എമര്‍ജൻസി വെളിച്ചത്തില്‍ കുഞ്ഞിന് ഹൃദയശസ്ത്രക്രിയ; വീഡിയോ ചര്‍ച്ചയാകുന്നു...

By Web TeamFirst Published Nov 26, 2022, 1:28 PM IST
Highlights

യുദ്ധവും മഹാമാരിയുമെല്ലാം ലോകത്തിന്‍റെ പല ഭാഗങ്ങളെയും കാര്‍ന്നുതിന്നുമ്പോഴും അവിടങ്ങളില്‍ പോലും ജീവനുകള്‍ സുരക്ഷിതമാക്കാൻ ഇവര്‍ കാണും. യുക്രൈയിനില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വീഡിയോയും ഇതുതന്നെയാണ് തെളിയിക്കുന്നത്. 

ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏത് പ്രതികൂലസാഹചര്യങ്ങളിലും തങ്ങളുടെ കടമ നിര്‍വഹിക്കേണ്ടതായ സാഹചര്യം വരാം. തങ്ങളുടെ കണ്‍മുന്നില്‍ കിടക്കുന്ന രോഗിയുടെ ജീവൻ മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം. ഇതിനായി ഏത് പ്രയാസപ്പെട്ട അവസ്ഥയെയും അഭിമുഖീകരിക്കാൻ തയ്യാറാകുന്നവരാണ് ഈ രംഗത്തേക്ക് സ്വമേധയാ കടന്നുവരില്‍ മഹാഭൂരിപക്ഷം പേരും. 

യുദ്ധവും മഹാമാരിയുമെല്ലാം ലോകത്തിന്‍റെ പല ഭാഗങ്ങളെയും കാര്‍ന്നുതിന്നുമ്പോഴും അവിടങ്ങളില്‍ പോലും ജീവനുകള്‍ സുരക്ഷിതമാക്കാൻ ഇവര്‍ കാണും. യുക്രൈയിനില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വീഡിയോയും ഇതുതന്നെയാണ് തെളിയിക്കുന്നത്. 

റഷ്യൻ മിസൈലാക്രമണത്തില്‍ വൈദ്യുതി പോലും ലഭ്യമാകാത്ത സാഹചര്യത്തില്‍ കീവിലെ ഒരാശുപത്രിയില്‍ ഒരു കുഞ്ഞിന്‍റെ ഹൃദയശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരുടെ സംഘത്തെയാണ് വീഡിയോയില്‍ കാണുന്നത്. സഹായികള്‍ എമര്‍ജൻസി വെളിച്ചം അടിച്ചുകൊടുക്കുകയും ഇതിന്‍റെ വെട്ടത്തില്‍ നിര്‍ണായകമായ ശസ്ത്രക്രിയ നടത്തുകയുമാണ് ഡോക്ടര്‍മാര്‍. ഇവിടെയുള്ള ഒരു ഡോക്ടര്‍ തന്നെയാണ് മനുഷ്യത്വം ചോദ്യം ചെയ്യപ്പെടുന്ന ഈ അവസ്ഥയെ ക്യാമറയില്‍ പകര്‍ത്തി പുറത്തുവിട്ടിരിക്കുന്നത്. 

ഓപ്പറേഷൻ തിയേറ്ററില്‍ രോഗി കിടക്കുന്ന കിടക്കയ്ക്ക് എതിര്‍ദിശയിലായി സാധാരണയായി കാണുന്ന വെളിച്ചമൊന്നും ഇല്ല. അത്യാവശ്യം വേണ്ടുന്ന ഉപകരണങ്ങള്‍ മാത്രം ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതൊഴികെ ഓപ്പറേഷൻ നടക്കുന്ന മുറിയാകെ ഇരുട്ടാണ്. ഇതിനകത്ത് നിന്നാണ് ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. 

'ഇന്ന് ‍ഞങ്ങള്‍ ഹൃദയശസ്ത്രക്രിയ ചെയ്യുന്നത് ഇങ്ങനെയാണ്. രണ്ട് ഹൃദയവാല്‍വ് മാറ്റിവയ്ക്കുന്ന ഓപ്പറേഷനാണ് നടക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇവിടെ പെട്ടെന്ന് മുഴുവൻ ഇരുട്ടിലായി. ഓപ്പറേഷൻ ടേബിളിലുള്ളത് ഒരു കുട്ടിയാണ്. സര്‍ജറി പകുതി ആയപ്പോഴാണ് കറണ്ട് പോയത്. നല്ല കാര്യം. ഏറെ മനുഷ്യത്വമുള്ള ആളുകള്‍ തന്നെ...'- വീഡിയോയില്‍ ഓപ്പറേഷൻ റൂമില്‍ നിന്നുകൊണ്ട് ഡോക്ടര്‍ പറയുന്നു. 

കണ്ടുനില്‍ക്കുന്നവരുടെ മനസാക്ഷിയിലേക്കാണ് ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ വന്നുവീഴുന്നതെന്നും ഇത്തരം കാഴ്ചകള്‍ എങ്ങനെയാണ് സഹിക്കാനാവുകയെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ ചോദിക്കുന്നു. യുദ്ധം നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ എന്നറിഞ്ഞിട്ടും അപരനെ വിജയിക്കാനായി യുദ്ധത്തിലേക്ക് ചാടിയിറങ്ങുന്നവരെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും നിരവധി പേര്‍ വേദനയോടെ കുറിച്ചിരിക്കുന്നു. 

വീഡിയോ കാണാം...

 

Today, during the missile attack by the russians on Ukraine, electricity was cut off at the Heart Institute in Kyiv. At this time, surgeons were performing emergency heart surgery on the child. pic.twitter.com/GqhxpXpYVC

— Iryna Voichuk (@IrynaVoichuk)

 

Also Read:- തലച്ചോറില്‍ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; സാക്സോഫോണ്‍ വായിച്ച് രോഗി...

click me!