കൊവിഡ് 19; ഗർഭിണികളിലും വാക്സിൻ പരീക്ഷണം വേണോ? ഡോ. സുല്‍ഫി നൂഹു പറയുന്നു...

By Web TeamFirst Published Aug 13, 2020, 3:00 PM IST
Highlights

ഗർഭിണികളെ കൊവിഡ് ബാധിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് ഐഎംഎയുടെ വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു.

കൊവിഡ് 19 പടര്‍ന്നു പിടിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട വിഭാഗങ്ങളിലൊന്നാണ് ഗര്‍ഭിണികള്‍. ഗര്‍ഭിണികള്‍ക്ക് കൊറോണ ബാധിക്കാതെ പരമാവധി ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യസംഘടനതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 

ഇപ്പോഴിതാ  ഗർഭിണികളെ കൊവിഡ് ബാധിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് ഐഎംഎയുടെ വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു.

പോസ്റ്റ് വായിക്കാം...

ഗർഭിണികൾക്കും വാക്സിൻ? വേണം ,തീർച്ചയായും. കൊവിഡ് 19 വാക്സിൻ പഠനങ്ങളിൽ അവരെ തീർച്ചയായും ഉൾപ്പെടുത്തണം. അതിനുളള  ശക്തമായ ശ്രമത്തിലാണ് ശാസ്ത്രലോകം. ഈ വിഷയത്തെക്കുറിച്ച് ഗഹനമായ ചർച്ചകളാണ് ശാസ്ത്രലോകം ചെയ്യുന്നത്.

ഡിസംബർ 31 വുഹാനിൽ ആദ്യ വൈറസ് രോഗം ലോകാരോഗ്യ സംഘടനയിലെക്ക്  റിപ്പോർട്ട്  ചെയ്തതു മുതലും മാർച്ച് 11ന് ലോകാരോഗ്യസംഘടന  പാൻഡെമിക് ഡിക്ലയർ ചെയ്തത് മുതലും  ഗർഭിണികളിൽ കൊവിഡ് 19 പ്രത്യാഘാതങ്ങൾ ചർച്ചാവിഷയമാണ്. 

തൊട്ടുമുമ്പുണ്ടായ കൊറോണ വൈറസ് അണുബാധകൾ, സാർസ്, മെർസ് എന്നിവ  ഗർഭിണികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. എച്ച് വൺ എൻ വൺ ഏതാണ്ട് അതേ  സ്ഥിതിവിശേഷം ഉണ്ടാക്കിയിരുന്നു. എച്ച് വൺ എൻ വൺ അണുബാധമൂലം മരിച്ചവരിൽ ഏതാണ്ട് അഞ്ച് ശതമാനത്തോളം ഗർഭിണികൾ ആയിരുന്നു അമേരിക്കയിൽ. അവിടെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ഗർഭിണികൾ  എന്നുള്ളത് പ്രസക്തമാണ്.
 
ഈ മേഖലയിൽ നൂറുകണക്കിന് പഠനങ്ങളാണ്  പുറത്തുവരുന്നത്. എങ്കിലും ഇനിയും ആഴമുള്ള പഠനങ്ങളുടെ അഭാവം നിലവിലുണ്ട് എന്നുള്ളതാണ് വസ്തുത.ലഭ്യമായ പഠനങ്ങൾ കാണിക്കുന്നത്, ഗർഭിണികളിൽ കൊവിഡ്19 വരുമ്പോൾ 22% ആൾക്കാരിൽ മാസം തികയാതെയുള്ള പ്രസവം നടക്കുന്നു . ഇവരിൽ 48 ശതമാനം പേരും സിസേറിയന്  വിധേയമാകേണ്ടി വരുന്നു. ഗർഭിണികളിലെ ഏഴ് ശതമാനം പേർക്കാണ് ഐ സി യു അഡ്മിഷൻ ആവശ്യമായി വരുന്നത്. രോഗലക്ഷണം ഇല്ലാത്തവർ അല്ലെങ്കിൽ  പരിശോധിക്കപ്പെടാത്തവർ ഏതാണ്ട് 40 ശതമാനത്തോളം വരും പൊതുസമൂഹത്തിൽ, എന്നുള്ള കണക്കുകൾ കൂടി എടുത്താൽ ഈ  സംഖ്യയുടെ ഗൗരവം കൂടുതൽ വ്യക്തമാവും. 

സിക വൈറസ്, എച്ച് ഒൻ എൻ ഒൻ പാഠങ്ങളിൽ നിന്ന് നാം കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ഗർഭിണികൾക്ക് സാധാരണ കൊവിഡ്19 രോഗികൾക്ക് നൽകുന്ന മരുന്നുകൾ നൽകുവാൻ കഴിയില്ല എന്നുള്ളത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

ഗർഭിണികളായ സ്ത്രീകളിൽ   ഇമ്മ്യൂണോളജി പ്രതിപ്രവർത്തനങ്ങൾ വ്യത്യസ്തമാണെന്നിരിക്കിലും അവരെയും വാക്സിൻ ട്രെയലിൽ അടിയന്തരമായി ഉൾപ്പെടുത്തേണ്ടതാണെന്നു ശാസ്ത്രലോകം വിലയിരുത്തുന്നു.

ഗർഭിണികളിലും ഗർഭസ്ഥശിശുവിനും നവജാത ശിശുവിനും വാക്സിന്റെ   ഉപയോഗവും ഗുണങ്ങളും  പാർശ്വഫലങ്ങളും കണ്ടെത്തുവാൻ നിർബന്ധമായും ഇത് കൂടിയേ തീരൂ.

വാക്സിൻ കണ്ടെത്തലിനെ കുറിച്ച് തിടുക്കം കൂട്ടി റഷ്യ നടത്തിയ  പ്രഖ്യാപനം മറ്റ് രാജ്യങ്ങളിളേയും  ആ വഴിക്ക് ചിന്തിപ്പിക്കും. നമുക്ക് വേണ്ടത് ഉപയോഗപ്രദമായ ഫല പ്രാപ്തിയുള്ള ദൂഷ്യവശങ്ങൾ കുറഞ്ഞ വില കുറഞ്ഞ എല്ലാ വിഭാഗങ്ങളിലും പ്രത്യേകിച്ച് ഗർഭിണികളിലും നൽകാൻ കഴിയുന്ന വാക്സിൻ.

Also Read: കൊവിഡ് 19 ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുമോ? പുതിയ പഠനം...

click me!