ശസ്ത്രക്രിയയ്ക്കിടെ ലൈവ് വിചാരണയ്ക്ക് ഹാജരായി ഡോക്ടര്‍; വിമര്‍ശനം

By Web TeamFirst Published Mar 1, 2021, 10:46 AM IST
Highlights

 ഡോക്ടര്‍ സ്‌കോട്ട് ഗ്രീന്‍ എന്ന പ്ലാസ്റ്റിക് സര്‍ജനെതിരേയാണ് കാലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം നടത്തുന്നത്. 

ശസ്ത്രക്രിയ നടക്കുന്നതിനിടെ കോടതിയുടെ ഓണ്‍ലൈന്‍ വിചാരണയ്ക്ക് ഹാജരായ ഡോക്ടര്‍ക്കെതിരെ അന്വേഷണം. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഡോക്ടര്‍ സ്‌കോട്ട് ഗ്രീന്‍ എന്ന പ്ലാസ്റ്റിക് സര്‍ജനെതിരേയാണ് കാലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം നടത്തുന്നത്. 

ഒരു ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട കോടതിയുടെ വിചാരണയ്ക്കാണ് ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ സ്‌കോട്ട് ഗ്രീന്‍ ഹാജരായത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിചാരണ. കോടതിയില്‍ നിന്ന് വീഡിയോ കോള്‍ വരുമ്പോള്‍ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്കുള്ള വേഷത്തിലായിരുന്നു. വിചാരണയ്ക്ക് ഹാജരാകാന്‍ സന്നദ്ധനാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. 

ആ സമയം ശസ്ത്രക്രിയാ മേശയില്‍ ഒരു രോഗി കിടപ്പുണ്ടായിരുന്നു. കൂടാതെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ശബ്ദവും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നു. നിങ്ങള്‍ ഓപ്പറേഷന്‍ തിയ്യറ്ററിലാണോ എന്ന ക്ലാര്‍ക്കിന്റെ ചോദ്യത്തിന് ഞാന്‍ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഡോക്ടര്‍ മറുപടി നല്‍കിയത്. വിചാരണ തുടരട്ടെ എന്നും ഡോക്ടര്‍ പറഞ്ഞു. ലൈവ് സ്ട്രീം ആയതുകൊണ്ട് എല്ലാവരും കാണുമെന്ന് ക്ലാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും ഡോക്ടര്‍ വിചാരണ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കണ്ട ജഡ്ജി വിചാരണ തുടരാന്‍ വിസമ്മതിച്ചു. എന്നാല്‍ തന്നെ ശസ്ത്രക്രിയയില്‍ സഹായിക്കാന്‍ മറ്റൊരു ഡോക്ടറുണ്ടെന്നും വിചാരണ തുടര്‍ന്നോട്ടെ എന്നുമാണ് ഡോക്ടറുടെ മറുപടി. പക്ഷേ ഇതിനോട് ജഡ്ജി യോജിച്ചില്ല. ഇത്തരത്തിലൊരു സാഹചര്യത്തില്‍ വിചാരണ നടത്തുന്നത് ഉചിതമല്ലെന്നും മറ്റൊരു തീയതി തീരുമാനിച്ചാല്‍ മതിയെന്നും പറഞ്ഞ് ജഡ്ജി വിചാരണ നിര്‍ത്തിവച്ചു. അതേസമയം, ലൈവ് സ്ട്രീമിങ് ശ്രദ്ധയില്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

Also Read: ആശുപത്രിയില്‍ വെച്ച് തര്‍ക്കം; ഡോക്ടറെ തുപ്പിയ സ്‍ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി...

click me!