
മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ ഉയരുന്നൊരു കാലമാണിത്. എങ്കിലും പല മാനസികാരോഗ്യപ്രശ്നങ്ങളെയും കുറിച്ച് ഇപ്പോഴും നിരവധി പേര്‍ക്ക് ധാരണയില്ല എന്നത് സത്യമാണ്.
ഇന്നലെ, ജൂണ്‍ 27 പിടിഎസ്‍ഡി ബോധവത്കരണ ദിനമായിരുന്നു. പിടിഎസ്‍ഡി അഥവാ പോസ്റ്റ്-ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്നത് ഒരു മാനസികപ്രശ്നമാണ്. ഇതെക്കുറിച്ച് വിശദമായി എഴുതുകയാണ് ഒമാനില്‍ നിന്നുള്ള ഡോ. ജമാല്‍.
ഡോ. ജമാല്‍ കേരളത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് അദ്ദേഹം കൈകാര്യം ചെയ്തൊരു കേസിനെ കുറിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്താണ് പിടിഎസ്‍ഡി എന്ന രോഗമെന്നും അത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും മനസിലാക്കാൻ സഹായിക്കുന്നതാണ് ഡോക്ടറുടെ കുറിപ്പ്.
ഡോ. ജമാല്‍ എഴുതിയത്...
'ഓപിയിൽ എന്റെ മുന്നിൽ അയാൾ കൂനിക്കൂടി ഇരുന്നു. മുഖം ഉയർത്തുന്നെയില്ല. ചോദിക്കുന്നതിനൊന്നും ഒരു മറുപടിയുമില്ല. ഉറക്കം തീരെ കുറവ്. സ്ഥിരം തലവേദന എന്ന രണ്ടു വാക്ക് മാത്രം ആണ് അകെ ഉരുവിട്ടത്.
അയാളുടെ ഭാര്യയാണ് കാര്യങ്ങൾ വിശദമാക്കിത്തന്നത്. അവരുടെ മുഖത്തും കടുത്ത വിഷമവും ആശങ്കയും കാണാം. കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കക്ഷി. കുറച്ചുനാൾ മുന്നേ ഒരു ചെറിയ സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്ന കാരണം ഏതാനും ആഴ്ചകൾ വിശ്രമത്തിലായിരുന്നു. കൈകാലുകളുടെ ബലം ഏതാണ്ട് പഴയ നിലയിൽ എത്തിയതോടെ തിരിച്ച് ജോലിയിൽ പ്രവേശിച്ചു. അധികനാൾ കഴിയും മുന്നേ ചെറിയൊരു ആക്സിഡന്റ് പറ്റി കൈ ഒടിഞ്ഞു. അങ്ങനെ വീണ്ടും ലീവെടുക്കേണ്ടി വന്നു.
ഈ രണ്ട് അനുഭവങ്ങളും അടുപ്പിച്ചുവന്നത് അയാളെ ഉലച്ചുകളഞ്ഞു. ആത്മവിശ്വാസം നഷ്ടപ്പെട്ടു. ജോലിക്ക് പോവാൻ ഇനി കഴിയില്ല എന്ന ഒരു ചിന്ത എങ്ങനെയോ മനസ്സിൽ കയറിക്കൂടി. Post traumatic stress disorder എന്ന ഒരു മാനസിക അവസ്ഥയിൽ ചെന്നെത്തി അയാൾ. തുടർന്ന് കഠിനമായ വിഷാദ രോഗവും പിടിപെട്ടു.
ഒടിഞ്ഞ കൈ ശരിയായി തിരിച്ചു ജോലിയിൽ പ്രവേശിച്ച അന്ന് തന്നെ അയാൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് രാജിക്കത്ത് എഴുതി കൊടുത്തു തിരിച്ചു പോന്നു. അതും 5 വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോൾ.
"രാജി വെക്കുന്നതിനു മുന്നേ എന്നോട് പോലും ഒരു വാക്ക് ചോദിച്ചില്ല"... ഇത്രയും പറഞ്ഞപ്പോൾ തന്നെ ഭാര്യ പൊട്ടിക്കരഞ്ഞു. കഥ കേട്ട് ഞാനും ഞെട്ടി പോയി. മനുഷ്യമനസ് ഒരു വല്ലാത്ത പ്രതിഭാസം തന്നെ എന്ന് ഓർത്തു പോയി. താരതമ്യേനെ ചെറിയ ആക്സിഡന്റ് ആണ്. ഏതാനും ആഴ്ചകൾ കൊണ്ട് പഴയപടിയാവുന്ന പൊട്ടൽ മാത്രമേ കൈക്കുണ്ടായിരുന്നുള്ളൂ. എന്നിട്ടും അയാൾ ഇങ്ങനെ ചെയ്തത് വല്ലാതെ അത്ഭുതപ്പെടുത്തി.
ഒരു ചെറിയ കൗൺസിലിംഗ് അപ്പോൾ തന്നെ കൊടുത്തു. വിശദമായി ഞാൻ പറയുന്നത് കേൾക്കാൻ ഉള്ള മൂഡ് ഇല്ല അയാൾക്ക്. ഇപ്പോൾ തന്നെ ഓപിയിൽ അയാളുടെ ഊഴം ആവുന്നതിനു മുൻപാണ് ഞാൻ അയാളെ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ഓപിക്കു പുറത്ത് ഊഴം കാത്തുനിന്നപ്പോൾ ക്ഷമ നശിച്ച് വീട്ടിലേക്കു പോവാൻ തുടങ്ങിയ അയാളെ ഭാര്യ തടഞ്ഞുനിർത്തിയിരിക്കുകയായിരുന്നു. ഇക്കാര്യം എന്നോട് വന്നു പറഞ്ഞപ്പോൾ നേരത്തെ വിളിച്ചതാണ്.
കൗൺസിലിംഗിന് ശേഷം മരുന്ന് കുറിച്ച് കൊടുത്തു. രണ്ടു പേരെയും ഒന്നുകൂടെ ആശ്വസിപ്പിച്ചാണ് പറഞ്ഞു വിട്ടത്. കൂട്ടത്തിൽ ചെന്ന് കാണേണ്ട ഒരു psychologist ന്റെ പേരും പറഞ്ഞു കൊടുത്തു. അതൊന്നും അയാൾ അനുസരിക്കില്ല എന്ന് ഭാര്യ പറഞ്ഞു. പക്ഷെ എനിക്ക് വേണ്ടിയെങ്കിലും psychologist ന്റെ അടുത്ത് പോവാം എന്ന് അയാളെക്കൊണ്ടു സമ്മതിപ്പിച്ചാണ് വിട്ടത്.
പിന്നെ ഓരോ മാസത്തിലും അവർ വന്നു. Psychologist നെ കാണാൻ വേണ്ടി ഒരു തവണ ശ്രമിച്ചെങ്കിലും അന്ന് അത് നടന്നില്ല.. ഓരോ തവണ വരുമ്പോളും ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഉറക്കം ശരിയായി, തല കുനിച്ചു കുറ്റബോധത്തോടെയുള്ള ഇരിപ്പിന് മാറ്റം വന്നു.. സാമാന്യം കുഴപ്പമില്ലാതെ സംസാരിച്ചു തുടങ്ങി.. മരുന്നിന്റെ എണ്ണവും ഡോസും കൂട്ടിയും കുറച്ചുമൊക്കെ എന്റെ പരമാവധി ഞാനും ശ്രമിച്ചു.
കഴിഞ്ഞ ആഴ്ച അവർ വന്നിരുന്നു. ഞാൻ അയാളെ കണ്ടു തുടങ്ങി 6 മാസം ആയിരിക്കുന്നു.. ഇപ്പോൾ അയാൾ ഒരു സാധാരണ വ്യക്തിയായി മാറിയിട്ടുണ്ട്.. സ്വാഭാവികമായും അവരോടൊപ്പം ഞാനും സന്തോഷിച്ചു.
എന്നാൽ അതിലേറെ എന്നെ സന്തോഷിപ്പിച്ച കാര്യം തൊട്ടു പിന്നാലെ വന്നു. ബാഗ് തുറന്നു രണ്ടു അപേക്ഷ ഫോം എടുത്തു ഭാര്യ എനിക്ക് തന്നു. ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോമും ഒരു fitness certificate ഫോമും. ഇതെന്തിനാ രാജി വെച്ച ജോലി തിരിച്ചു കിട്ടുമോ? ഞാൻ ആശ്ചര്യപ്പെട്ടു.
അസുഖം കുറവ് വന്നപ്പോൾ അയാളും ഭാര്യയും കൂടി ജോലി ചെയ്തിരുന്ന പോലീസ് സ്റ്റേഷനിൽ വീണ്ടും ചെന്നിരുന്നു. ജോലിയിൽ തിരികെ കയറണം എന്ന് ആഗ്രഹമുണ്ടോ എന്ന് മേലുദ്യോഗസ്ഥൻ ചോദിച്ചു. ഉണ്ടെന്നു അയാൾ. നേരത്തെ അയാൾ എഴുതിയ രാജിക്കത്ത് അദ്ദേഹം മുകളിലേക്കു forward ചെയ്യാതെ അവിടെ തന്നെ വച്ചിരിക്കുകയായിരുന്നു. ആ കത്ത് അവർക്കു തിരിച്ചു കൊടുത്തു.
ഇന്ന് ഞാനിത് എഴുതുമ്പോൾ അയാൾ മിക്കവാറും ജോലിയിൽ തിരികെ പ്രവേശിച്ചു കാണും. എന്തെല്ലാം മോശം അനുഭവങ്ങൾ ഈ ഫീൽഡിൽ നിന്ന് ഉണ്ടായാലും വല്ലപ്പോഴും ഉണ്ടാവുന്ന ഇത്തരം കാര്യങ്ങൾ മതി എന്നും ഉത്സാഹത്തോടെ , മടുപ്പില്ലാതെ ഈ ജോലി തുടരാൻ.
5-6 വർഷം മുൻപ് ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന സമയത്ത് നടന്ന സംഭവമാണിത്. നേരത്തെ എന്റെ വാളിൽ പോസ്റ്റ് ചെയ്തത് വീണ്ടും പോസ്റ്റ് ചെയ്യുന്നതാണ്. എന്നും പ്രസക്തമായ ഒരു വിഷയമാണ്. എന്‍റെ കരിയറിൽ ഞാൻ ഒരിക്കലും മറക്കില്ലാത്ത ഒരനുഭവമാണിത്. അന്ന് പറഞ്ഞ കണക്കു വച്ചുനോക്കുമ്പോൾ കക്ഷി ഇപ്പോൾ റിട്ടയറായിക്കാണും. കൃത്യമായ, പല തട്ടിലുള്ള ഇടപെടലുകൾ ഇദ്ദേഹത്തിന്‍റെ കാര്യത്തിൽ നടന്നത് കൊണ്ടുമാത്രമാണ് അയാൾ കൈവിട്ട ജീവിതം തിരിച്ചു പിടിച്ചത്. രോഗാവസ്ഥ തിരിച്ചറിഞ്ഞു ഡോക്ടറെ കാണാൻ പ്രേരിപ്പിച്ച അദ്ദേഹത്തിന്‍റെ സഹോദരൻ, ക്ഷമയോടെ അയാളെ പരിചരിച്ച ഭാര്യ, ഡോക്ടർ എന്ന നിലയിൽ എന്റെ ഇടപെടൽ. ഇവയെല്ലാം വളരെ പ്രധാനമായിരുന്നു. എന്നാൽ അതിലും വലിയ ഇടപെടൽ നടത്തിയത് രാജി വെക്കാനുണ്ടായ സാഹചര്യം കൃത്യമായി മനസ്സിലാക്കി, അയാൾ അതിൽ നിന്നും മോചിതനായി തിരിച്ചു വരും എന്ന വിശ്വാസത്തിൽ ആ രാജിക്കത്ത് forward ചെയ്യാതെ വെച്ച മേലുദ്യോഗസ്ഥനാണ്. എനിക്ക് ആ വ്യക്തിയോട് വളരെ സ്നേഹവും ബഹുമാനവുമുണ്ട്.
June 27 PTSD awareness day ആണ്. തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ട അവസ്ഥയാണിത്. സമൂഹത്തിൽ ഇതെക്കുറിച്ചുള്ള അവബോധം വളരെ കുറവാണെന്നതാണ് വസ്തുത.
എന്താണ് PTSD അഥവാ Post traumatic stress disorder? ജീവിതത്തെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഒരു കഠിനമായ സംഭവം, അത് ഒരു വലിയ അപകടമോ ഗുരുതരമായ അസുഖമോ പ്രിയപ്പെട്ട ഒരാളുടെ മരണമോ മറ്റൊരാളിൽ നിന്നുള്ള പീഡനമോ റേപ്പ് പോലെയുള്ള sexual abuse, തകർന്ന കുടുംബ ബന്ധങ്ങളോ അങ്ങനെ എന്തുമാകാം.
ഏതൊരു വ്യക്തിയും ഇത്തരം അനുഭവങ്ങളിൽ പതറിപ്പോകാം. അതിന്‍റെ അലയൊലികളും പ്രയാസങ്ങളും ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യാം.. എന്നാൽ മനുഷ്യന്‍റെ മറവിയും സാഹചര്യങ്ങളോട് പൊറുത്തപ്പെടാനുള്ള കഴിവും മൂലം ക്രമേണ അതിൽ നിന്നും കരകയറി വരും. അതാണ് സ്വാഭാവിക പ്രതിഭാസം. എന്നാൽ ചിലരിൽ ഈ പ്രക്രിയ നടക്കാതെ വരികയും നിശ്ചിത സമയം കഴിഞ്ഞും മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ നീണ്ടുനിൽക്കുകയും ചെയ്യും . PTSD യെ ഏറ്റവും ലളിതമായി അങ്ങനെ നിർവചിക്കാം.
സ്വന്തമായുള്ള അനുഭവങ്ങൾ മാത്രമല്ല PTSD യിലേക്ക് നയിക്കുക. മേല്പറഞ്ഞത് പോലെയുള്ള അനുഭവങ്ങൾക്ക് സാക്ഷിയായവരിലും PTSD ഉടലെടുക്കാറുണ്ട്. യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള പട്ടാളക്കാരും വലിയ അപകടങ്ങളിൽ പെട്ട വാഹനങ്ങൾ ഓടിച്ചിരുന്നവരുമെല്ലാം PTSD ക്ക് അടിമപ്പെടാറുണ്ട്. സള്ളി എന്ന സിനിമ കണ്ടവർ ഹഡ്സൺ നദിയിൽ വിമാനമിറക്കിയതിന്‍റെ ഓർമ്മയിൽ ദുസ്വപ്നം കാണുകയും ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുകയും ചെയ്യുന്ന ടോം ഹാങ്ക്‌സ് കഥാപാത്രത്തെ ഒരിക്കലും മറക്കില്ല.
US ലെ national center for PTSD യുടെ കണക്കുകൾ പ്രകാരം നൂറിൽ 6 പേരെങ്കിലും ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ PTSD യിലൂടെ കടന്നു പോകുന്നു എന്നാണ്. സ്ത്രീകളിൽ PTSD പുരുഷന്മാരേക്കാൾ കൂടുതൽ കാണപ്പെടുന്നു. നേരത്തെ psychiatric disorder ബാക്ക്ഗ്രൗണ്ട് ഉള്ളവരിലും സാമൂഹിക, കുടുംബ സപ്പോർട്ട് കുറവുള്ളവരിലും PTSD സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
PTSD യിലേക്ക് നയിക്കുന്ന സംഭവം നടന്ന് മൂന്ന് മാസങ്ങൾക്കുള്ളിലാണ് സാധാരണ അസുഖലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ഒരു മാസത്തിലേറെ ലക്ഷണങ്ങൾ നീണ്ടുനിൽക്കുമ്പോഴാണ് PTSD യുടെ സാധ്യത പരിഗണിക്കുക. കുറച്ച് പേരെങ്കിലും ഏതാണ്ട് 6 മാസത്തിനുള്ളിൽ അസുഖത്തിൽ നിന്ന് കരകയറാൻ സാധ്യതയുണ്ട്. മൂന്നിലൊന്ന് പേർ ഒരു വർഷത്തിനുള്ളിൽ റിക്കവർ ആകും. ചിലരിൽ പക്ഷേ അസുഖം വർഷങ്ങളോളം നീണ്ടുനിൽക്കാം.
PTSD രോഗികൾക്ക് പഴയ സംഭവങ്ങൾ ഫ്ലാഷ് ബാക്ക് പോലെ ഇടയ്ക്കിടെ മനസ്സിലേക്ക് ഓടിയെത്തും. വേണ്ടെന്നു വിചാരിച്ചാൽ പോലും അറിയാതെ വരുന്നതാണ് ആ ചിന്തകൾ. അതെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രയാസകരമായ ചിന്തകളും മാനസിക സമ്മർദ്ദത്തിന്‍റെ ശാരീരിക ലക്ഷണങ്ങളും കാണപ്പെടും. മാത്രമല്ല ആ സംഭവവുമായി ബന്ധപ്പെടുന്നതും ഓർമ്മകൾ ഉണർത്തുന്നതുമായ എല്ലാ സാഹചര്യവും ഒഴിവാക്കാനുള്ള കഠിന ശ്രമങ്ങളും രോഗിയുടെ ഭാഗത്ത് നിന്നുണ്ടാകും. ഏതെങ്കിലും കാരണവശാൽ അത്തരം സാഹചര്യത്തിൽ അകപ്പെട്ടാൽ കടുത്ത anxietyയോ panic അറ്റാക്കോ ഉടലെടുക്കാം.
ഇടയ്ക്കിടെ ഞെട്ടൽ, എപ്പോഴും ഉത്കണ്ഠാകുലരായിരിക്കുക, ഉറക്കമില്ലായ്മ, ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കുക, എപ്പോഴും irritable അല്ലെങ്കിൽ aggressive മൂഡിലായിരിക്കുക, ചിലപ്പോഴൊക്കെ അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിങ്ങനെ പല ലക്ഷണങ്ങൾ PTSD രോഗികളിൽ കാണാൻ കഴിയും.
അസുഖത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് ഓർമ്മയില്ലായ്മ, എപ്പോഴും negative ചിന്തകൾക്ക് അടിമപ്പെടുക, നേരത്തെ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ നിന്നുപോലും ഉൾവലിഞ്ഞു പോവുക, സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടതായുള്ള തോന്നൽ, സന്തോഷമില്ലായ്മ, കടുത്ത anxiety, depression എന്നിവയും PTSD യുടെ ലക്ഷണങ്ങളിൽ ചിലതാണ്.
രോഗലക്ഷണങ്ങളെ നിസ്സാരവൽക്കരിക്കാതെ കൃത്യമായ ചികിത്സ തേടുകയെന്നത് വളരെ പ്രധാനമാണ്. Psychotherapy യാണ് പ്രധാന ചികിത്സ. Anxiety / depression കൂടുതലായുള്ളവരിൽ മരുന്നുകളും വേണ്ടിവരും. Abusive relationship പോലെയുള്ള ongoing insult അഭിമുഖീകരിക്കുന്നവരിൽ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതും ചികിസയുടെ ഭാഗമാണ്.
Yes. Not all wounds are visible. അത് സ്വയം തിരിച്ചറിയാനും മറ്റുള്ളവരിൽ കണ്ടെത്താനും ആവശ്യമെങ്കിൽ ചികിത്സ തേടാനും സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് ഇത്തരം awareness day യുടെയും പോസ്റ്റുകളുടെയും ഉദ്ദേശ്യം...'
Also Read:- ഇല്ലാത്തത് കാണുക, കേള്‍ക്കുക; അറിയാം സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-