
കൊൽക്കത്ത: വിട്ടുമാറാത്ത ചുമയുമായി ആശുപത്രിയിലെത്തിയ പന്ത്രണ്ടുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പേനയുടെ അടപ്പ് നീക്കം ചെയ്തു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഗാരിയ സ്വദേശിയായ 12 കാരനാണ് കടുത്ത ചുമയും കഫക്കെട്ടും മൂലം കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
പരിശോധനയിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ സാധിക്കാത്തിനെ തുടർന്ന് കുട്ടിയെ ഡോക്ടർമാർ സിടി സ്കാനിങ് വിധേയനാക്കുകയായിരുന്നു. സ്കാനിങ്ങിൽ കുട്ടിയുടെ ശ്വാസകോശത്തിൽ പേനയുടെ അടപ്പ് കുരുങ്ങി കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് വ്യാഴാഴ്ച കുട്ടിയെ ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കി. സിടി സ്‌കാനില്‍ കുട്ടിയുടെ ഇടത് ശ്വാസകോശത്തിലാണ് അടപ്പ് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. അരുണാഭ സെന്‍ഗുപ്ത പറഞ്ഞു. കുട്ടി അപകടനില തരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബറിൽ കുട്ടി പേനയുടെ അടപ്പ് വിഴുങ്ങിയിരുന്നതായി കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. അന്നു മുതലാണ് കുട്ടിക്ക് ശക്തമായ ചുമയും കഫകെട്ടും അനുഭവപ്പെടാൻ തുടങ്ങിയതെന്നും മാതാപിതാക്കൾ പറഞ്ഞു. പേനയുടെ അടപ്പ് കുട്ടി വിഴുങ്ങിയിട്ടുണ്ടാവില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ ഇതിനകം കുട്ടിക്ക് അപകടം സംഭവിച്ചിട്ടുണ്ടാകുമെന്നുമായിരുന്നു അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതെന്നും കുടുംബം ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam