മരണഭയം, പ്രിയപ്പെട്ടവര്‍ നഷ്ടമാകുമോ എന്ന ആശങ്ക; കൊവിഡ് കാലം മനുഷ്യരോട് ചെയ്യുന്നത്...

By Web TeamFirst Published Jun 27, 2021, 9:34 PM IST
Highlights

രണ്ടാം തരംഗം കെട്ടടങ്ങുമ്പോള്‍ എല്ലാ ആശുപത്രികളിലും മാനസികവിഷമതകളുടെ പേരില്‍ ചികിത്സയോ ആശ്വാസമോ തേടിയെത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അലോപ്പതി ചികിത്സാരംഗത്ത് മാത്രമല്ല ഹോമിയോപ്പതിയില്‍ പോലും രോഗികളുടെ എണ്ണം ഇത്തരത്തില്‍ വര്‍ധിച്ചുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്

കൊവിഡ് 19 മഹാമാരിയുമായുള്ള ദീര്‍ഘമായ പോരാട്ടത്തില്‍ തന്നെയാണ് രാജ്യപ്പോഴും. ഇതുവരെ കേട്ടറിവോ അനുഭവിച്ച് പരിചയമോ ഇല്ലാത്ത സാഹചര്യങ്ങളില്‍ കൂടിയാണ് കൊവിഡ് കാലത്ത് നാമേവരും കടന്നുപോയത്. പ്രിയപ്പെട്ടവരുടെ വേര്‍പാട്, ആരോഗ്യാവസ്ഥയെ ചൊല്ലിയുള്ള ആശങ്കകള്‍, മരണഭയം, തൊഴില്‍ നഷ്ടമാകുമോ ഉപജീവനമാര്‍ഗം ഇല്ലാതാകുമോ എന്ന അരക്ഷിതാവസ്ഥ തുടങ്ങി എന്തെന്തെല്ലാം പ്രതിസന്ധികളിലേക്കാണ് കൊവിഡ് നമ്മെ എടുത്തിട്ടത്. 

കൊവിഡ് കാലം ശാരീരികാരോഗ്യത്തെ മാത്രമല്ല, മനുഷ്യരുടെ മാനസികാരോഗ്യത്തെയും വലിയ രീതിയില്‍ തന്നെയാണ് ബാധിച്ചിട്ടുള്ളത്. ഇക്കാലയളവിനുള്ളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളും പുറത്തുവന്നുകഴിഞ്ഞു. വിഷാദരോഗം, ഉത്കണ്ഠ, 'പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്' തുടങ്ങിയ പല മാനസികപ്രശ്‌നങ്ങളും കൊവിഡ് കാലത്ത് വര്‍ധിച്ചതായി ആഗോളതലത്തില്‍ തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഇന്ത്യയിലെ സാഹചര്യവും മറിച്ചല്ല. പ്രത്യേകിച്ച് കൊവിഡ് രണ്ടാം തരംഗത്തോടെയാണ് രാജ്യത്തെ സാഹചര്യങ്ങള്‍ ആകെയും മാറിമറിഞ്ഞത്. ഈ സമയത്ത് കൊവിഡ് കേസുകളും മരണനിരക്കും കുത്തനെ വര്‍ധിക്കുകയും ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു.

രണ്ടാം തരംഗസമയത്ത് ഇത്തരത്തില്‍ ഏറ്റവുമധികം ദുരന്തസമാനമായ കാഴ്ചകള്‍ വന്നത് രാജ്യതലസ്ഥാനമായ ദില്ലിയില്‍ നിന്നായിരുന്നു. ചികിത്സ തേടിയെത്തിയവര്‍ക്ക് ചികിത്സാസൗകര്യങ്ങളേര്‍പ്പെടുത്താന്‍ സാധിക്കാതെ ആശുപത്രികള്‍ പ്രതിസന്ധിയിലായി. ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടമോടിക്കൊണ്ടിരുന്നു. ഇതിനിടെ സമയത്തിന് ചികിത്സയും ഓക്‌സിജനും ശ്രദ്ധയും കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചുവീഴുന്ന കാഴ്ച പോലും ദില്ലിയിലെ ആശുപത്രികളില്‍ കണ്ടു. 

 

 

നിറഞ്ഞുകവിഞ്ഞ ശ്മശാനങ്ങളും അവയ്ക്ക് മുമ്പില്‍ പിപിഇ കിറ്റുകള്‍ ധരിച്ച് ദൂരെ നിന്ന് പ്രിയപ്പെട്ടവരെ യാത്രയാക്കുന്നവരുമെല്ലാം ദില്ലിയുടെ കൊവിഡ് കാല ചിത്രങ്ങളില്‍ മറക്കാന്‍ കഴിയാത്തവയാണ്. അപ്രതീക്ഷിതമായി ഉറ്റവരെ നഷ്ടപ്പെട്ടവരും അവര്‍ക്ക് ആചാരമനുസരിച്ചുള്ള അന്ത്യോപചാരം പോലും നല്‍കാന്‍ സാധിക്കാത്തവരുമെല്ലാം രാജ്യത്തിന്റെ ആകെയും വേദനയായി മാറി. 

കൊവിഡ് രണ്ടാം തരംഗസമയത്തുണ്ടായ ഈ പ്രതിസന്ധിക്കാലം ദില്ലിയിലെ താമസക്കാരില്‍ വലിയൊരു വിഭാഗത്തിന്റെയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നാണ് തലസ്ഥാനത്ത് നിന്ന് തന്നെയുള്ള വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ മറ്റ് പലയിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദില്ലിയില്‍ തന്നെയുള്ളവരില്‍ അധികമായ ആശങ്കയും ഉത്കണ്ഠയും വിഷാദവും ഉറക്കമില്ലായ്മയും കാണുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിക്കുന്നത്. 

'പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍' (പിടിഎസ്ഡി) ബോധവത്കരണ ദിനത്തിന്റെ ഭാഗമായി വിവിധ ആശുപത്രികളില്‍ നിന്നായി സമ്മേളിച്ച ഡോക്ടര്‍മാരുടെ സംഘമാണ് കൊവിഡ് മഹാമാരി ദില്ലി ജനതയെ എത്രമാത്രം ബാധിച്ചുവെന്ന് വിലയിരുത്തിയത്. 

രണ്ടാം തരംഗം കെട്ടടങ്ങുമ്പോള്‍ എല്ലാ ആശുപത്രികളിലും മാനസികവിഷമതകളുടെ പേരില്‍ ചികിത്സയോ ആശ്വാസമോ തേടിയെത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അലോപ്പതി ചികിത്സാരംഗത്ത് മാത്രമല്ല ഹോമിയോപ്പതിയില്‍ പോലും രോഗികളുടെ എണ്ണം ഇത്തരത്തില്‍ വര്‍ധിച്ചുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 

 

 

നിരാശ, ഒറ്റപ്പെടല്‍, സ്വയം നഷ്ടപ്പെടുമോ എന്നോ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്നോ ഉള്ള ഭയം, തൊഴില്‍- ഴരുമാനം നിലയ്ക്കുമോ എന്ന ആശങ്ക, സാമൂഹികജീവിതം പരിമിതപ്പെടുന്നതിന്റെ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൊവിഡ് രണ്ടാം തരംഗത്തോടനുബന്ധിച്ച് ദില്ലി ജനതയില്‍ ഏറ്റവുമധികം കണ്ട പ്രശ്‌നങ്ങളെന്ന് ബിഎല്‍കെ ആശുപത്രിയില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് മനീഷ് ജെയിന്‍ പറയുന്നു. 

ദില്ലിയില്‍ മാത്രമല്ല ആകെ രാജ്യത്തും, ലോകത്ത് മറ്റിടങ്ങളിലുമെല്ലാം ഏറ്റക്കുറച്ചിലുകളോടെ ഇതേ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നതെന്നും വിദഗ്ധരുടെ സംഘം വിലയിരുത്തി. 

ഏതായാലും മൂന്നാം തരംഗമെന്ന ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മഹാമാരിയുണ്ടാക്കിയ മാനസികാഘാതങ്ങളില്‍ നിന്ന് കര കയറാനുള്ള ശ്രമങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടതുണ്ട് എന്ന് തന്നെയാണ് ഇവരും ഓര്‍മ്മിപ്പിക്കുന്നത്. അവസാനനിമിഷം വരെ പോരാടാന്‍ കഴിയുന്ന തരത്തിലേക്ക് മനസിനെ ധൈര്യം നല്‍കി നിര്‍ത്താന്‍ വൈദ്യസഹായം ആവശ്യമെങ്കില്‍ അതും തേടേണ്ടതുണ്ടെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. 

Also Read:- ഫൈസർ, മൊഡേണ വാക്സിനെടുക്കുന്നവർക്ക് ഹൃദയ വീക്കത്തിന് സാധ്യത; മുന്നറിയിപ്പുമായി എഫ്ഡിഎ

click me!