വെയിലേറ്റ് കരുവാളിച്ചത് മാറാന്‍ സണ്‍സ്‌ക്രീന്‍ മാത്രം പോര!

By Web TeamFirst Published Aug 24, 2019, 10:13 PM IST
Highlights

അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിന്റെ ഏറ്റവും പുറമേയുള്ള പാളിയായ 'സ്ട്രാറ്റം കോര്‍ണിയ'ത്തെയാണ് ആദ്യം ബാധിക്കുന്നത്. തീര്‍ന്നില്ല, ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളികളെ വരെ ബാധിക്കാന്‍ ഇത് കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വാദിക്കുന്നത്
 

നേരിട്ട് സൂര്യപ്രകാശം നല്ലതോതിലേല്‍ക്കുന്നത് ചര്‍മ്മം പെട്ടെന്ന് കരുവാളിക്കാന്‍ കാരണമാകാറുണ്ട്. ഇതിന് കാരണമാകുന്നത് അള്‍ട്രാവയലറ്റ് രശ്മികളാണെന്ന് നമുക്കറിയാം. ശാസ്ത്രീയമായി ഇത് നിരവധി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. 

അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിന്റെ ഏറ്റവും പുറമേയുള്ള പാളിയായ 'സ്ട്രാറ്റം കോര്‍ണിയ'ത്തെയാണ് ആദ്യം ബാധിക്കുന്നത്. തീര്‍ന്നില്ല, ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളികളെ വരെ ബാധിക്കാന്‍ ഇത് കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വാദിക്കുന്നത്. 

ഇത്തരത്തില്‍ വെയിലേറ്റ് ചര്‍മ്മം നശിച്ചുപോകുന്നതിനെ പ്രതിരോധിക്കാന്‍ നമ്മള്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കാറുണ്ട്. വേനലില്‍ മാത്രമല്ല, വെയിലേല്‍ക്കാന്‍ സാധ്യതയുള്ള ഏത് സീസണിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വളരെ നല്ലത് തന്നെയാണെന്നാണ് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ കരുവാളിച്ചുപോയ ചര്‍മ്മത്തെ ജീവനുള്ളതാക്കാന്‍ ഇത് മാത്രം പോര, പിന്നെയോ?

ഡയറ്റിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ പ്രശ്‌നത്തിലായ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കി വീണ്ടെടുക്കാന്‍ സാധിക്കൂ. ഇതിനായി ചില ഡയറ്റ് ടിപ്‌സ് അറിഞ്ഞുവയ്ക്കാം. 

ഒന്ന്...

വെള്ളം തന്നെയാണ് നമ്മുടെ പ്രധാന ആയുധം. പ്രകൃതിദത്തമായി ശരീരത്തെ ശുദ്ധീകരിക്കുന്ന ഒന്നാണ് വെള്ളം. അതോടൊപ്പം തന്നെ, ശരീരത്തില്‍ നനവ് പിടിച്ചുനിര്‍ത്താനും മറ്റെന്തിനെക്കാളും വെള്ളത്തെ ആശ്രയിക്കുന്നത് തന്നെയാണ് നല്ലത്. അതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. 

രണ്ട്...

ആവശ്യത്തിന് പ്രതിരോധശക്തി നേടുകയെന്നത് അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ മാത്രമല്ല, ചര്‍മ്മത്തെ ആരോഗ്യമുറ്റതും സുന്ദരവുമാക്കി മാറ്റാനും ഇത് അത്യാവശ്യമാണ്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ധാരാളം പഴങ്ങള്‍ കഴിക്കാം. ഇതിനായി പഴങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതത് പഴങ്ങളുടെ കാലത്ത്, അതത് പഴങ്ങള്‍ മാത്രം വാങ്ങിക്കഴിക്കുക. ഇതുമൂലം അനാവശ്യമായ കലര്‍പ്പോ മായമോ വിഷാംശമോ പഴങ്ങള്‍ മുഖേന ശരീരത്തിലെത്തുന്നത് തടയാം. 

മൂന്ന്...

ഭക്ഷണത്തിലൂടെ ധാരാളം ഫൈബര്‍ ശരീരത്തിലെത്തുന്നത് ആകെ ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഇതിനോടൊപ്പം തന്നെ ചര്‍മ്മത്തെയും ഇത് നല്ലരീതിയില്‍ സ്വാധീനിക്കുന്നു. അതിനാല്‍ ഫൈബര്‍ സമ്പുഷ്ടമായി അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ഡയറ്റിലുള്‍പ്പെടുത്തുക. 

നാല്...

പ്രകൃതിദത്തമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നതോടൊപ്പം തന്നെ കൃത്രിമമായവ ഒഴിവാക്കാനും ജാഗ്രത കാണിക്കുക. ഉദാഹരണത്തിന്, ബേക്കറികളില്‍ നിന്ന് വാങ്ങുന്ന കൃത്രിമമധുരം ചേര്‍ത്ത പലഹാരങ്ങള്‍, അത്തരത്തിലുള്ള പാനീയങ്ങള്‍ തുടങ്ങിയവ. 

അഞ്ച്...

മോശം കൊഴുപ്പടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുകയും, കൂട്ടത്തില്‍ നല്ല കൊഴുപ്പിനെ കൂടുതല്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. ജങ്ക് ഫുഡ്, മധുരം അധികം ചേര്‍ത്ത സ്‌നാക്‌സ് എന്നിവയെല്ലാം മോശം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയെല്ലാം കഴിയുന്നതും ഒഴിവാക്കുന്നത് ചര്‍മ്മത്തിന് ഗുണകരമാവുകയേ ഉള്ളൂ. 

click me!