൊവിഡ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് മുതല്‍ വിഷാദരോഗവും ഉത്കണ്ഠയും അനുഭവിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചിരിക്കുന്നുവെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. സ്ത്രീകളാണ് ഇതില്‍ കൂടുതലും ഇരകളാക്കപ്പെട്ടിരിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

 

 

വിഷാദരോഗികളുടെ കണക്കെടുത്താല്‍ നേരത്തേ വിദഗ്ധര്‍ പ്രവചിച്ചിരുന്നതില്‍ നിന്ന് 28 ശതമാനം വര്‍ധനവും ഉത്കണ്ഠ നേരിടുന്നവരില്‍ 26 ശതമാനം വര്‍ധനവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് വളരെ ഗൗരവമായി എടുക്കേണ്ട ഒരു കണ്ടെത്തലാണെന്ന രീതിയിലാണ് പഠനം ശ്രദ്ധേയമാകുന്നത്. 

ഇന്ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്ന സാഹചര്യത്തില്‍ ഈ പഠനറിപ്പോര്‍ട്ടിന് വലിയ പ്രാധാന്യവുമുണ്ട്. കൊവിഡിന് പുറമെ തന്നെ ആഗോളതലത്തില്‍ വിഷാദരോഗവും ഉത്കണ്ഠയും പോലുള്ള മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇക്കൂട്ടത്തിലേക്കാണ് മഹാമാരിയുടെ വരവ്. 

കൊവിഡ് ഏറ്റവുമധികം ബാധിക്കപ്പെട്ട രാജ്യങ്ങളിലാണ് ഇതുമൂലം വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുള്ളത്. യാത്രാ നിയന്ത്രണങ്ങള്‍, ജോലി വീട്ടില്‍ തന്നെ പതിവായത് തുടങ്ങിയ പുതിയ രീതികള്‍, രോഗഭീഷണി എന്നിവയെല്ലാം മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 

 

 

ജോലിയും വീട്ടുജോലിയും കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളെ നോക്കുന്ന ഉത്തരവാദിത്തം - ഇതെല്ലാം മിക്കയിടങ്ങളിലും സ്ത്രീകള്‍ക്ക് മുകളിലാണെന്നും ഇതാണ് സ്ത്രീകള്‍ക്കിടയില്‍ കൊവിഡ് കാലത്ത് മാനസികപ്രശ്‌നങ്ങള്‍ കൂടാനിടയാക്കിയിരിക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു. ഗാര്‍ഹികപീഡനം നേരിടുന്നതിലും വലിയ വിഭാഗം സ്ത്രീകള്‍ തന്നെ. ഇക്കാര്യവും പഠനം പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നു. 

സ്ത്രീകളെ കഴിഞ്ഞാല്‍ കൗമാരപ്രായത്തിലുള്ളവരാണ് കൊവിഡ് കാലത്ത് ഏറ്റവുമധികം സമ്മര്‍ദ്ദം നേരിട്ടതെന്നും പഠനം പറയുന്നു. സമയപ്രായക്കാരുമായി സമ്പര്‍ക്കമില്ലാതിരിക്കുക, വീട്ടിലെ മോശം സാഹചര്യം. പഠനകാര്യങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം കൗമാരക്കാരെ ദോഷകരമായി ബാധിച്ചതായി പഠനം വ്യക്തമാക്കുന്നു.

Also Read:- എപ്പോഴും 'ആംഗ്‌സൈറ്റി'?; സ്വയം പരിഹരിക്കാനിതാ ചില 'ടിപ്‌സ്'

click me!