കടുത്ത തലവേദനയും ഛര്‍ദ്ദിയും; ഒടുവില്‍ തലച്ചോറില്‍ കണ്ടെത്തിയത്...

By Web TeamFirst Published Jan 28, 2020, 1:24 PM IST
Highlights

മൈഗ്രേയ്ന്‍ ആകാം എന്ന നിഗമനത്തിലായിരുന്നു ഇത്രയും വര്‍ഷങ്ങളായി വേദനസംഹാരികള്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാരും ഇതേ സംശയത്തില്‍ തന്നെയായിരുന്നു. എന്നാല്‍ വിശദപരിശോധനയില്‍ സംഗതി മൈഗ്രേയ്ന്‍ അല്ലെന്ന് കണ്ടെത്തി. പിന്നീടാണ് തലച്ചോര്‍ സ്‌കാന്‍ ചെയ്ത് നോക്കുന്നത്

വര്‍ഷങ്ങളായി, ഇടവിട്ട് കടുത്ത തലവേദന അനുഭവിക്കുകയായിരുന്നു ജെറാര്‍ഡോ. ഓരോ തവണ തലവേദന വരുമ്പോഴും എന്തെങ്കിലും മരുന്ന് കഴിച്ച് വേദനയെ അതിജീവിക്കാന്‍ ശ്രമിക്കും. എന്നാല്‍ അടുത്ത കാലത്തായി, അസഹനീയമായ തരത്തില്‍ തലവേദന കൂടിവന്നു. 

തലയ്ക്കുള്ളില്‍ എന്തോ കുത്തിത്തുളഞ്ഞ് കയറുന്നത് പോലുള്ള വേദനയും അതിനൊപ്പം തന്നെ, ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെടും. ജോലി പോലും ചെയ്യാനാകാത്തത് പോലെ തലവേദന പ്രശ്‌നമായിത്തുടങ്ങിയപ്പോഴാണ് ടെക്‌സാസ് സ്വദേശിയായ ജെറാര്‍ഡോ ആശുപത്രിയില്‍ പോകുന്നത്. 

മൈഗ്രേയ്ന്‍ ആകാം എന്ന നിഗമനത്തിലായിരുന്നു ഇത്രയും വര്‍ഷങ്ങളായി വേദനസംഹാരികള്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാരും ഇതേ സംശയത്തില്‍ തന്നെയായിരുന്നു. എന്നാല്‍ വിശദപരിശോധനയില്‍ സംഗതി മൈഗ്രേയ്ന്‍ അല്ലെന്ന് കണ്ടെത്തി. പിന്നീടാണ് തലച്ചോര്‍ സ്‌കാന്‍ ചെയ്ത് നോക്കുന്നത്.

അപ്പോഴാണ് തലയ്ക്കകത്ത് എന്തോ വളര്‍ച്ചയുള്ളതായി ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചത്. ട്യൂമര്‍ ആയിരിക്കുമെന്ന് 90 ശതമാനവും അവര്‍ വിശ്വസിച്ചു. എന്നാല്‍ ആ കണക്കുകൂട്ടലും തെറ്റായിരുന്നു. ഒരിനം പരാദമായ, വിരയായിരുന്നു വില്ലന്‍. ആവശ്യത്തിന് പാകം ചെയ്യാതെ കഴിച്ച മാംസത്തില്‍ നിന്ന് എപ്പോഴോ ശരീരത്തിലെത്തിയ വിരയാകാം ഇത്. 

തീരെ ചെറുതായിരിക്കുമ്പോള്‍ തലയിലെത്തിയതാകാം. പിന്നീട് വര്‍ഷങ്ങളുടെ സമയമെടുത്ത് ഇത് പതിയെ വളര്‍ന്നതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണഗതിയില്‍ ശരീരത്തില്‍ കയറിക്കൂടുന്ന വിരകള്‍ ഇത്രയും വലിപ്പമാകാറില്ലെന്നും ജെറാര്‍ഡോയുടെ കേസ് ഒരപൂര്‍വ്വ സംഭവമാണെന്നും ഇവര്‍ പറയുന്നു. മാത്രമല്ല, തലച്ചോറിനെയാണ് വിര ആവാസകേന്ദ്രമായി തെരഞ്ഞെടുത്തത് എന്നത് കൊണ്ട് തന്നെ, രോഗി മരിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം രക്ഷപ്പെട്ടത് അത്ഭുതമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ശസ്ത്രക്രിയയിലൂടെയാണ് വിരയെ പുറത്തെടുത്തത്. ഇപ്പോള്‍ ജെറാര്‍ഡോയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന.

click me!