കൊവിഡ് 19; കേരളത്തിനും പഠനങ്ങൾ വേണ്ടേ ? ഡോക്ടര്‍ പറയുന്നു...

By Web TeamFirst Published Apr 16, 2020, 12:24 PM IST
Highlights
കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ഇന്ന് ശാസ്ത്രലോകത്ത് നടക്കുന്നത്. എന്നാല്‍ കേരളം  ആശ്രയിക്കുന്നത് വിദേശരാജ്യങ്ങളിലെ പഠനങ്ങളെയാണ് എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്. 
കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ഇന്ന് ശാസ്ത്രലോകത്ത് നടക്കുന്നത്. എന്നാല്‍ കേരളം  ആശ്രയിക്കുന്നത് വിദേശരാജ്യങ്ങളിലെ പഠനങ്ങളെയാണ് എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്.  കൊവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിലും പഠനങ്ങള്‍ നടത്തണമെന്നും ഡോ. സുല്‍ഫി തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചു. 

കുറിപ്പ് വായിക്കാം...

കേരളത്തിനും കൊവിഡ് 19 പഠനങ്ങൾ വേണം. കേരളം ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്. കൊവിഡ് നിയന്ത്രണ പദ്ധതികളിൽ വലിയ മുന്നേറ്റം തന്നെയാണ് കേരളം ഇതുവരെ നടത്തിയിട്ടുള്ളത്. എന്നാൽ പഠനങ്ങളുടെ കാര്യത്തിൽ കേരളം ഇപ്പോഴും വളരെ പുറകിൽ തന്നെയാണ്.

ചൈനയും സ്പെയിനും ഇറ്റലിയും സിംഗപ്പൂരും ബ്രസീലും ജർമനിയും അമേരിക്കയുമൊക്കെ തന്നെ നാലോ അഞ്ചോ കേസുകൾ ആയതു മുതൽ പഠനങ്ങളുടെ നീണ്ട പരമ്പര ആരംഭിച്ചിരുന്നു. അതിന്‍റെ ഗുണങ്ങൾ തീർച്ചയായും അവർക്ക്മാത്രമല്ല ലോകത്തിനാകെ തന്നെ ഉണ്ടാവുകയും ചെയ്തു. അത്തരം പഠനങ്ങൾ ചികിത്സയിലും പ്രതിരോധത്തിലും ഇനി സ്വീകരിക്കേണ്ട നടപടികളിലും വഴികാട്ടിയായി.

എന്നാൽ കേരളമോ ? കേരളത്തിലെ ഡോക്ടർമാരും ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും തന്നെ ആശ്രയിക്കുന്നത് വിദേശരാജ്യങ്ങളിലെ പഠനങ്ങളാണ്. അതും ഓരോ ദിവസവും നൂറുകണക്കിന് പഠനങ്ങളാണ് പുറത്തുവരുന്നത്. ആ സാഹചര്യത്തിൽ കേരളത്തിലെ മുന്നൂറിലേറെ കേസുകളെക്കുറിച്ച് പഠനങ്ങൾ നമുക്ക് തുടങ്ങാനായില്ല എന്നുള്ളത് തിരുത്തപ്പെടേണ്ടതാണ്.

പഠനങ്ങൾ കൂടുതൽ സംവിധാനങ്ങളും കേന്ദ്രങ്ങളും നടത്തുന്നത് ഉചിതമാകാനെ വഴിയുള്ളൂ. ഈ അസാധാരണ സന്ദർഭത്തിൽ അസാധാരണ നടപടികൾ തന്നെ ഉണ്ടാകണം. രോഗവ്യാപനത്തിന്‍റെ സർവ്വവിധ വിവരങ്ങളും പഠനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമാക്കി കൊണ്ട് കേരളം ലോകത്തിന്‍റെ നെറുകയിൽ തന്നെ നിൽക്കണം.

വാർത്താചാനലുകളിൽ മാത്രം കേരള മോഡൽ പ്രകീർത്തിക്കപ്പെട്ടാൽ പോരാ. കേരളം മാതൃക അന്താരാഷ്ട്രതലത്തിൽ വൈദ്യശാസ്ത്ര സമൂഹത്തിനിടയിൽ ചർച്ച ചെയ്യപ്പെടണമെങ്കിൽ കേരളത്തിലെ പഠനങ്ങൾ അന്താരാഷ്ട്ര വൈദ്യ ശാസ്ത്ര സമൂഹം ചർച്ച ചെയ്യുകയും അവ വിലയിരുത്തുകയും അതിലെ നല്ല വശങ്ങൾ സ്വീകരിക്കപ്പെടുകയും വേണം

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഉള്ള സംഗതികളിൽ ഒന്നാണ് ഡേറ്റാ. അതായത് ആരോഗ്യ സംബന്ധമായ കണക്ക് വിവരങ്ങൾ. അവ കേരളത്തിനകത്ത് ലഭ്യമാക്കുക എന്നുള്ളത് പ്രാധാന്യം തന്നെയാണ്. അത്തരം പഠനങ്ങൾ മനുഷ്യരാശിക്ക് ഗുണം മാത്രമേ നൽകുകയുള്ളൂ. 
 വൈദ്യ ശാസ്ത്ര സമൂഹം ഒന്നു മാത്രം ആഗ്രഹിക്കുന്നുള്ളു. ഇവിടെ പഠനങ്ങൾ ഉണ്ടാകണം. ഒരു സംശയവും വേണ്ട . കേരളത്തിന്‍റെ പഠനങ്ങൾ ലോകം മുഴുവൻ അറിയപ്പെടുകയും വേണം.  

 
click me!