ലോകരാജ്യങ്ങളെയാകെയും ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്മ എന്നിങ്ങനെ പല ലക്ഷണങ്ങളും വൈറസ് ബാധയുണ്ടായവരില്‍ കണ്ടേക്കാം. അക്കൂട്ടത്തിലേക്ക് പുതിയൊരു ലക്ഷണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുകയാണ് മറ്റൊരു ശാരീരിക വ്യതിയാനം കൂടി. 

പെട്ടെന്ന് ഗന്ധം പിടിച്ചെടുക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥ നേരിടുന്നുവെങ്കില്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഫ്രാസില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ഗവേഷകര്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളെ സസൂക്ഷ്മം നിരീക്ഷിച്ചതിന്റേയും പഠിച്ചതിന്റേയും അടിസ്ഥാനത്തിലാണ് ഇ്ത്തരമൊരു നിഗമനത്തിലേത്ത് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

'മൂക്കടപ്പ്, തൊണ്ടവേദന, ചുമ ഒക്കെയാണ് നമ്മള്‍ കൊവിഡ് 19ന്റെ പ്രാഥമിക ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ലക്ഷണങ്ങളൊന്നും കാണാത്തവരില്‍ കണ്ടേക്കാവുന്ന മറ്റൊരു ലക്ഷണമാണ് ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ. അതിനാല്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍, നിരീക്ഷണത്തിലുള്ളവര്‍ എല്ലാം ഇക്കാര്യം കൂടി കണക്കിലെടുക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്...'- ഫ്രഞ്ച് ഹെല്‍ത്ത് സര്‍വീസ് മേധാവി ജെറോം സോളമന്‍ പറയുന്നു. 

കൂടുതലായും ചെറുപ്പക്കാരാണ് ഇക്കാര്യം കരുതേണ്ടതെന്നും ഗവേഷകര്‍ എടുത്തുപറയുന്നുണ്ട്. എല്ലായ്‌പ്പോഴും വൈറസ് ബാധയെത്തുടര്‍ന്നുണ്ടാകുന്ന ലക്ഷണങ്ങള്‍ ഒരുപോലെ ആയിരിക്കില്ലെന്നും ഈ വിഷയം സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നുവരികയാണെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.