Asianet News MalayalamAsianet News Malayalam

കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആഴ്ചകള്‍ തുടങ്ങി മാസങ്ങളോളം വരെ കൊവിഡാനന്തരമുണ്ടാകുന്ന മുടി കൊഴിച്ചില്‍ നീണ്ടേക്കാം. ഡയറ്റില്‍ ജാഗ്രത പുലര്‍ത്തുന്നതിലൂടെ സാധാരണനിലയിലുള്ള മുടി കൊഴിച്ചില്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചിലാണെങ്കില്‍ ഡയറ്റ് അടക്കമുള്ള ജീവിതരീതികള്‍ കൊണ്ട് മാത്രം പരിഹരിക്കുക സാധ്യമല്ല

things to know about post covid hair fall
Author
Trivandrum, First Published Aug 18, 2021, 1:21 PM IST

കൊവിഡ് 19 പിടിപെട്ടവരില്‍ രോഗം അതിജീവിച്ച ശേഷവും പല രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടരുന്നുണ്ട്. ക്ഷീണം, ശരീരവേദന, രുചിയും ഗന്ധവും ഇല്ലായ്മ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി പല വിഷമതകളും നേരിട്ടുന്നവര്‍ നിരവധിയാണ്. 

ഇക്കൂട്ടത്തില്‍ അടുത്തിടെയായി ധാരാളം പേര്‍ പരാതിയായി ഉയര്‍ത്തിയൊരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. കൊവിഡ് പിടിപെട്ടതിന് ശേഷം അസഹ്യമായി മുടി കൊഴിച്ചില്‍ നേരിടുന്നതായി പലരും നേരത്തെ തന്നെ പങ്കുവച്ചിരുന്നു. എന്നാല്‍ കൊവിഡാനന്ത ആരോഗ്യപ്രശ്‌നങ്ങളിലൊന്നായി ഇതിനെ വിദഗ്ധര്‍ പരിഗണിക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. 

സാധാരണഗതിയില്‍ ഒരു ദിവസം നൂറ് മുടിയിഴയെങ്കിലും നമ്മളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നുണ്ട്. ഇതില്‍ അസ്വാഭാവികതയില്ല. എന്നാല്‍ നൂറിന് പകരം ഇരുന്നൂറോ മുന്നൂറോ മുടിയിഴകള്‍ വരെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചിലില്‍ സംഭവിക്കുന്നത്. 

 

things to know about post covid hair fall

 

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ വിദഗ്ധര്‍ക്കായിട്ടില്ലെങ്കിലും വൈറസിന്റെ ആക്രമണത്തില്‍ ആകെ ശരീരം ദുര്‍ബലമാകുന്നതാണ് പ്രധാനമായും ഇതിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. 

നമുക്കറിയാം, ശരീരത്തിലെ പല ആന്തരീകാവയവങ്ങളെയും കൊവിഡ് വൈറസ് ആക്രമിക്കുന്നുണ്ട്. ഇത് പ്രകടമായ പല പ്രശ്‌നങ്ങളും ശരീരത്തിലുണ്ടാക്കുന്നു. ഇക്കൂട്ടത്തില്‍ തലയോട്ടിയിലെ രോമകൂപങ്ങളെയും ഇത് ബാധിക്കുന്നു. മുടിയുടെ വേരുഭാഗം നശിച്ച് അത് 'ഡെഡ്' ആയി കൊഴിഞ്ഞുപോവുകയാണ് ചെയ്യുന്നത്. 

കൊവിഡ് മൂലം മാത്രമല്ല പല വൈറസ് ആക്രമണങ്ങളെ തുടര്‍ന്നും, അസുഖങ്ങളെ തുടര്‍ന്നും മുടി കൊഴിച്ചില്‍ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ ഘട്ടങ്ങളിലെല്ലാം ശരീരവും മനസും നേരിടുന്ന സമ്മര്‍ദ്ദങ്ങളും മുടി കൊഴിച്ചിലിന്റെ ആക്കം വര്‍ധിപ്പിക്കുന്നു. 

 

things to know about post covid hair fall

 

ആഴ്ചകള്‍ തുടങ്ങി മാസങ്ങളോളം വരെ കൊവിഡാനന്തരമുണ്ടാകുന്ന മുടി കൊഴിച്ചില്‍ നീണ്ടേക്കാം. ഡയറ്റില്‍ ജാഗ്രത പുലര്‍ത്തുന്നതിലൂടെ സാധാരണനിലയിലുള്ള മുടി കൊഴിച്ചില്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചിലാണെങ്കില്‍ ഡയറ്റ് അടക്കമുള്ള ജീവിതരീതികള്‍ കൊണ്ട് മാത്രം പരിഹരിക്കുക സാധ്യമല്ല. 

അസഹ്യമായ രീതിയില്‍ മുടി കൊഴിച്ചിലുണ്ട് എങ്കില്‍ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടാം. കഴിവതും ഡെര്‍മറ്റോളജിസ്റ്റിനെ തന്നെ കാണുക. അവര്‍ നിര്‍ദേശിക്കുന്ന വൈറ്റമിന്‍ ടാബ്ലെറ്റുകള്‍- സപ്ലിമെന്റുകള്‍ എന്നിവ കൃത്യമായി കഴിക്കാം. ഒപ്പം ഭക്ഷണം അടക്കമുള്ള ലൈഫ്‌സറ്റൈല്‍ ഘടകങ്ങളും ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോകാം. 

Also Read:- നിങ്ങളുടെ ആകെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ആറ് കാര്യങ്ങള്‍

Follow Us:
Download App:
  • android
  • ios