കൊതുക് പരത്തുന്ന ഈ നാല് രോ​ഗങ്ങളെ സൂക്ഷിക്കണേ...

By Web TeamFirst Published Aug 12, 2019, 2:23 PM IST
Highlights

ലോകമെമ്പാടുമുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കൊതുകു പരത്തുന്ന രോഗങ്ങള്‍. മാരകമായ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പലതരത്തിലുള്ള പനികളും കൊതുകുകള്‍ പരത്താറുണ്ട്.

കൊതുക് പരത്തുന്ന രോ​ഗങ്ങൾ ചെറുതല്ല. കൊതുകിനെ ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ്. പകല്‍ സമയങ്ങളിൽ കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും സണ്‍ഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. 

പകല്‍സമയങ്ങളില്‍ പറമ്പില്‍ ജോലിചെയ്യുന്നവര്‍ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്. മലേറിയ പരത്തുന്ന അനോഫിലസ്, ജപ്പാന്‍ ജ്വരവും ഫൈലേറിയാസിസും, വെസ്റ്റ്‌നൈല്‍ ഫീവറും പരത്തുന്ന ക്യൂലക്‌സ്, ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും കാരണമാകുന്ന ഈഡിസ്, മന്തിനു കാരണമാകുന്ന മാന്‍അനോയ്ഡ്‌സ് ഇങ്ങനെ വിവിധതരത്തിലുള്ള കൊതുകുകളാണുള്ളത്. കൊതുകുകൾ പരത്തുന്ന രോ​ഗങ്ങളെ കുറിച്ച് നിങ്ങൾ അറിയണം. 

ഡെങ്കിപ്പനി...

ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി ഉണ്ടാകുന്നത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ നാലുതരമുള്ളതിനാല്‍ ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്കു വീണ്ടും രോഗം വരാം. ഏഡിസ് ഈജിപ്തി,ഏഡിസ് ആൽബൊപിക്റ്റ്സ് എന്നി കൊതുകുകൾ ശുദ്ധജലത്തിൽ,പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളും ഉണ്ട്. ഫ്ളാവിവൈറസ് ജനുസ്സിൽത്തന്നെ ജൈവപരമായ സവിശേഷതകൾ കൊണ്ട് ഏറെ പ്രത്യേകത പുലർത്തുന്നവയാണ് ഡെങ്കിവൈറസുകൾ. രോഗം ബാധിച്ച മനുഷ്യർ, രോഗാണുവാഹകരായ കൊതുകുകൾ എന്നിവയ്ക്കുപുറമേ ചിലയിനം കുരങ്ങുകളിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. 

ജപ്പാന്‍ ജ്വരം...

ക്യൂലക്‌സ് കൊതുകുകളാണു ജപ്പാന്‍ ജ്വരം പരത്തുന്നത്. നേരിയ പനി, തലവേദന, തളര്‍ച്ച തുടങ്ങിയവയാണു പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്നു മസ്തിഷ്‌ക ജ്വരം ഉണ്ടാകുമ്പോള്‍ ശക്തമായ പനി, തലവേദന, മയക്കം, അപസ്മാര ലക്ഷണങ്ങള്‍ എന്നിവയുണ്ടാകുന്നു. 20 മുതല്‍ 40 ശതമാനം വരെയാണു മരണനിരക്ക്. ഇതിനു പ്രതിരോധ മരുന്നു ലഭ്യമാണ്. തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ്.

കൊതുകു കടിയിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ നാലു മുതൽ 15 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പുറത്തു വരുന്നു. ജലപക്ഷികളിലും, പന്നികളിലും, കന്നുകാലികളിലും മറ്റുമായി ജപ്പാൻ ജ്വരത്തിന്റെ വൈറസുകൾ പ്രകൃതിയിൽ നിലനിന്നു പോരുന്നു. ദേശാടന പക്ഷികളും ഈ വൈറസ് വാഹകരാണ്. മനുഷ്യരിൽ ജപ്പാൻ ജ്വരം വൈറസുകൾ അധികസമയം നിലനിൽക്കില്ല അതിനാൽ ഒരാളിൽ നിന്നു നേരിട്ട് കൊതുകു വഴി മറ്റൊരാളിലേക്കു വൈറസുകൾ പകരാൻ സാധ്യത കുറവാണ്. 

മലേറിയ...

അനോഫിലസ് എന്ന കൊതുകാണ് മലേറിയ പരത്തുന്നത്. കേരളത്തില്‍ സാധാരണമല്ലാത്ത രോഗം ഉത്തരേന്ത്യയിലും കര്‍ണാടകയിലും കാണപ്പെടുന്നു. കൊതുകു കടിയേറ്റ് രണ്ടുമുതല്‍ മൂന്ന് ആഴ്ചവരെ കഴിഞ്ഞതിനു ശേഷമാണു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ന്യുമോണിയ, മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവ സംഭവിക്കാം.രോഗബാധയുണ്ടായി 8–25 ദിവസങ്ങൾക്കു ശേഷമാണ് രോഗലക്ഷണങ്ങൾ സാധാരണഗതിയിൽ കാണപ്പെട്ടുതുടങ്ങുന്നത്. രോഗപ്രതിരോധത്തിനായി ആന്റിമലേറിയൽ മരുന്നുകൾ കഴിക്കുന്നവരിൽ രോഗലക്ഷണങ്ങൾ താമസിച്ചു കാണപ്പെട്ടേക്കാം.

ചിക്കുന്‍ഗുനിയ...

ഈഡിസ്‌ ഈജിപ്തി കൊതുകാണ്‌ ചിക്കുൻ​ഗുനിയ പരത്തുന്നത്. ഈഡിസ് ഈജിപ്തി, ഈഡിസ് ആല്ബോപിക്ടുസ് എന്നീ ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ചിക്കുൻഗുനിയ വൈറസ്‌ ഒരു പഴയ കാല ആൽഫ വൈറസ്‌ എന്നാണു അറിയപ്പെടുന്നത്‌.  സന്ധി വേദന - പ്രത്യേകിച്ചും കൈ, കാൽ മുട്ടുകളിലും ചെറിയ സന്ധികളിലും വേദന, കഠിനമായ പനി, കണ്ണിനു ചുവപ്പു നിറം വരിക. 

click me!