കൊവിഡ് 19; രണ്ട് മിനിറ്റുള്ള ആ വ്യാജ ശബ്ദ സന്ദേശം ആരും വിശ്വസിക്കരുതേ...

By Web TeamFirst Published Apr 2, 2020, 1:41 PM IST
Highlights

കൊറോണുമായി ബന്ധപ്പെട്ട് നിരവധി വ്യാജ സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പരക്കുന്നത്. സത്യമറിയാതെ നിരവധി പേരാണ് ഇപ്പോഴും ആ വ്യാജ ശബ്ദ സന്ദേശം ഷെയർ ചെയ്യുന്നത്.

കൊവിഡ് രോഗത്തെക്കാൾ വേഗത്തിൽ രോഗത്തെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. കൊവിഡിനെ നേരിടാൻ നാരങ്ങാവെള്ളം കുടിച്ചാൽ മതിയെന്ന് ഡോക്ടറുടെ പേരിൽ വ്യാജ ശബ്ദസന്ദേശം.കണ്ണൂർ ​ഗവ.മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാ​ഗം മേധാവിയും ഹൃദ്രോ​ഗവിദ​ഗ്ധനുമായ ഡോ.എസ്.എം അഷ്റഫിന്റെ പേരിലാണ് സന്ദേശം പരക്കുന്നത്.

രണ്ട് മിനിറ്റ് 26 സെക്കന്റുള്ള വ്യാജശബ്ദ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ഇതിനെതിരെ ഡോ.അഷ്റഫ് സെെബർ സെല്ലിലും പരിയാരം മെഡിക്കൽ കോളേജ് പൊലീസിലും പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊറോണ വെെറസിനെ തകർക്കാൻ വെെറ്റിൽ സിയാണ് ആവശ്യമെന്നും അത് കൊണ്ട് നാരങ്ങ തോലുസഹിതം വെള്ളത്തിൽ കലർത്തി കുടിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

 സത്യമറിയാതെ നിരവധി പേരാണ് ഇപ്പോഴും ആ വ്യാജ ശബ്ദ സന്ദേശം ഷെയർ ചെയ്യുന്നത്. കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നേരത്തെ ഡോ.അഷ്റഫ് ഏറെ ശാസ്ത്രീയവും, വിജ്ഞാനപ്രദവുമായ ഒരു സന്ദേശം നവമാധ്യമങ്ങളിൽ പങ്ക് വച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജസന്ദേശവും പ്രചരിക്കുന്നത്. സന്ദേശത്തിലെ ശബ്ദം തൻ്റേതല്ലെന്നും ഇതിനെതിരെ നടപടി വേണമെന്നും ഡോ.അഷ്റഫ് പരാതിയിൽ ആവശ്യപ്പെട്ടു.

വ്യാജസന്ദേശങ്ങൾ വരാം, കണ്ണടച്ച് വിശ്വസിക്കരുതേ; ഡോ. അഷ്റഫ് പറയുന്നു

സന്ദേശത്തിലെ ശബ്ദം എന്റേതല്ല. കൊറോണ പടർന്ന് പിടിക്കുന്ന ഈ സമയത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പുറത്ത് വിടുന്നത് വളരെ ​​ഗൗരവകരമായ പ്രശ്നമാണ്. സെെബർ സെൽ ഇതിനെതിരെ കർശന നടപടിയെടുക്കുകയാണ് വേണ്ടത്. നാരങ്ങ മാത്രമല്ല വെളുത്തുള്ളിയും കൊവിഡിനെ തടയാൻ സഹായിക്കുമെന്ന് തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വെെറസിനെക്കാളും വളരെ ​അപകടകരമാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ. ഈ സമയത്ത് ഒറ്റമൂലികൾ ഒരു കാരണവശാലും ഉപയോ​ഗിക്കരുതെന്ന് ഡോ. അഷ്റഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് പറഞ്ഞു. ആരോ​ഗ്യവകുപ്പ് പുറത്ത് വിടുന്നത് മാത്രം വിശ്വസിക്കുക. സാമൂഹിക അകലം പാലിക്കുക, കെെകൾ 20 സെക്കന്റ് നേരം ആൽക്കഹോൾ അടങ്ങിയ സാനിറ്റെെസർ ഉപയോ​ഗിച്ച് കഴുകുക. കൊറോണയെ തടയാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഈ രണ്ട് കാര്യങ്ങളാണെന്നും ഡോ.അഷ്റഫ് പറഞ്ഞു.

 

 

click me!