
ധാരാളം പേര്‍ നിത്യേന നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് ഗ്യാസ്ട്രബിളും അതിന്‍റെ അനുബന്ധ പ്രശ്നങ്ങളും. ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലെ പല പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് നേരിടാം.
മിക്കപ്പോഴും ഇങ്ങനെയുള്ള വിഷമതകളെ മറികടക്കാൻ നാം വീട്ടില്‍ തന്നെ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്തുനോക്കാറാണ് പതിവ്, അല്ലേ? അത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയാണെങ്കില്‍ ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാൻ ചെയ്തുനോക്കാവുന്നൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്.
നാം വീട്ടില്‍ തന്നെ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന സ്പൈസസും ഹെര്‍ബ്സുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്നൊരു പാനീയമാണിത്. ഇഞ്ചി, പുതിനയില, പെരുഞ്ചീരകം എന്നിവയാണിത് തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്.
വളരെ ലളിതമായി തന്നെ ഈ പാനീയം തയ്യാറാക്കാവുന്നതേയുള്ളൂ. ഇഞ്ചി, നമുക്കറിയാം പരമ്പരാഗതമായി ഒരു ഔഷധം എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ (ദഹനപ്രശ്നങ്ങള്‍) പരിഹരിക്കുന്നതിനെല്ലാം ഇഞ്ചി വ്യാപകമായി ഉപയോഗിക്കാറുണ്ട്.
പുതിനയിലയാണെങ്കില്‍ വിവിധ തരം അണുബാധകളെയെല്ലാം ചെറുക്കുന്നതിന് സഹായകമാണ്. വയറിന് ഗുണകരമായി വരുംവിധത്തിലാണ് പുതിനയില പല അണുബാധകളെയും ചെറുക്കാറ്. അസിഡിറ്റി, ഗ്യാസ് എന്നിവയില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കാൻ പുതിനയില വളരെ നല്ലതാണ്.
പെരുഞ്ചീരകവും ഇതുപോലെ തന്നെ ഉദരസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കാറുള്ള ഒന്നാണ്. പെരുഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്ന 'തൈമോള്‍' എന്ന ഘടകം ദഹനത്തെ സുഗമമാക്കുന്നു. ഓക്കാനം, മലബന്ധം പോലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാനും പെരുഞ്ചീരകം ഏറെ നല്ലതാണ്.
ഇഞ്ചിയും, പുതിനയിലയും, പെരുഞ്ചീരകവും ചേര്‍ത്ത് എങ്ങനെയാണ് ഗ്യാസ്- അനുബന്ധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പാനീയം തയ്യാറാക്കുന്നത് എന്നും നോക്കാം.
ആദ്യം ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഗ്രേറ്റ് ചെയ്ത ഇഞ്ചി ചേര്‍ക്കുക, ശേഷം അഞ്ചോ ആറോ പുതിനയിലയും ചേര്‍ക്കണം. ഇതിന് പിന്നാലെ ഒരു ടീസ്പൂണ്‍ പെരുഞ്ചീരകവും ചേര്‍ക്കാം. ഇനിയിത് നന്നായി തിളച്ച ശേഷം തീ കെടുത്തി ആറാൻ വയ്ക്കാം. മുഴുവനായി ചൂടാറും മുമ്പ് തന്നെ അരിച്ചെടുത്ത് ഇത് കുടിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം ചെറുനാരങ്ങാ നീരും ബ്ലാക്ക് സാള്‍ട്ടും കൂടി ചേര്‍ക്കാവുന്നതാണ്.
Also Read:- രാവിലെ ഉറക്കമുണര്‍ന്നയുടൻ കാപ്പി കഴിക്കുന്നത് ദോഷമോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam