
തിരുവനന്തപുരം: ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 'ഹൃദയസ്പര്‍ശം' കാക്കാം ഹൃദയാരോഗ്യം എന്നപേരില്‍ സംസ്ഥാനതല കാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂക്ഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജന്യ പരിശോധനകള്‍ കാമ്പയിന്റെ ഭാഗമായി ലഭ്യമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മറ്റു വോളണ്ടിയര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. മെഡിക്കല്‍ കോളേജുകളുടെയും ഹാര്‍ട്ട് ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ആഗോള തലത്തില്‍ സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തെപ്പറ്റിയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലോക ഹാര്‍ട്ട് ഫെഡറേഷന്‍ സെപ്റ്റംബര്‍ 29 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. 30 വയസിനും 70 വയസിനും ഇടയിലുള്ള മരണങ്ങളില്‍ 32 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ടാണെന്നാണ് കണക്കാക്കുന്നത്.
Read also: നമ്മുടെ ഹൃദയത്തിന്‍റെ ആരോഗ്യം ബാധിക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയാമോ?
ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ (Use Heart, Know Heart) എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം. നമ്മള്‍ ഓരോരുത്തരും നമ്മുടെ ഹൃദയത്തെക്കുറിച്ച് അറിയുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി മുന്‍കരുതലുകളെടുക്കുകയും അതിനുവേണ്ടിയുള്ള പരിശോധനകളും ചികിത്സയും നടത്തുക എന്നുള്ള ഒരു സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രാഥമിക തലത്തില്‍ തന്നെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രാഥമിക രോഗങ്ങളായ പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയവയെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആരോഗ്യ വകുപ്പ് ബൃഹത് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരിലുള്ള 1.48 കോടിയോളം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള ആള്‍ക്കാരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദ്രോഗം വരാതെ നോക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും സാധിക്കും.
പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 13 ജില്ലകളിലും കാത്ത് ലാബുകള്‍ സജ്ജമാക്കി വരുന്നു. അതില്‍ 11 എണ്ണവും പ്രവര്‍ത്തനസജ്ജമാക്കി. കൂടാതെ ഇടുക്കിയില്‍ കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 12 ജില്ലാ ആശുപത്രികളില്‍ കൊറോണറി കെയര്‍ ഐസിയു സജ്ജമാക്കി. ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനാ സൗകര്യങ്ങള്‍ ഒട്ടുമിക്ക ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ട്രോപ്പ് ടി അനലൈസര്‍ എന്ന ഉപകരണത്തിലൂടെ ഹൃദയഘാതം നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനം താലൂക്ക്തല ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ ഈ വര്‍ഷം സ്റ്റെമി (STEMI - ST-elevation myocardial infarction) ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ഹൃദ്രോഗ ചികിത്സ ആരംഭിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam