Rabies : 'മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകുക, റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്'; കുറിപ്പ്

Web Desk   | Asianet News
Published : Mar 22, 2022, 11:37 AM IST
Rabies : 'മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകുക, റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്'; കുറിപ്പ്

Synopsis

പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരു പക്ഷേ അറിവില്ലായ്മയും ജീവഹാനിക്കിടയാക്കുമെന്നത് മറന്ന് പോകരുത്. എത്രയെത്ര ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നാലും പേവിഷബാധ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്.

രണ്ടാം ക്ലാസ് വിദ്യാർഥി പേവിഷബാധയേറ്റ് മരിച്ച വാർത്ത നമ്മൾ എല്ലാവരും കേട്ടതാണ്. മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല. വാക്സിൻ എന്ന മുൻകരുതൽ എടുത്തിരുന്നെങ്കിൽ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. 

പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരു പക്ഷേ അറിവില്ലായ്മയും ജീവഹാനിക്കിടയാക്കുമെന്നത് മറന്ന് പോകരുത്. എത്രയെത്ര ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടന്നാലും പേവിഷബാധ മരണങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്.

ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആർ.എൻ.എ. വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. പേവിഷബാധയേറ്റാൽ ചെയ്യേണ്ടത് ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോ. മനോജ് വെള്ളനാട് പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

പോസ്റ്റിന്റെ പൂർണരൂപം...

മൂന്നുമാസം മുമ്പ് വളർത്തുനായ മാന്തിയതു വഴി പേവിഷബാധയേറ്റ് ഏഴു വയസുകാരൻ മരിച്ച വാർത്തയുടെ ചിത്രം ഇപ്പോൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാർത്തയാണത്. വാക്സിൻ എന്ന മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം. 
ഇവിടിപ്പൊ ആ വീട്ടുകാരെ കുറ്റപ്പെടുത്താനാവില്ല. ആ കുട്ടി പട്ടി മാന്തിയത് ശ്രദ്ധിക്കാത്തതോ, രക്ഷകർത്താക്കളത് അറിയാത്തതോ ആവാം. അറിഞ്ഞാലും കടിച്ചതല്ലല്ലോ, മാന്തിയതല്ലേ, സ്വന്തം വളർത്തുനായ അല്ലെ, എന്നൊക്കെ നിസാരമായി കണ്ടതുമാകാം. മാന്തൽ വഴിയും റാബീസ് വരുമെന്ന് പലരും ചിന്തിക്കില്ലാ, അതുകൊണ്ട് തന്നെ കുത്തിവയ്പ്പെടുക്കണമെന്നും. അറിവില്ലായ്മ തന്നെയാവാം യഥാർത്ഥ വില്ലൻ. എന്തായാലും ഈ വിഷയത്തിൽ എല്ലാവരും ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

മുമ്പും എഴുതിയിട്ടുള്ളതാണ്, പിടിപെട്ടു കഴിഞ്ഞാൽ ദാരുണമായ മരണമുറപ്പുള്ളതും എന്നാൽ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താൽ 100% ഒഴിവാക്കാവുന്നതുമായ പേവിഷബാധയെ പറ്റി. ഡിയർ ഫ്രണ്ട്സ്, പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും കൂടാതെ വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ വില്ലന്മാരാണ്. ഇന്ത്യൻ പൗരന്മാരല്ലാത്ത ചിലതരം വവ്വാലുകളും പേവിഷബാധ പടർത്തുന്ന ജീവികളിൽ പെടും.  ഇവയുടെയൊക്കെ 'കടി' മാത്രമല്ല, മാന്തൽ, മുറിവുള്ളയിടത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും.

ഇവയിലേതെങ്കിലും ഉണ്ടായാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം. 
1. മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും. ഇനി മുറിവില്ലെങ്കിലും ഒന്ന് കഴുകിയേരെ.. Be safe
2. എന്നിട്ട് നേരെ അടുത്തുള്ള ആശൂത്രീ പോവുക. ഡോക്ടറെ കാണുക. നിർദ്ദേശപ്രകാരം TT വേണമെങ്കിലതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് '0' ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്. 
3. ചിലപ്പോൾ ഈ കുത്തി വയ്പ്പിന് പുറമെ ഇമ്യൂണോ ഗ്ലോബുലിൻ ഇഞ്ചക്ഷൻ കൂടി വന്നേക്കാം. മുറിവേത് കാറ്റഗറിയിൽ പെടുന്നുവെന്നും ഏതു മൃഗമാണ് കാരണക്കാരനെന്നും നോക്കിയിട്ടാണ് ഡോക്ടർ ഇമ്മ്യൂണോഗ്ലോബുലിൻ വേണോ, വേണ്ടേ, എന്ന് തീരുമാനിക്കുന്നത്.
4. പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.
5. 0, 3, 7, 28 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.
6. കടിച്ച പട്ടിയെ/ മാന്തിയ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പിൽ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ഇഹലോകവാസം വെടിഞ്ഞോളും. എന്നു കരുതി പട്ടിണിക്കിട്ട് കൊല്ലരുത്.
7. 10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ അവനെ / അവളെ വീണ്ടും സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാലും നിങ്ങൾ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം. അവനെയും കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അതും മസ്റ്റാണ്.
8. ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം.
9. തെരുവ് നായയൊക്കെ ആണ് വില്ലനെങ്കിൽ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും ഓടിപ്പോയി എടുക്കണം.
10. എല്ലാ മൃഗങ്ങളുടെയും കടി/മാന്തൽ റാബീസ് പരത്തില്ല.. ചുണ്ടെലി, മുയൽ, അണ്ണാൻ, ഇന്ത്യൻ വവ്വാൽ എന്നിവയ്ക്ക് അതിന് കഴിയില്ല. സോ, എലിയെ പേടിക്കേണ്ടതില്ല, പക്ഷെ പൂച്ചയെ പേടിക്കണം.  ( പക്ഷെ പെരുച്ചാഴി കടിച്ചാലും വരാം.)
നിങ്ങൾക്കറിയാമോ, പേവിഷബാധ, പട്ടികടിയേറ്റ് 20 വർഷങ്ങൾക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. ഹൊറിബിൾ!
അതുകൊണ്ട്, ഈ ചരിത്രമൊക്കെ അറിഞ്ഞിരിക്കുകയും കൃത്യ സമയത്ത് കുത്തി വയ്പ്പെടുക്കുകയും ഒക്കെ ചെയ്താൽ, ഒരു പട്ടിയേം പേടിക്കാതെ ജീവിക്കാം. 
മരിച്ചുപോയ കുഞ്ഞിന് ആദരാഞ്ജലി. 
മനോജ് വെള്ളനാട്
 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം