പല്ല് ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ പേടി തോന്നാറുണ്ടോ?

By Web TeamFirst Published Aug 24, 2019, 9:03 PM IST
Highlights

ഇംഗ്ലണ്ടില്‍ 2009ലാണ് ഈ വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട് എമ്മ കാറെയ് എന്ന ഡെന്റല്‍ ഹൈജീനിസ്റ്റ് ഈ വിഷയത്തില്‍ പ്രത്യേകപരിശീലനം നേടിയത്. തുടര്‍ന്ന് എമ്മയുടെ നേതൃത്വത്തില്‍ 'ഡെന്റല്‍ ആംഗ്‌സൈറ്റി' ചികിത്സിച്ച് ഭേദമാക്കാന്‍ വേണ്ടി മാത്രം ക്ലിനിക്കുകള്‍ ആരംഭിച്ചു

പൊതുവേ ആശുപത്രിയില്‍ പോകുന്നതും ഡോക്ടറെ കാണുന്നതുമെല്ലാം കുട്ടികളില്‍ ചെറിയ പേടി കാണാറുണ്ട്. എന്നാല്‍ ചില മുതിര്‍ന്നവരിലും ഇത്തരം പേടികള്‍ കാണാം. മുമ്പ് ചികിത്സയുടെ ഭാഗമായി നേരിട്ട് എന്തെങ്കിലും മോശം അനുഭവമാകാം ഇതിന് പിന്നില്‍. പക്ഷേ മിക്കവാറും പേരും ഇത്തരം 'ഫോബിയ'കളെക്കുറിച്ച് പരസ്യമായി സംസാരിക്കാറില്ലെന്നത് സത്യം. 

പല്ല് ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ പലരിലും ഈ ഫോബിയ വര്‍ധിച്ച രീതിയില്‍ കണ്ടുവരാറുണ്ട്. എന്നാല്‍ ആദ്യം സൂചിപ്പിച്ചത് പോലെ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ ഇത് പുറത്തുപറയാന്‍ അവര്‍ മടിക്കും. അതേസമയം പേടിയോടെ ചികിത്സയെ സമീപിക്കുമ്പോള്‍ വീണ്ടും മോശം അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. 

'ഡെന്റല്‍ ആംഗ്‌സൈറ്റി' എന്നാണിതിനെ ഡെന്റിസ്റ്റുകള്‍ വിളിക്കുന്നത്. മുമ്പെപ്പോഴെങ്കിലും പല്ല് പറിക്കുന്നതുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചികിത്സയുടെ ഭാഗമായോ വേദനാജനകമായ അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഓര്‍മ്മയില്‍ പിന്നീട് ഡെന്റിസ്റ്റിനെ കാണാന്‍ മനസ് വിമുഖതപ്പെടുന്നതാണിത്. 

ഇതിന് പ്രത്യേകം തന്നെ ചികിത്സ തേടേണ്ടത് ആവശ്യമാണെന്നാണ് ഡെന്റിസ്റ്റുകള്‍ പറയുന്നത്. പലപ്പോഴും ഇതിന്റെ പ്രാധാന്യം വേണ്ട പോലെ മനസിലാക്കപ്പെടുന്നില്ലയെന്നത് അപകടകരമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇംഗ്ലണ്ടില്‍ 2009ലാണ് ഈ വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട് എമ്മ കാറെയ് എന്ന ഡെന്റല്‍ ഹൈജീനിസ്റ്റ് ഈ വിഷയത്തില്‍ പ്രത്യേകപരിശീലനം നേടിയത്. തുടര്‍ന്ന് എമ്മയുടെ നേതൃത്വത്തില്‍ 'ഡെന്റല്‍ ആംഗ്‌സൈറ്റി' ചികിത്സിച്ച് ഭേദമാക്കാന്‍ വേണ്ടി മാത്രം ക്ലിനിക്കുകള്‍ ആരംഭിച്ചു. 

'മോശം അനുഭവത്തെത്തുടര്‍ന്നാണ് ഒരു വ്യക്തിയില്‍ ഡെന്റല്‍ ആംഗ്‌സൈറ്റി ഉടലെടുക്കുന്നത്. സമയത്തിന് ചികിത്സ നേടിയില്ലെങ്കില്‍ ഇത് വലിയ സങ്കീര്‍ണ്ണതകളിലേക്കാണ് അയാളെ നയിക്കുക. പത്തും ഇരുപതും നാല്‍പതും വര്‍ഷത്തേക്ക് വരെ പല്ല് ഡോക്ടറെ കാണാതെ കഴിച്ചുകൂട്ടിയവരുണ്ട്. ഇതൊന്നും അപൂര്‍വ്വം കേസുകളല്ല. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ മറ്റ് അസുഖങ്ങളിലേക്കും മരണത്തിലേക്കും വരെയെത്താവുന്ന പ്രശ്‌നങ്ങള്‍ ഒരുപക്ഷേ നിങ്ങളുടെ പല്ലിന് സംഭവിച്ചേക്കാം. എന്നാല്‍ ശ്രമിച്ചാല്‍ അതിജീവിക്കാന്‍ കഴിയുന്ന ഒരു പേടിയുടെ പേരില്‍ നിങ്ങള്‍ ജീവന്‍ പണയപ്പെടുത്തുകയാണ്..'- എമ്മ പറയുന്നു.

ഡെന്റല്‍ വിഷയത്തില്‍ മാത്രമല്ല, പൊതുവേ പല മേഖലകളിലും ആളുകളില്‍ ഇത്രം ഫോബിയകള്‍ കടന്നുകൂടാറുണ്ടെന്നും എന്നാല്‍ പ്രായവും സാമൂഹികസ്ഥാനവും വിദ്യാഭ്യാസയോഗ്യതയുമെല്ലാം കണക്കിലെടുത്ത് വ്യക്തികള്‍ ഇത് തുറന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

click me!