കൊവിഡ് ബാധിച്ച് ശരീരത്തിന്റെ നിറം മാറിപ്പോയ ഡോക്ടര്‍; ഒടുവില്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷ...

By Web TeamFirst Published May 12, 2020, 7:14 PM IST
Highlights

ജനുവരി 18നായിരുന്നു അദ്ദേഹത്തേയും സഹപ്രവര്‍ത്തകനും സമപ്രായക്കാരനുമായ ഡോ. ഹു വെയിഫെംഗിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ഇരുവരുടേയും ആരോഗ്യനില വഷളായി. ഇതിനിടെ ഡോ. യീയുടെ ത്വക്കിന്റെ നിറം മാറിവരുന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു

ലോകരാജ്യങ്ങളെ ആകെയും സ്തംഭിപ്പിച്ചുകൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരി വ്യാപനം തുടരുന്നത്. ദിവസങ്ങള്‍ ചെല്ലുംതോറും ഇതിന്റെ ലക്ഷണങ്ങളെ കുറിച്ചും രോഗികളില്‍ കാണപ്പെടുന്ന മാറ്റങ്ങളെ സംബന്ധിച്ചുമെല്ലാം പുതിയ വിവരങ്ങളാണ് ശാസ്ത്രലോകത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ചികിത്സയുടെ കാര്യത്തിലും നാള്‍ക്കുനാള്‍ പരീക്ഷണങ്ങളേറെയാണ് വേണ്ടിവരുന്നതും. 

അത്തരത്തില്‍ നമ്മളെ ഏറെ ഭീതിപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരു ഡോക്ടറുടെ ശരീരത്തിന്റെ നിറം തന്നെ മാറിപ്പോയി എന്നത്. കൊവിഡ് 19 എന്ന വൈറസിന്റെ ഉത്ഭവകേന്ദ്രമായി കരുതപ്പെടുന്ന ചൈനയിലെ വുഹാനില്‍ രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനിടെയാണ് ഡോ. യി ഫാന്‍ എന്ന നാല്‍പത്തിരണ്ടുകാരന് രോഗബാധയേറ്റത്. 

ജനുവരി 18നായിരുന്നു അദ്ദേഹത്തേയും സഹപ്രവര്‍ത്തകനും സമപ്രായക്കാരനുമായ ഡോ. ഹു വെയിഫെംഗിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ഇരുവരുടേയും ആരോഗ്യനില വഷളായി. ഇതിനിടെ ഡോ. യീയുടെ ത്വക്കിന്റെ നിറം മാറിവരുന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. 

വെളുത്തിരുന്ന അദ്ദേഹത്തിന്റെ തൊലി ഇരുണ്ട് വരികയായിരുന്നു ആ ദിവസങ്ങളില്‍. കൊറോണ വൈറസ് ശരീരത്തില്‍ കടന്നുകൂടിയതിന്റെ ഭാഗമായുണ്ടായ ഹോര്‍മോണല്‍ വ്യതിയാനങ്ങളാണ് ഇതിന് പിന്നിലെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ വിലയിരുത്തല്‍. അന്ന് ഈ വാര്‍ത്ത വലിയ തോതില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. 

എന്നാല്‍ ഈ നിറംമാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാറണം പിന്നീട് ഡോക്ടര്‍മാര്‍ തന്നെ കണ്ടെത്തി. ചികിത്സയുടെ ഭാഗമായി ഡോ. യീക്ക് നല്‍കിയ എന്തോ മരുന്നിന്റെ പ്രതിപ്രവര്‍ത്തനമായിരുന്നുവത്രേ ഇത്. ഏതായാലും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ അവിടെ നിന്നുമെത്തുന്നത്. രോഗത്തില്‍ നിന്ന് രക്ഷ നേടി ഡോ. യീ കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ഡിസ്ചാര്‍ജായിരിക്കുന്നു. ത്വക്കിന്റെ നിറം പതിയെ പഴയ നിലയിലേക്ക് മടങ്ങാനും തുടങ്ങിയിട്ടുണ്ട്. 

Also Read:- ഇത് കൊറോണയുടെ പുതിയ ലക്ഷണമോ? പരിഭ്രാന്തി പരത്തി കുട്ടികളുടെ ആരോഗ്യനില!...

'മരുന്നുകള്‍ മൂലം എന്റെ ശരീരം ഹൈപ്പര്‍ പിഗ്മെന്റേഷന്‍ എന്നൊരവസ്ഥയിലൂടെ കടന്നുപോയി, അതുകൊണ്ടാണ് ത്വക്കിന്റെ നിറം മാറിയിരുന്നത്. എന്നാല്‍ ഇപ്പോഴത് പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചെത്തുന്നുണ്ട്. രോഗം എന്നെ അപ്പാടെ കടന്നുപിടിച്ചതും എന്റെ ആരോഗ്യനില വഷളായതും വളരെ പെട്ടെന്നായിരുന്നു. ഏറെ നാള്‍ ഞാന്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ബോധം വന്നപ്പോള്‍ എന്റെ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെട്ടപ്പോള്‍ ഞാനാകെ ഭയന്നുപോയി. തുടര്‍ന്നുള്ള എത്രയോ ദിവസങ്ങളില്‍ പതിവായി പേടിസ്വപ്‌നങ്ങള്‍ പോലും കാണുമായിരുന്നു...'- ഡോ. യീയുടെ വാക്കുകള്‍. 

ഇദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഡോ. ഹൂവിന് ഇതുവരെയും അസുഖം ഭേദമായിട്ടില്ല. വൈകാതെ അദ്ദേഹത്തിനും സുഖപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോ. യീ പറയുന്നു. ശരീരത്തിന് നേരിട്ട അത്യപൂര്‍വ്വമായ തളര്‍ച്ചയില്‍ നിന്നൊന്നും ഇതുവരെ കരകയറാനായിട്ടില്ലെന്നും, നമ്മള്‍ സങ്കല്‍പിക്കുന്നതിനെക്കാളെല്ലാം ഭയാനകമായ അവസ്ഥയാണ് കൊറോണ രോഗം ഒരാളിലുണ്ടാക്കുകയെന്നും ഡോ. യീ സാക്ഷ്യപ്പെടുത്തുന്നു.

Also Read:- പെട്ടെന്ന് ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ 'കൊറോണ'യുടെ ലക്ഷണമോ?...

click me!