മൂക്കില്‍ നിന്നും രക്തം വരുന്നത് പതിവായി; 50കാരന്‍റെ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സൂചി

By Web TeamFirst Published Aug 1, 2021, 3:11 PM IST
Highlights

മൂക്കിലൂടെ സ്ഥിരമായി രക്തം വരാന്‍ തുടങ്ങിയതോടെയാണ് അമ്പതുകാരന്‍ ചികിത്സ തേടിയെത്തിയത്. സിടി സ്കാനിലാണ് മൂക്കില്‍ നിന്ന് തലച്ചോറില്‍ തട്ടുന്ന നിലയില്‍ ഒരു സൂചിയുള്ള കാര്യം ശ്രദ്ധിക്കുന്നത്. 

അന്‍പതുവയസുകാരന്‍റെ മൂക്കില്‍ കുടുങ്ങിയ സൂചി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തലച്ചോറിന് സമീപമെത്തിയ സൂചി നീക്കം ചെയ്തത്. തലയോട്ടിയുടെ ഒരു ഭാഗം തുറന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ മുഴകളോ, ക്യാന്‍സറോ നീക്കം ചെയ്യുന്നതിനായി ചെയ്യുന്ന ക്രാനിയോടോമി എന്ന നടപടിയിലൂടെയായിരുന്നു ഇത്. മൂക്കിലൂടെ സ്ഥിരമായി രക്തം വരാന്‍ തുടങ്ങിയതോടെയാണ് അമ്പതുകാരന്‍ ചികിത്സ തേടിയെത്തിയത്. എന്തെങ്കിലും അപകടം സംഭവിച്ചോയെന്ന് പോലും വ്യക്തമായ ധാരണ നല്‍കാന്‍ സാധിക്കാതെ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇയാളുണ്ടായിരുന്നത്.

സിടി സ്കാനിലാണ് മൂക്കില്‍ നിന്ന് തലച്ചോറില്‍ തട്ടുന്ന നിലയില്‍ ഒരു സൂചിയുള്ള കാര്യം ശ്രദ്ധിക്കുന്നത്. എന്നാല്‍ മൂക്കിനുള്ളില്‍ സൂചി തറച്ചുകയറിയതെങ്ങനെയാണെന്ന് അന്‍പതുകാരനും അറിയാത്ത സ്ഥിതിയായിരുന്നു. നടക്കാനും ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഒന്നും ഇയാള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇതോടെയാണ് തലയോട്ട തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാന്‍  വിദഗ്ധര്‍ തീരുമാനിക്കുന്നത്. സൂചി പുറത്തെടുക്കുമ്പോള്‍ തലച്ചോറിലെ പ്രധാനപ്പെട്ട ഞരമ്പുകള്‍ക്ക് പോറലുകള്‍ അടക്കമുള്ളവ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയായിരുന്നു ഇത്.

ശസ്ത്രക്രിയ്ക്ക് ശേഷം മൂന്നാം ദിവസം ആശുപത്രി വിടാനും അമ്പതുകാരന് സാധിച്ചു. മൂക്കിലെ അണുബാധ നിമിത്തമായിരുന്നു രക്തം വന്നുകൊണ്ടിരുന്നതെന്നും ഡോക്ടര്‍മാര്‍ വിശദമാക്കി. സൂചി എടുത്ത ശേഷം മൂക്കിലുണ്ടായ വളരെ ചെറിയ ദ്വാരം അടച്ചതായും ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!