കൊവിഡും പ്രമേഹവും; ശ്രദ്ധിക്കേണ്ട ചിലത്...

By Web TeamFirst Published Aug 18, 2021, 3:06 PM IST
Highlights

'കൊവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത. രോഗപ്രതിരോധ ശേഷി ദുർബലമായതിനാൽ പ്രമേഹമുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് ഭേദമായ ശേഷവും രോഗികൾക്ക് പ്രമേഹം വരാം എന്ന് വിവിധ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്...' - ദില്ലിയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ജനറൽ സർജൻ ഡോ. കപിൽ അഗർവാൾ പറഞ്ഞു.

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ശരീരഭാരം കുറയുക, ക്ഷീണം, അമിതവിശപ്പ്, ദാഹം, മൂത്രം കൂടുതൽ പോവുക എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. പ്രമേഹം ബാധിക്കാൻ പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം വരാം. വ്യായാമമില്ലാത്ത അവസ്ഥയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് വഴിയൊരുക്കും.

'കൊവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത. രോഗപ്രതിരോധ ശേഷി ദുർബലമായതിനാൽ പ്രമേഹമുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് ഭേദമായ ശേഷവും രോഗികൾക്ക് പ്രമേഹം വരാം എന്ന് വിവിധ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്...' - ദില്ലിയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ജനറൽ സർജൻ ഡോ. കപിൽ അഗർവാൾ പറഞ്ഞു.

കൊവിഡ് ബാധിച്ച പ്രമേഹരോഗികൾക്ക് രോ​ഗം ​ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. രോഗപ്രതിരോധ ശേഷി, വീക്കം ഇങ്ങനെ നിരവധി ഘടകങ്ങൾ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ കൊവിഡ് കാലത്ത് പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോ. കപിൽ അഗർവാൾ പറയുന്നു.

ആരോഗ്യകരമായ ആഹാരക്രമം പിന്തുടരുക...‌‌

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. പ്രോട്ടീൻ, നല്ല കൊഴുപ്പ്, വിറ്റാമിനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, കാർബോഹൈഡ്രേറ്റ്, കലോറി, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ജങ്ക് ഫുഡുകൾ, മസാലകൾ, എണ്ണ പലഹാരങ്ങൾ എന്നിവയും ഒഴിവാക്കുക.

ദിവസേന വ്യായാമം ചെയ്യുക...

വീട്ടിൽ സുരക്ഷിതമായി ഇരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യേണ്ടത് ഈ കൊവിഡ് കാലത്ത് പ്രധാനമാണ്.  നടത്തം, എയ്റോബിക്സ്, യോഗ, പുഷ്-അപ്പുകൾ എന്നിവ ചെയ്യാം.

ക്യത്യ സമയത്ത് ഭക്ഷണം കഴിക്കുക...

ഒരു ഡയറ്റീഷ്യന്റെ ഒരു ഡയറ്റ് പ്ലാൻ പിന്തുടരാം. നിങ്ങൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. ഉപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇൻസുലിൻ പ്രതിരോധം നേരിടാൻ സഹായിക്കുന്നതിന് ഒരു ബൗൾ സാലഡ് അല്ലെങ്കിൽ സൂപ്പ് കഴിക്കാവുന്നതാണ്.

ഡോക്ടറുടെ നിർദേശം പ്രകാരം മരുന്ന് കഴിക്കുക...

പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉണ്ടെങ്കിൽ മരുന്ന് പതിവായി കഴിക്കുക. ഡോക്ടറുടെ നിർദേശം പ്രകാരം മാത്രം  മരുന്ന് കഴിക്കുക. രോഗബാധിതരായ ആളുകൾക്ക് ചുറ്റും നിൽക്കുന്നത് ഒഴിവാക്കുകയും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും ചെയ്യുക. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക എന്നിവ ഉറപ്പാക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകളോ ശരീരത്തിലെ മാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ക്യത്യമായി ഉറങ്ങുക...

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരോക്ഷമായി കാരണമാകുന്ന കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) കുറയ്ക്കാൻ ഉറക്കം സഹായിക്കും. പ്രമേഹമുള്ളവരാണെങ്കിൽ കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.

കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


 

click me!