
പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബലഹീനതയും പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നാണ് വയാഗ്ര (Viagra). അൽഷിമേഴ്‌സ് (alzheimers) രോഗത്തെ ചികിത്സിക്കാൻ വയാഗ്ര ഉപയോഗിക്കാമെന്ന് യുഎസ് പഠനം. യുഎസിലെ ക്ലീവ്‌ലൻഡ് ക്ലിനിക്കിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
അൽഷിമേഴ്‌സ് രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും, നിലവിൽ ഫലപ്രദമായ ചികിത്സയില്ല. അൽഷിമേഴ്‌സ് ചികിത്സിക്കാൻ യുഎസിൽ ഉപയോഗിക്കുന്ന 1600 മരുന്നുകളിൽ കൂടുതൽ ഫലപ്രദം ഏതാണെന്ന് കണ്ടെത്താനാണ് ഗവേഷകർ പഠനം നടത്തിയത്.
വയാഗ്ര ഉപയോഗിക്കുന്നവരിൽ അൽഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യത 69 ശതമാനം കുറവാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഫെയ്ക്‌സിയോങ് ചെങ് പറഞ്ഞു. വയാഗ്ര അഥവാ സിൽദെനാഫിൽ ഉപയോഗവും അൽഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം പഠനത്തിൽ കണ്ടെത്താൻ കഴിഞ്ഞു.
മറ്റു മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ വയാഗ്ര വലിയ മാറ്റമാണുണ്ടാക്കുന്നതെന്നാണ് മനസിലാക്കാനായത്. ഉടൻ തന്നെ രണ്ടാം ഘട്ടം പരീക്ഷണം നടത്തും. അതിൽ സിൽദെനാഫിൽ അൽഷിമേഴ്‌സ് രോഗത്തെ എങ്ങനെ ഇല്ലാതാക്കുമെന്ന കാര്യം പരിശോധിക്കുമെന്നും ഡോ. ചെങ് പറഞ്ഞു.
നേച്ചർ ഏജിംഗ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. സിൽദെനാഫിൽ അൽഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കുമെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പഠനം ആവശ്യമാണെന്ന് എഡിൻബർഗ് സർവ്വകലാശാലയിലെ ഗവേഷകയായ താര സ്‌പൈർസ് ജോൺസ് പറഞ്ഞു.
ഒമിക്രോൺ ബാധിച്ചവരിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ; ഡോക്ടർ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam